Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20,000 യൂണിറ്റ് വിൽപ്പന ലക്ഷ്യമിട്ടു സ്കോഡ

Skoda Kodiaq Skoda Kodiaq

ഇക്കൊല്ലം ഇന്ത്യയിൽ ഇരുപതിനായിരത്തോളം കാറുകൾ വിൽക്കാനാവുമെന്നു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് ബ്രാൻഡായ സ്കോഡയ്ക്കു പ്രതീക്ഷ. നവീകരിച്ച മോഡൽ ശ്രേണിയുടെ പിൻബലത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 20% വർധനയാണു സ്കോഡ ആഗ്രഹിക്കുന്നത്. 

കഴിഞ്ഞ വർഷം ഇന്ത്യയിൽ 17,500 യൂണിറ്റായിരുന്നു സ്കോഡയുടെ വിൽപ്പന; 2015 — 16നെ അപേക്ഷിച്ച് 30% വിൽപ്പന വളർച്ച നേടാനും കമ്പനിക്കു കഴിഞ്ഞിരുന്നു. ഇക്കൊല്ലം നവീകരിച്ച ‘റാപിഡ്’, ‘ഒക്ടേവിയ’, ‘ഒക്ടേവിയ ആർ എസ്’ എന്നിവയുടെ പിൻബലത്തിൽ വിൽപ്പന വീണ്ടും ഉയരുമെന്നാണു കമ്പനി കരുതുന്നത്. ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച പുത്തൻ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കോഡിയാക്കി’ന്റെ വരവും ഇക്കൊല്ലം മികച്ച വിൽപ്പന നേരിത്തരുമെന്നാണു സ്കോഡയുടെ കണക്കുകൂട്ടൽ.

മികച്ച മുന്നേറ്റത്തോടെയാണ് സ്കോഡ പുതുവർഷത്തിനു തുടക്കമിടുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്ടർ (സെയിൽസ്, സർവീസ് ആൻഡ് മാർക്കറ്റിങ്) അശുതോഷ് ദീക്ഷിത് അഭിപ്രായപ്പെട്ടു. ഇന്ത്യൻ വാഹന വ്യവസായം ആറു മുതൽ എട്ടു ശതമാനം വരെ വളർച്ച നേടുമെന്നാണു പ്രതീക്ഷ. അതേസമയം സ്കോഡയ്ക്ക് 15 — 20% വിൽപ്പന വളർച്ച സാധ്യമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

വർഷാവസാനത്തോടെ മാത്രം വിൽപ്പനയ്ക്കെത്തിയതിനാൽ ‘കോഡിയൊക്കി’ന്റെ പ്രകടനം 2017ലെ കണക്കുകളിൽ പ്രതിഫലിച്ചിരുന്നില്ല. എന്നാൽ ഇക്കൊല്ലം സ്ഥിതി വ്യത്യസ്തമാവുമെന്നു ദീക്ഷിത് വിശദീകരിച്ചു. പ്രീമിയം എസ് യു വിയുടെ പിൻബലത്തിൽ മികച്ച വിൽപ്പന വളർച്ച നേടാൻ സ്കോഡയ്ക്കു സാധിക്കും.

രാജ്യത്തെ വിപണന ശൃംഖല നവീകരിക്കാനായി കമ്പനിയുടെ ഡീലർമാരും ചേർന്ന് 100 കോടിയോളം രൂപ നിക്ഷേപിച്ചതായും ദീക്ഷിത് അറിയിച്ചു. നിലവിൽ 68 ഡീലർഷിപ്പുകളാണു സ്കോഡയ്ക്കുള്ളത്. ഇക്കൊല്ലം അവസാനിക്കുമ്പോഴേക്ക് ഡീലർഷിപ്പുകളുടെ എണ്ണം 75 ആക്കി ഉയർത്താനും കമ്പനിക്കു പദ്ധതിയുണ്ട്.