Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ കാർ മാറ്റാൻ ആനുകൂല്യവുമായി ഫോഡ്

ford-logo

പഴയ കാർ മാറ്റി പുതിയതു വാങ്ങുന്നവർക്ക് പ്രത്യേക ആനുകൂല്യവുമായി ഫോഡ്. പഴയ കാർ വിറ്റ് പരിസ്ഥിതി മലിനീകരണ സാധ്യത കുറഞ്ഞ പുതുമോഡലുകളിലേക്കു മാറുന്നവർക്കു യു കെയിൽ 2,000 പൗണ്ട്(ഏകദേശം 1.64 ലക്ഷം രൂപ) ആണു യു എസ് നിർമാതാക്കളായ ഫോഡിന്റെ വാഗ്ദാനം.  ഈ വർഷം ഡിസംബർ 31 വരെ റജിസ്റ്റർ ചെയ്യുന്ന കാർ ഉടമകൾക്കാണ് ഫോഡ് ഈ ആനുകൂല്യം അനുവദിക്കുക. പഴയ കാറുകൾ കമ്പനി ഏറ്റെടുത്തു പൊളിച്ചു വിൽക്കുമെന്നും ഫോഡ് വ്യക്തമാക്കിയിട്ടുണ്ട്.

പരിസ്ഥിതി മലിനീകരണത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണു ഫോഡ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പരിസ്ഥിതിക്കു സാരമായ നാശം വരുത്തുന്ന ഡീസൽ എൻജിനുകളോടാണു യൂറോപ്യൻ രാജ്യങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയിരിക്കുന്നത്. ഈ വെല്ലുവിളിയെ അതിജീവിക്കാനും പരിസ്ഥിതി സൗഹൃത വാഹനങ്ങൾ പുറത്തിറക്കാനും വൈദ്യുത സാങ്കേതികവിദ്യ പോലുള്ള പുത്തൻ സാധ്യതകൾ തേടുന്ന തിരക്കിലാണു വിവിധ നിർമാതാക്കൾ. 

പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ പിൻവലിക്കാനുള്ള നടപടി ഊർജിതമാക്കുന്നത് അന്തരീക്ഷ വായുവിന്റെ നിലവാരത്തിൽ ഗണ്യമായ മാറ്റം സൃഷ്ടിക്കുമെന്നാണ് ഫോഡ് ബ്രിട്ടൻ മാനേജിങ് ഡയറക്ടർ ആൻഡി ബാരറ്റിന്റെ പ്രതീക്ഷ. പുതിയ കാറുകൾക്കായി കൈമാറുന്ന പഴഞ്ചൻ മോഡലുകൾ പൊളിച്ചു കളയുന്നെന്നു കമ്പനി ഉറപ്പാക്കുമെന്നും ബാരറ്റ് വ്യക്തമാക്കി. സാമ്പത്തിക ആനുകൂല്യങ്ങളും മറ്റും പ്രഖ്യാപിച്ച് നിലവിൽ നിരത്തിലുള്ള ധാരാളം പഴഞ്ചൻ വാഹനങ്ങൾ പിൻവലിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പഴയ വാഹനങ്ങൾക്കു പകരം പുതിയവ നിരത്തിലെത്തുന്നതോടെ കാർബൺ ഡയോക്സൈഡ് മലിനീകരണത്തിൽ പ്രതിവർഷം 1.50 കോടി ടണ്ണിന്റെ കുറവുണ്ടാവുമെന്നാണു ഫോഡിന്റെ കണക്ക്.