ADVERTISEMENT

ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സ് കോർപറേഷൻ ആന്ധ്ര പ്രദേശിലെ അനന്തപൂരിൽ സ്ഥാപിച്ച നിർമാണശാലയിൽ പരീക്ഷണ ഉൽപ്പാദനം ആരംഭിച്ചു. സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എസ് പി ടു ഐ’ ആണ് ഈ ശാലയിൽ നിന്ന് ആദ്യം പുറത്തെത്തുക. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ സ്ഥാനപതി ഷിൻ ബൊങ്കീലിന്റെ സാന്നിധ്യത്തിൽ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണു ശാലയിലെ പരീക്ഷണ ഉൽപ്പാദനത്തിനു തുടക്കം കുറിച്ചത്. കിയ മോട്ടോഴ്സ് കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹാൻ വൂ പാർക്കും കിയ മോട്ടോഴ്സ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കൂഖ്യുൻ ഷിമ്മും ചടങ്ങിൽ പങ്കെടുത്തു.

ആഗോളതലത്തിലെ വാഹന നിർമാതാക്കളിൽ എട്ടാം സ്ഥാനത്തുള്ള കിയ മോട്ടോഴ്സ്, കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു ‘എസ് പി ടു ഐ’ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡൽ ഇക്കൊല്ലം പകുതിയോടെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

ഇന്ത്യൻ ശാലയിൽ പരീക്ഷണ ഉൽപ്പാദനം ആരംഭിച്ചത് നിർണായക നിമിഷമാണെന്നായിരുന്നു പാർക്കിന്റെ പ്രതികരണം. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന കിയ മോട്ടോഴ്സിനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണി സുപ്രധാനമാണെന്നും അദ്ദേഹം വ്യക്താമക്കി.

ആന്ധ്ര പ്രദേശ് സർക്കാരുമായുള്ള സഹകരണം പുതിയ ദിശയിലേക്കു നീങ്ങുന്നതിന്റെ സൂചനയായി വൈദ്യുത കാറായ ‘സോളി’ന്റെ മാതൃകയും കമ്പനി ചന്ദ്രബാബു നായിഡുവിനു കൈമാറി. 

അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള നിർമാണശാലയാണ് കിയ മോട്ടോഴ്സ് ആന്ധ്ര പ്രദേശിൽ സ്ഥാപിച്ചിരിക്കുന്നത്. അഡ്വാൻസ്ഡ് റോബോട്ടിക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാധ്യതകളും സാധ്യതകളും കിയ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 536 ഏക്കർ വിസ്തൃതിയുള്ള ശാലയുടെ വാർഷിക ഉൽപ്പാദനശേഷി മൂന്നു ലക്ഷം യൂണിറ്റോളമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com