Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ കണ്ടെത്തി; നാസികൾ കടത്തിയ കോടികളുടെ സ്വർണനിധി ; ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത്...!

Gold

രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികൾ പിടിച്ചെടുത്ത സ്വർണവും മറ്റ് അമൂല്യവസ്തുക്കളും ഭൂമിക്കടിയിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന വാദം വർഷങ്ങളായി കേള്‍ക്കുന്നു. ലോകമെമ്പാടുമുള്ള നിധിവേട്ടക്കാരുടെ ഇഷ്ടവിഷയവുമാണിത്. ഏറ്റവും ഒടുവിലായി വന്ന വാർത്ത, പശ്ചിമ പോളണ്ടിലെ വാൽബ്രിഷ് നഗരത്തിൽ ഒരു ട്രെയിൻ നിറയെ സ്വർണം നിറച്ച് തുരങ്കത്തിലാക്കി കുഴിച്ചിട്ടിരിക്കുന്നു എന്നതായിരുന്നു. ആ നാസി ട്രെയിനിൽ ഏകദേശം 300 ടണ്‍ സ്വര്‍ണവും രത്നങ്ങളും പുരാതന ഉപകരണങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടിനെത്തുടർന്ന് പോളണ്ട് സർക്കാർ തന്നെ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. ട്രെയിനിരിക്കുന്നതെന്നു കരുതുന്ന തുരങ്കം കണ്ടെത്തി അടയാളപ്പെടുത്തിയതായും അവകാശവാദമുണ്ട്. ഇത്തരത്തിൽ നാസികളുടെ നിധിക്കു വേണ്ടി എല്ലാവരും ഭൂമിക്കടിയില്‍ അന്വേഷിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി അത് കടലിന്നടിയിൽ നിന്നു ലഭിക്കുന്നത്.

16.3 കോടി ഡോളർ (1000 കോടിയിലേറെ രൂപ) മതിപ്പുവില വരുന്ന സ്വർണക്കട്ടികളും മറ്റുമാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് നിധിവേട്ടക്കാർ കണ്ടെത്തിയത്. മുങ്ങിപ്പോയ, നാസികളുടെ ചരക്കു കപ്പൽ എസ്എസ് മൈൻഡെന്റെ മെയിൽ റൂമിൽ നിന്നായിരുന്നു പെട്ടി ലഭിച്ചത്. ഐസ്‌ലൻഡ് തീരത്തു നിന്ന് ഏകദേശം 190 കിലോമീറ്റർ തെക്കുകിഴക്കു മാറി 1939 സെപ്റ്റംബറിലാണ് ഈ കപ്പൽ മുങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തെക്കേ അമേരിക്കൻ ബാങ്കുകളിൽ നിന്നുള്ള സ്വർണം നാസി ജർമനിയിലേക്കെത്തിക്കാൻ ഉപയോഗിച്ചിരുന്നത് ഈ കപ്പലാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പക്ഷേ യാത്രയ്ക്കിടെ ഐസ്‌ലൻഡിനു സമീപത്തു വച്ച് ബ്രിട്ടിഷ് നേവി വളഞ്ഞു. ഉന്നതങ്ങളിൽ നിന്ന് നിർദേശം ലഭിച്ചതോടെ കപ്പൽ നാസികൾ തന്നെ മുക്കിക്കളയുകയായിരുന്നുവെന്നും പറയപ്പെടുന്നു.

The SS Minden

എന്നാൽ സ്വർണമുണ്ടെന്നത് വെറും ഊഹോപാഹം മാത്രമാണെന്നു പറഞ്ഞ് ബ്രിട്ടിഷുകാർ ഉൾപ്പെടെ എസ്എസ് മൈൻഡെനെ തള്ളിക്കളഞ്ഞു. അതിനിടെയാണ് നാസി നിധികളുടെ വാർത്തകളെത്തുന്നത്. അങ്ങനെ യുകെ ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് മറൈൻ സർവീസസ്(എഎംഎസ്) എന്ന ഡൈവിങ് കൂട്ടായ്മയിലെ അംഗങ്ങൾ നടത്തിയ തിരിച്ചിലിലാണ് നിധിയടങ്ങിയ പെട്ടി കണ്ടെത്തിയത്. ഏകദേശം നാലു ടണ്ണോളം സ്വർണം ഇതിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ കഴിഞ്ഞ 78 വർഷം ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന നിധി കണ്ടെത്തിക്കഴിഞ്ഞപ്പോൾ ഐസ്‌ലൻഡ് സർക്കാർ തന്നെ അവകാശവാദവുമായി എത്തിയിട്ടുണ്ട്. അതിനാൽത്തന്നെ നിധിയടങ്ങിയ പെട്ടിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിധി വേട്ടയ്ക്ക് സഹായം നൽകിയ സീബെഡ് കൺസ്ട്രക്റ്റർ എന്ന കപ്പലിനെ നേരത്തേത്തന്നെ സർക്കാർ നോട്ടമിട്ടിരുന്നു. തീരത്തു നിന്ന് മാറി അതീവ രഹസ്യമായിട്ടായിരുന്നു കടലിന്നിടിയിലെ അന്വേഷണം. രഹസ്യസ്വഭാവമുള്ള എന്തൊക്കെയോ നീക്കങ്ങള്‍ നടക്കുന്നതറിഞ്ഞ് സീബെഡ് കൺസ്ട്രക്റ്ററിനോട് തിരികെ വരാനും സർക്കാർ ആവശ്യപ്പെട്ടതാണ്. അതിനിടെയാണ് നിധി വാർത്ത പുറത്തെത്തുന്നത്. പെട്ടി പൂർണമായും തുറന്ന് സ്വർണത്തിന്റെ യഥാർഥ മൂല്യം കണ്ടെത്താൻ അനുമതി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ എഎംഎസ്.

The Nazi Gold Train

നാസികളുടെ ഭൂഗർഭ ട്രെയിനുകളിൽ ഏകദേശം 300 ടണ്ണോളം സ്വർണവും കൂടാതെ ആയുധങ്ങളും ആഭരണങ്ങളും മറ്റ് വിലപിടിച്ച കൗതുകവസ്തുക്കളുമെല്ലാം ഉണ്ടെന്നാണ് പ്രചരിക്കപ്പെടുന്ന അഭ്യൂഹങ്ങൾ. റഷ്യ, ജർമനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് കൂടാതെ ബാൾടിക് കടലിന്റെ അടിത്തട്ടിൽ വരെ നാസികളുടെ നിധിയുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെയാണ് സ്വർണപ്പെട്ടിയെക്കുറിച്ചുള്ള വാർത്ത ഐസ്‌ലന്‍ഡിൽ നിന്നെത്തുന്നത്. ഇതാകട്ടെ ഇനി നാസി നിധി തേടുന്നവർക്ക് കൂടുതൽ ആവേശവും പകരുകയാണ്!