Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടക്ക് ‘ആനേ’ പുറത്ത്; അവശേഷിക്കുന്ന ആനകളെയും പുറത്താക്കി ഡൽഹി, കാരണം?

Elephant Delhi

ആനകളുടെ നാടാണ് ഇന്ത്യ. ചരിത്രാതീത കാലം മുതല്‍ക്കേ ആഘോഷങ്ങളിലും യുദ്ധങ്ങളിലുമെല്ലാം ആനകളുടെ സാന്നിധ്യം ഇന്ത്യാക്കാര്‍ക്ക് ഒഴിച്ചു കൂടാനാകാത്തതായിരുന്നു. കാര്യമെന്തായാലും ഇനി രാജ്യത്തിന്റെ തലസ്ഥാനത്ത് ആനകള്‍ ഉണ്ടാകില്ലെന്നതാണ് സത്യം. ഡൽഹിയിലെ ആനകളെ പുറത്തേക്കയയ്ക്കാനുള്ള ഉത്തരവ് പുനപരിശോധിക്കില്ലെന്ന കോടതി വ്യക്തമാക്കിയതോടെ ശേഷിക്കുന്ന ഏഴ് ആനകളെ കൂടി ഇവിടെ നിന്നു പുറത്തേക്കയയ്ക്കാൻ തയ്യാറെടുക്കുകയാണ് നഗരം.

Elephant Delhi

ഡൽഹിയിലെ മലിനീകരണമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. വായുമലിനീകരണവും ശബ്ദമലിനീകരണവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയില്‍ രൂക്ഷമായി വർധിച്ചത് ആനകളുടെ ആരോഗ്യത്തില്‍ വലിയ ആഘാതമുണ്ടാക്കിയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. കൂട്ടത്തിലെ ഹിരാ എന്ന കൊമ്പനാന കഴിഞ്ഞ രണ്ടു വര്‍ഷമായി വളരെയധികം അക്രമവാസന പ്രകടിപ്പിക്കുന്നത് ഇതിനുദാഹരണമാണെന്നാണ് ഡോക്ടര്‍മാര്‍ചൂണ്ടിക്കാട്ടുന്നത്.

Elephant Delhi

യുമാനതീരത്താണ് ശേഷിക്കുന്ന മൂന്ന് കൊമ്പനാനകളെയും നാല് പിടിയാനകളെയും താമസിപ്പിച്ചിരിക്കുന്നത്. യമുനയിലെ വെള്ളം ഏതാണ്ട് കറുത്തിരുണ്ട അവസ്ഥയിലാണ് ഒഴുകുന്നത്. മിക്കയിടത്തും എണ്ണയുടെ കൊഴുപ്പാണ് യമുനയുടെ വെള്ളത്തിന്. ഈ വെള്ളത്തിലിറങ്ങി മദിക്കുന്ന ആനകള്‍ മെട്രോയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കുമെല്ലാം രസമുള്ള കാഴ്ചയാണ്. എന്നാല്‍ ആനകള്‍ക്ക് ഇത് ഒട്ടും ആരോഗ്യകരമല്ല. ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് ഇവയെ ഡൽഹിയില്‍ നിന്നും പുറത്തേക്കയക്കാന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശിലെയോ ഉത്തരാഖണ്ഡിലേയോ ഏതെങ്കിലും വന്യജീവി പാര്‍ക്കിലേക്ക് ഇവയെ മാറ്റാനാണ് തീരുമാനം.

നാലു പേരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഏഴ് ആനകള്‍ .ആനകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനാണു തീരുമാനം. ഒപ്പം ഇവയെ എത്തിക്കുന്ന വന്യജീവി പാര്‍ക്കില്‍ നിന്നോ മൃഗശാലയില്‍ നിന്നോ മാസം തോറും വാടകയിനത്തിലും ഉടമകള്‍ക്ക് പണം നല്‍കും. എന്നാൽ ഈ ീരുമാനത്തില്‍ ഉടമകള്‍ ഒട്ടും സംതൃപ്തരല്ല. ആനകള്‍ക്കു ശരിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും അവ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തു താമസിക്കുന്നത് അപകടകരമാണെന്നുമുള്ള വനം വകുപ്പിന്റെ കണ്ടെത്തലെല്ലാം ഇവര്‍ നിഷേധിക്കുകയാണ്. ആനകളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കാണുന്നതെന്നും ഇതുവരെ ആനകള്‍ അക്രമസ്വഭാവം കാണിച്ചിട്ടില്ലെന്നുമാണ് ഉടമകളുടെ വാദം.