Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

21 ഗ്രാൻപ്രി; 2018 എഫ് വൺ മത്സരക്രമമായി

formula-one-logo

ജർമൻ, ഫ്രഞ്ച് ഗ്രാൻപ്രികളുടെ മടങ്ങിവരവ് വിളംബരം ചെയ്ത് 2018 സീസണിലെ ഫോർമുല വൺ ഗ്രാൻപ്രിക്കുള്ള കലണ്ടർ രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) പ്രഖ്യാപിച്ചു. 2016 സീസണിൽ സൃഷ്ടിക്കപ്പെട്ട റെക്കോഡിനു സമാനമായി 21 മത്സരങ്ങളാണ് അടുത്ത വർഷത്തെ ചാംപ്യൻഷിപ്പിലും പ്രതീക്ഷിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന എഫ് ഐ എ വേൾഡ് മോട്ടോർ സ്പോർട് കൗൺസിൽ യോഗമാണു 2018ലെ എഫ് വൺ കലണ്ടറിന് അംഗീകാരം നൽകിയത്. 

ഒരു ദശാബ്ദത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ഫോർമുല വൺ ഗ്രോസർ പ്രിസ് വൺ ഡോയിച്ലൻഡും എഫ് വൺ ഗ്രാൻപ്രി ഡെ ഫ്രാൻസും മടങ്ങിയെത്തുന്നു എന്നതാണു 2018 കലണ്ടറിലെ പ്രധാന സവിശേഷത. പങ്കാളികൾക്കു തയാറെടുപ്പിന് ആവശ്യത്തിനു സമയം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത സീസണിലെ കലണ്ടർ ഇത്രയും മുൻകൂട്ടി പ്രഖ്യാപിച്ചതെന്നാണ് എഫ് വൺ സംഘാടക സമിതിയുടെ വിശദീകരണം.

അടുത്ത സീസണിൽ ജർമൻ, ഫ്രഞ്ച് ഗ്രാൻപ്രികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിൽ ആഹ്ലാദമുണ്ടെന്നായിരുന്നു എഫ് വണ്ണിന്റെ പുതിയ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറഉമായ ചേസ് കാരിയുടെ പ്രതികരണം. 1950ൽ ആദ്യ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിനു മത്സരവേദിയായ ഏഴു മത്സരങ്ങളിൽപെടുന്നതാണു ഫ്രഞ്ച് ജി പി; ദശാബ്ദത്തിനു ശേഷം കലണ്ടറിൽ മടങ്ങിയെത്തുമ്പോൾ പോൾ റികാഡ് സർക്യൂട്ടാവും മത്സരവേദി. 1990ലായിരുന്നു ഈ വേദി അവസാന എഫ് വൺ മത്സരത്തിനു വേദിയൊരുക്കിയത്.

അടുത്ത മാർച്ച് 25ന് ഓസ്ട്രേലിയയിലെ മെൽബണിലാവും 2018 എഫ് വൺ സീസൺ തുടങ്ങുക. ഇക്കൊല്ലത്തെ അപേക്ഷിച്ച് ഒരു മത്സരമാണ് 2018ൽ അധികമായി അരങ്ങേറുക. പുതുതായി മത്സരവേദികളാവാൻ ധാരാളം അപേക്ഷകൾ ലഭിച്ചെങ്കിലും അവയൊന്നും സമിതി പരിഗണിച്ചില്ലെന്നും കാരി വ്യക്തമാക്കി. 

ഫ്രാൻസും ജർമനിയും തിരിച്ചെത്തുമ്പോഴും അടുത്ത സീസണിൽ ചൈനീസ്, സിംഗപ്പൂർ ഗ്രാൻപികൾ തുടരുമോ എന്നതിൽ അവ്യക്തതയുണ്ട്. എങ്കിലും ഏപ്രിൽ എട്ടിനു ചൈനീസ് ഗ്രാൻപ്രിയും സെപ്റ്റംബർ 16നു സിംഗപ്പൂർ ഗ്രാൻപ്രിയും 2018 കലണ്ടറിൽ ഇടംപിടിച്ചിട്ടുണ്ട്; എഫ് വൺ ഗ്രൂപ്പുമായി പുതിയ കരാർ ഒപ്പിടുന്നതിനെ ആശ്രയിച്ചാവും ഇരുവേദികളിലും മത്സരം നടക്കുക. നവംബർ 25ന് അബുദാബിയിലെ യാസ് മരീനയിൽ നടക്കുന്ന മത്സരത്തോടെയാവും 2018 ഫോർമുല വൺ ചാംപ്യൻഷിപ്പിന്റെ കൊടിയിറക്കം.

2018 ഫോർമുല വൺ കലണ്ടർ ഒറ്റ നോട്ടത്തിൽ(തീയതി, ഗ്രാൻപ്രി, വേദി എന്ന ക്രമത്തിൽ):

 മാർച്ച് 25 — ഓസ്ട്രേലിയ(മെൽബൺ)

ഏപ്രിൽ എട്ട് — ചൈന (ഷാഹ്ഹായ്)

ഏപ്രിൽ 15 — ബഹ്റൈൻ (സാഖിർ)

ഏപ്രിൽ 29 — അസർബൈജാൻ (ബാകു)

മേയ് 13 — സ്പെയൻ (ബാഴ്സലോന)

മേയ് 27 — മൊനാക്കോ

ജൂൺ 10 — കാനഡ (മോൺട്രിയൽ

ജൂൺ 24 — ഫ്രാൻസ് (ലെ കാസ്റ്റലെ)

ജൂലൈ ഒന്ന് — ഓസ്ട്രിയ (സ്പീൽബർഗ്)

ജൂലൈ എട്ട് — ബ്രിട്ടൻ (സിൽവർസ്റ്റോൺ)

ജൂലൈ 22 — ജർമനി (ഹോക്കൻഹൈം)

ജൂലൈ 29 — ഹംഗറി (ബുഡാപെസ്റ്റ്)

ഓഗസ്റ്റ 26 — ബെൽജിയം (സ്പാ ഫ്രാങ്കോഷാംപ്സ്)

സെപ്റ്റംബർ രണ്ട് — ഇറ്റലി (മോൻസ)

സെപ്റ്റംബർ 16 — സിംഗപ്പൂർ

സെപ്റ്റംബർ 30 — റഷ്യ (സോചി)

ഒക്ടോബർ ഏഴ്  — ജപ്പാൻ (സുസുക്ക)

ഒക്ടോബർ 21 — യു എസ് എ (ഓസ്റ്റിൻ, ടെക്സസ്)

ഒക്ടോബർ 28 — മെക്സിക്കോ (മെക്സിക്കോ സിറ്റി)

നവംബർ 21 — ബ്രസീൽ (സാവോ പോളോ)

നവംബർ 25 — അബുദാബി (യാസ് മരീന)