Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡ് മേധാവി ഫീൽഡ്സ് പുറത്തേക്ക്

ford-logo

യു എസ് വാഹന വ്യവസായ മേഖലയിലെ സമ്മർദങ്ങളുടെ പ്രതിഫലനമായി പ്രമുഖ നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി മേധാവിയെ മാറ്റുന്നു. സ്വയം ഓടുന്ന വാഹനങ്ങളുടെ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനത്തെ നയിക്കുന്ന ജിം ഹാക്കറ്റിനെയാണു ചീഫ് എക്സിക്യൂട്ടീവ് പദത്തിൽ മാർക് ഫീൽഡ്സിനു പകരക്കാരനായി ഫോഡ് കണ്ടെത്തിയിരിക്കുന്നത്.  ഫീൽഡ്സിന്റെ സാരഥ്യത്തിലുള്ള മൂന്നു വർഷത്തിനിടെ ഫോഡിന്റെ ഓഹരി വിലയിൽ 40% ഇടിവു നേരിട്ടിരുന്നു. കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ഫീൽഡ്സ് ഫോഡ് നിക്ഷേപകരുടെയും ബോർഡിന്റെയും പഴിയും കേട്ടിരുന്നു. ഭാവി ലക്ഷ്യമിട്ടു പുത്തൻ സാങ്കേതികവിദ്യയുള്ള കാറുകൾ വികസിപ്പിക്കുന്നതിലും ഫീൽഡ്സ് പരാജയമായിരുന്നെന്നാണു വിലയിരുത്തൽ. പ്രവർത്തന ഫലങ്ങളിലെ തുടർച്ചയായ തിരിച്ചടികളുടെ പേരിൽ രണ്ടാഴ്ച മുമ്പ് ചേർന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഫീൽഡ്സ് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് കമ്പനി മേധാവി സ്ഥാനത്തു നിന്നും അദ്ദേഹം നിഷ്കാസിതനാവുന്നത്.

യു എസിൽ 1,400 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ച് ഫോഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഫീൽഡ്സ്(56) നടത്തിയ അന്തിമ ശ്രമവും ഫലം കണ്ടില്ല. ഓഹരി വില തിരിച്ചുപിടിക്കാനാവാതെ വന്നതോടെ പ്രവർത്തന ചെലവു ചുരുക്കിയും ട്രക്കുകളുടെയും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെയും വിൽപ്പന മെച്ചപ്പെടുത്തിയും വൈദ്യുത — ഓട്ടണോമസ് വാഹന വികസനത്തിൽ കൂടുതൽ നിക്ഷേപം നടത്തിയുമൊക്കെ കമ്പനിയെ കരകയറ്റാമെന്ന ഫീൽഡ്സിന്റെ മോഹം വിഫലമായി. 

ഓഫിസ് ഫർണിച്ചർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റീൽകേസിനെ ദീർഘകാലം നയിച്ച അനുഭവസമ്പത്തുമായാണു ഹാക്കറ്റ്(62) ഫോഡ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തെത്തുന്നത്. തുടർന്നു ഫോഡിന്റെ ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത ശേഷം കഴിഞ്ഞ വർഷം സ്മാർട് മൊബിലിറ്റി മേഖലയിലെ പ്രവർത്തനങ്ങളുടെ മേധാവിയുമായി; ഡ്രൈവർരഹിത കാറുകൾ പോലുള്ള വിഭാഗങ്ങളുടെ ചുമതലയാണു നിലവിൽ ഹാക്കറ്റിന്.  സ്വയം ഓടുന്ന കാറുകളുടെ വികസനത്തിനായി കനത്ത നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ഈ മേഖലയിൽ എതിരാളികളായ ജനറൽ മോട്ടോഴ്സിനോടും  സാങ്കേതിക മേഖലയിലെ ഭീമന്മാരായ ഗൂഗ്ളിനോടുമൊന്നും കിട പിടിക്കാൻ ഫോഡിനു സാധിച്ചിട്ടില്ല. എങ്കിലും 2021ൽ സ്വയം ഓടുന്ന കാർ പുറത്തിറക്കുമെന്നാണു ഫോഡിന്റെ വാഗ്ദാനം.