Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ പിജി പാസാകാൻ പഠിച്ചാൽ മാത്രം പോര, മരവും നട്ടു വളർത്തണം

Bengaluru Trees

കന്നഡിഗ സംസ്കാരത്തിന്റെ ഭാഗമാണ് പ്രകൃതി സംരക്ഷണം. മഹാനഗര പദവിയിലേക്കുള്ള ബെംഗളുരുവിന്റെ വളർച്ചയിൽപ്പോലും സാധ്യമാകുന്നിടത്തെല്ലാം മരങ്ങളും പച്ചപ്പും നിലനിർത്താൻ ആവുന്നത്ര ശ്രമിക്കുന്നു. ഉദ്യാനനഗരി എന്ന പേര് ഇവർക്ക് വെറുതെയങ്ങ് വീണുകിട്ടിയതല്ലെന്നു സാരം. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം ബെംഗളുരു യൂണിവേഴ്സിറ്റിയിൽ നിന്നാണ്. പിജിക്കു ചേരുന്നവരെല്ലാം ജ്ഞാനഭാരതിയിലെ വിശാലമായ ക്യാംപസിൽ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നാണ് സർവകലാശാലയുടെ നിർദേശം. തൈ വച്ചാൽ മാത്രം പോരാ, അത് വളരുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും വേണം..എങ്കിലേ പഠനം കഴിഞ്ഞ് സർട്ടിഫിക്കറ്റും വാങ്ങി പോകാനാകൂ. തുമക്കൂരുവിലെ ശ്രീ സിദ്ധാർഥ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾത്തന്നെയുണ്ട് ഇതുപോലൊരു ആചാരം. അവിടെ കോഴ്സ് കഴിയുമ്പോഴാണ് തൈ നടേണ്ടത്. ബിരുദദാന ചടങ്ങിനൊപ്പം തൈ നടുന്നതിന്റെ ചിത്രമുള്ള സർട്ടിഫിക്കറ്റും കിട്ടും. 

Cubbon park

 മെട്രോയോ നാലുവരി റോ‍ഡോ എന്തുമാകട്ടെ, മരങ്ങളെ പരിഗണിച്ചു മതി വികസനമെന്ന് ഇവിടുത്തെ ജനങ്ങളുടെ പൊതുവികാരമാണ്. അടുത്തിടെ  ജയ്മഹൽ റോഡ് വികസിപ്പിക്കാനായി കുറേ മരങ്ങൾ വെട്ടാൻ നഗരസഭ ശ്രമിച്ചു. ജനമിളകി ആകെ കോലാഹലമായി. റോഡിനു നടുവിൽ നിരയായി മീഡിയനെന്നപോലെ നിൽക്കുന്ന ഭംഗിയുള്ള കുറേ മാവുകളുണ്ടിവിടെ. ഈ മാവുകളെ സംരക്ഷിക്കാനായി പണ്ട് റോഡ് വെട്ടിയതുപോലും രണ്ടു വശത്തുമായിട്ടാണ്. വൻ യന്ത്രസഹായത്തോടെ മരം വേരോടെ പിഴുത് മാറ്റി സ്ഥാപിക്കാനായി പിന്നെ ശ്രമം. ബെംഗളുരുവിൽ പലയിടത്തും വൻമരങ്ങളെ ഇങ്ങനെ പിഴുതുമാറ്റി നട്ടിട്ടുണ്ട്. സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന ഹെബ്ബാൾ സ്റ്റീൽ ഫ്ലൈഓവർ, മരങ്ങൾ നഷ്ടമാകുമെന്ന കാരണത്താൽ സമരം ചെയ്ത് നാട്ടുകാർ വേണ്ടെന്നു വെച്ചിട്ടും അധികനാളുകളായിട്ടില്ല.

Bengaluru Trees

മെട്രോ രണ്ടാംഘട്ടം നടപ്പാക്കണമെങ്കിൽ 250 മരങ്ങൾ മാറ്റി നടാൻ ഇപ്പോൾ ബെംഗളുരു മെട്രോ റെയിൽ കോർപറേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ് നഗരസഭ. വൻ ചെലവു വരുമെന്ന് അറിയാഞ്ഞിട്ടല്ല, പക്ഷേ വേറെ വഴിയില്ല. ബെംഗളുരു വിട്ട് മൈസൂർ, കുടക് മേഖലയിലേക്കെത്തുമ്പോൾ മരങ്ങളുടെ സംരക്ഷണം വിശ്വാസത്തോളമെത്തുന്ന കാഴ്ച കാണാം. കേരളത്തിന് കർണാടകയോടുള്ള രണ്ടു പരിഭവങ്ങൾക്ക് പ്രധാന കാരണവും അവിടുത്തെ നാട്ടുകാരുടെ വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടാണ്. ഒന്ന് കൂടംകുളം വൈദ്യുതി എത്തിക്കാനുള്ള പവർ ലൈൻ. രണ്ട് ബന്ദിപ്പൂർ വനപാത. ഈ രണ്ടു പദ്ധതികളും നടപ്പാക്കണമെങ്കിൽ നൂറു കണക്കിനു മരങ്ങൾക്ക് കത്തിവയ്ക്കേണ്ടി വരുമെന്നതിനാലാണ് ഈ എതിർപ്പ്.

Read more articles from Habitat & Pollution

Bengaluru Trees