Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി ചതിച്ചെങ്കിലും കർഷകനെ മണ്ണു ചതിച്ചില്ല; കുഴിച്ചെടുത്തത് 25–30 ലക്ഷം വില വരുന്ന കോഹിനൂർ രത്നം!

Diamond

കൃഷി നശിച്ച് പട്ടിണിയിലായ കർഷകനെ ഭാഗ്യം തേടിയെത്തിയത് കോഹിനൂർ രത്നത്തിന്റെ രൂപത്തിൽ. മധ്യപ്രദേശിലെ ബുണ്ടേൽഖണ്ഢിലുള്ള സുരേഷ് യാദവ് എന്ന 40കാരനാണ് ആ ഭാഗ്യശാലി. കൃഷിയിടത്തിലെ വിളകളെല്ലാം നശിച്ച് വിഷമിച്ചപ്പോഴും ഈ കർഷകന് തന്നെ മണ്ണു ചതിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു.സർക്കാരിന്റെ പാട്ടഭൂമിയിൽ നടത്തിയ ഭാഗ്യപരീക്ഷണമാണ് കർഷകനെ ലക്ഷപ്രഭുവാക്കിയത്.

പന്നാ ജില്ലയിലെ പാടി കൃഷൻ കല്യാൺപുരയിലാണ് സർക്കാരിന്റെ ഖനി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  ഈ ഭൂമി. ഇത് സുരേഷ് യാദവ് പാട്ടത്തിനെടുത്തതാണ്. എല്ലാ വർഷവും കനത്ത മഴയിലും വെള്ളപ്പൊക്കത്തിൽ സ്വന്തം കൃഷിഭൂമിയിലെ വിളകൾ നശിച്ചു പോവുകയാണ് പതിവ്. ആ സമയങ്ങളിൽ ഭാഗ്യം പരീക്ഷിക്കാനാണ് വൻ തോതിൽ വജ്ര നിക്ഷേപമുണ്ടെന്നു കരുതപ്പെടുന്ന ഈ ഭൂമി പാട്ടത്തിനെടുത്തത്. മഴക്കാലത്ത് കുഴിയെടുക്കാൻ എളുപ്പമായിരുന്നു. ഏകദേശം 15 അടിയോളം കുഴിയെടുത്തപ്പോഴാണ് വജ്രത്തിളക്കം സുരേഷിന്റെ കണ്ണിൽ പെട്ടത്.

Diamond

ഏകദേശം 5.8 കാരറ്റ് തൂക്കം വരുന്നതാണ് സംസ്ക്കരിക്കാത്ത ഈ വജ്രക്കല്ല്. വിപണിയിൽ 25–30 ലക്ഷമാണ് ഇതിന്റെ മതിപ്പുവില. ആന്ധ്രാപ്രദേശിലെ ഗോൽക്കോണ്ടയിൽ നിന്നും ലഭിച്ച പ്രശസ്തമായ കോഹിനൂർ രത്നത്തിന്റെ തിളക്കം ഇതിനുമുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തി. ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതും അമൂല്യമായതും  ഇപ്പോൾ ബ്രിട്ടനിലെ ടവർ ഓഫ് ലണ്ടനിൽ സൂക്ഷിച്ചിരിക്കുന്നതുമായ കോഹിനൂർ രത്നം 105 കാരറ്റാണ്. സുരേഷ് കണ്ടെത്തിയ വജ്രം ഉയർന്ന നിലവാരത്തിലുള്ളതാണെന്ന് വിദഗ്ദ്ധർ വിലയിരുത്തി. സർക്കാർ നിയമമനുസരിച്ച് ഇത് ലേലം ചെയ്യാനാണ് തീരുമാനമെന്ന് ജില്ലയിലെ ഖനന വിഭാഗം മേധാവി സന്തോഷ് സിങ് പറഞ്ഞു.

പന്ന ജില്ലയിലെ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഖനന മേഖലയിൽ നിന്നും 40 കിലോമീറ്റർ  അകലെയായാണ് ഈ രത്നം കണ്ടെടുത്തത്.  മുൻപും ഈ മേഖലയിൽ വജ്ര നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.. കഴിഞ്ഞ വർഷം ഗ്രാമവാസിയായ ആനന്ദ് സിംഗ് യാദവ് എംപി സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് 12.93 കാരറ്റ്  തൂക്കമുള്ള വജ്രം കണ്ടെത്തിയിരുന്നു. കൃഷി ചതിച്ചെങ്കിലും ഈ കർഷകനെയും കുടുംബത്തെയും മണ്ണു ചതിച്ചില്ല .അതിന്രെ സന്തോഷത്തിലാണ് സുരേഷ് യാദവും കുടുംബവും.