Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എസ് ടി: വിലക്കിഴിവുമായി ഫോഡും

figo-aspire.jpg.image.784.410

ജൂലൈയിൽ ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പാവുമെന്ന പ്രതീക്ഷയിൽ യു എസ് നിർമാതാക്കളായ ഫോഡും ഇന്ത്യയിലെ വാഹന വിലയിൽ ഇളവുകൾ പ്രഖ്യാപിച്ചു. കോംപാക്ട എസ് യു വിയായ ‘ഇകോ സ്പോർടി’നും സെഡാനായ ‘ആസ്പയറി’നും ഹാച്ച്ബാക്കായ ‘ഫിഗൊ’യ്ക്കുമൊക്കെ ഫോഡ് ഇന്ത്യ വിലക്കിഴിവ് അനുവദിച്ചിട്ടുണ്ട്. ‘ഇകോ സ്പോർട്’ വിലയിൽ 20,000 മുതൽ 30,000 രൂപ വരെയാണു ഫോഡ് കുറയ്ക്കുക; ഇതോടെ ‘ഇകോ സ്പോർട്ടി’ന്റെ ഡൽഹി ഷോറൂം വില 7.18 ലക്ഷം മുതൽ 10.76 ലക്ഷം രൂപ വരെയായി കുറഞ്ഞിട്ടുണ്ട്.

‘ഫിഗൊ’യ്ക്കും ‘ആസ്പയറി’നും 10,000 മുതൽ 25,000 രൂപ വരെയാണ് വില കുറയുക. ഇതോടെ ഡൽഹി ഷോറൂമിൽ ‘ഫിഗൊ’ വില 4.75 — 7.73 ലക്ഷം രൂപ നിലവാരത്തിലെത്തി; ‘ആസ്പയറി’ന്റെ പുതുക്കിയ വിലയാവട്ടെ 5.44 ലക്ഷം മുതൽ 8.28 ലക്ഷം വരെയാണ്. ജി എസ് ടി നടപ്പാവുന്നതോടെ ലഭിക്കുമെന്നു കരുതുന്ന ആനുകൂല്യങ്ങൾ മുൻകൂറായി ഉപയോക്താക്കൾക്കു കൈമാറുന്നതിൽ സന്തോഷമുണ്ടെന്ന് ഫോഡ് ഇന്ത്യ വൈസ് പ്രസിഡന്റ്(സെയിൽസ്) വിനയ് റെയ്ന അറിയിച്ചു.

 ജി എസ് ടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വാഹന നിർമാതാക്കൾ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യ ജൂൺ 30 വരെ പ്രാബല്യത്തോടെ 10 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. സെഡാനായ ‘എ ത്രീ’ മുതൽ പ്രീമിയം സെഡാനായ ‘എ എയ്റ്റ്’ വരെ നീളുന്ന ഔഡി ശ്രേണിക്ക് 30.5 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണു വില. ജർമനിയിൽ നിന്നു തന്നെയുള്ള ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ വാഹന വിലയിൽ ജി എസ് ടിയുടെ ആനുകൂല്യമടക്കം 12% വരെ ഇളവാണ് പ്രാബല്യത്തിലെത്തിയത്. എതിരാളികളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ വാഹന വിലയിലും ഏഴു ലക്ഷം രൂപ വരെയുള്ള ഇളവുകൾ നിലവിൽ വന്നിട്ടുണ്ട്