Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിയ ആന്ധ്ര ശാലയിൽ നിന്നുള്ള ആദ്യ കാർ 2019ൽ

kia-picanto Kia Picanto

ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സ് ആന്ധ്ര പ്രദേശിൽ സ്ഥാപിക്കുന്ന ശാലയിൽ നിന്നുള്ള ആദ്യ കാർ 2019 ജനുവരിയിൽ പുറത്തിറങ്ങും. അനന്തപൂർ ജില്ലയിലെ പെനുഗൊണ്ടയിൽ നിർമാണം പുരോഗമിക്കുന്ന കിയ മോട്ടോഴ്സ് ശാല 15 മാസത്തിനകം പ്രവർത്തനക്ഷമമാവുമെന്ന് ആന്ധ്ര പ്രദേശ് മന്ത്രി നാര ലോകേഷാണ് അറിയിച്ചത്. രാജ്യത്ത് കിയ സ്ഥാപിക്കുന്ന ആദ്യ പ്ലാന്റിന്റെ നിർമാണമാണു പെനുഗൊണ്ടയിൽ പുരോഗമിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നേരിട്ടാണു പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതെന്നും ലോകേഷ് വെളിപ്പെടുത്തി.

ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലിലാണു കിയ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയ്ക്കായി 110 കോടി ഡോളർ(ഏകദേശം 7,185 കോടി രൂപ) ആണു കമ്പനി നിക്ഷേപിക്കുന്നത്. 2019ന്റെ ഉത്തരാർധത്തിൽ കാർ ഉൽപ്പാദനം ആരംഭിക്കാൻ ലക്ഷ്യമിട്ടാണു ശാലയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നാണു കിയ മോട്ടോഴ്സിന്റെ നിലപാട്. 

കിയ ശാലയ്ക്കു പുറമെ രാജ്യത്തെ ആദ്യ ലിതിയം അയോൺ ബാറ്ററി നിർമാണകേന്ദ്രവും ആന്ധ്രയിലാണ് നിലവിൽ വരിക. രണ്ടു വർഷത്തിനകം ഇലക്ട്രോണിക്സ് മേഖലയിൽ 500 കോടി ഡോളർ(ഏകദേശം 32,658 കോടി രൂപ) നിക്ഷേപവും രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങളുമാണു സംസ്ഥാനം ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പുത്രൻ കൂടിയായ ലേകേഷ് വെളിപപെടുത്തി. 

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദ(ജി എസ് ഡി പി)ത്തിൽ എട്ടു ശതമാനത്തോളമാണ് ഉൽപ്പാദനമേഖലയുടെ വിഹിതം. ഈ മേഖലയിൽ കൂടുതൽ നേട്ടം കൊയ്യാനാണു സംസ്ഥാനം ലക്ഷ്യമിടുന്നതെന്നു ലോകേഷ് വ്യക്തമാക്കി. കിയ മോട്ടോഴ്സിനു പുറമെ ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോഴ്സ്, അപ്പോളൊ ടയേഴ്സ്, സിയറ്റ് ടയേഴ്സ് തുടങ്ങിയവ കൂടി പ്രവർത്തനക്ഷമമാവുന്നതോടെ ഈ മേഖലയിൽ വൻമുന്നേറ്റം പ്രതീക്ഷിക്കാം.2024 ആകുമ്പോഴേക്ക് ജി എസ് ഡി പിയിൽ ഉൽപ്പാദനമേഖലയുടെ വിഹിതം 30% ആക്കുകയാണു സംസ്ഥാനത്തിന്റെ ലക്ഷ്യം.