Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധാരണാപത്രം ഒപ്പിട്ടു; കിയ ശാല ആന്ധ്രയിൽ തന്നെ

kia-picanto Kia Picanto

അനന്തപൂരിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ആന്ധ്ര പ്രദേശ് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടെന്നു കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ്. ഇക്കൊല്ലം അവസാന പാദത്തോടെ നിർമാണം ആരംഭിക്കുമെന്നു കരുതുന്ന ശാലയ്ക്കായി 110 കോടി ഡോളറി(ഏകദേശം 7055.40 കോടി രൂപ)ന്റെ മുതൽമുടക്കാണ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ സഹസ്ഥാപനമായ കിയ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാല 2019ന്റെ രണ്ടാം പകുതിയിൽ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. ആന്ധ്ര പ്രദേശ് സംസ്ഥാന തലസ്ഥാന മേഖലയിൽപെട്ട വിജയവാഡയിൽ നടന്ന ചടങ്ങിലാണ് കിയ മോട്ടോഴ്സും സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്; മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും കിയ മോട്ടോഴ്സിന്റെ  മുതിർന്ന എക്സിക്യൂട്ടീവുകളും ചടങ്ങിൽ പങ്കെടുത്തു. 

ഇന്ത്യൻ വിപണിക്കായി പ്രത്യേകം വികസിപ്പിക്കുന്ന കോംപാക്ട് സെഡാനും കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)വുമാകും കിയ മോട്ടോഴ്സ് അനന്തപൂർ ശാലയിൽ നിർമിക്കുക. മൊത്തം 536 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റിൽ സ്റ്റാംപിങ്, വെൽഡിങ്, പെയ്ന്റിങ്, അസംബ്ലി സൗകര്യങ്ങളെല്ലാം കിയ മോട്ടോഴ്സ് സജ്ജീകരിക്കും. കിയ മോട്ടോഴ്സിനായി യന്ത്രഘടകങ്ങൾ നിർമിക്കുന്ന വിവിധ കമ്പനികൾക്കും ശാലയ്ക്കുള്ളിൽ സ്ഥലസൗകര്യം അനുവദിക്കും. കമ്പനിയുടെ പുതിയ നിർമാണശാല ആന്ധ്ര പ്രദേശിൽ സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് കിയ മോട്ടോഴ്സ് പ്രസിഡന്റ് ഹാൻ വൂ പാർക്ക് അറിയിച്ചു. ഇതോടെ ലോകത്തിലെ അഞ്ചാമത്തെ വലിയ കാർ വിപണിയിൽ വാഹന വിൽപ്പന ആരംഭിക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഗോളതലത്തിൽ തന്നെ കിയയുടെ കാറുകൾക്ക് ആവശ്യമേറി വരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആഗോളതലത്തിൽ കാർ വിപണികളിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിൽ 2016ൽ 33 ലക്ഷം കാറുകളാണു വിറ്റഴിഞ്ഞത്. നിലവിലുള്ള വിൽപ്പന വളർച്ച നിലനിർത്താൻ കഴിയുന്ന പക്ഷം 2020 ആകുമ്പോഴേക്ക് ഇന്ത്യ ആഗോള കാർ വിപണികളിൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറുമെന്നാണു പ്രതീക്ഷ. കൊറിയൻ വാഹന നിർമാതാക്കളിൽ ഏറ്റവും പഴക്കമേറിയ കമ്പനിയെന്നതാണ് 1944ൽ സ്ഥാപിതമായ കിയ മോട്ടോഴ്സിന്റെ പെരുമ. അഞ്ചു രാജ്യങ്ങളിലായി കമ്പനിക്കുള്ള 14 നിർമാണ — അസംബ്ലി ശാലകളിൽ നിന്നായി 30 ലക്ഷത്തോളം വാഹനങ്ങളാണു കിയ മോട്ടോഴ്സ് പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്നത്. 51,000 ജീവനക്കാരുള്ള കമ്പനിയുടെ വാഹനങ്ങൾ ആഗോളതലത്തിൽ 180 രാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്.