Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ചെറുകാർ ലക്ഷ്യമില്ലെന്നു സ്കോഡ

skoda-logo

ഇന്ത്യൻ കാർ വിപണിയിൽ വിൽപ്പന സാധ്യതയേറിയ കോംപാക്ട് വിഭാഗത്തിൽ അങ്കം കുറിക്കാനില്ലെന്നു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ. നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകൾക്ക് ലഭ്യമാവുന്ന ഡ്യൂട്ടി ഇളവിൽ ആകൃഷ്ടരായി ഈ വിപണി പിടിക്കാനിറങ്ങി കൈ പൊള്ളിയ ടൊയോട്ടയുടെയും ഹോണ്ടയുടെയുമൊക്കെ അനുഭവത്തിൽ നിന്നാണു സ്കോഡ പാഠം പഠിക്കുന്നത്. സ്കോഡ മാത്രമല്ല മാതൃസ്ഥാപനമായ ഫോക്സ്വാഗനും ഇന്ത്യയുടെ സവിശേഷതയായ ഈ വിഭാഗത്തിൽ ഭാഗ്യം പരീക്ഷിക്കാനില്ലെന്നു വ്യക്തമാക്കുന്നുണ്ട്.

വിലയുടെ കാര്യത്തിൽ മത്സരക്ഷമത കൈവരിക്കാൻ പ്രയാസമാണെന്നതു മാത്രമല്ല കമ്പനിയുടെ ഈ തീരുമാനത്തിനു പിന്നിലെന്നു സ്കോഡ ഓട്ടോ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ക്ലോസ് ഡീറ്റർ ഷുർമാൻ വിശദീകരിക്കുന്നു. രാജ്യത്തു സ്കോഡ ആസ്വദിക്കുന്ന പ്രീമിയം ബ്രാൻഡ് പ്രതിച്ഛായിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നതിനാലാണ് ഈ വിഭാഗത്തെ ഒഴിവാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വില കുറഞ്ഞ ബ്രാൻഡ് എന്നതല്ല ഇന്ത്യയിൽ സ്കോഡയെക്കുറിച്ചുള്ള വിലയിരുത്തൽ; അതുകൊണ്ടുതന്നെ അത്തരമൊരു നിലവാരത്തിലേക്കു പോകേണ്ട ആവശ്യം സ്കോഡയ്ക്കില്ലെന്നു ഷുർമാൻ വ്യക്തമാക്കുന്നു. നാലു മീറ്ററിൽ താഴെയുള്ള കാറുകളുടെ വിപണിയിലെ പോരാട്ടം വിലയുടെ അടിസ്ഥാനത്തിലാണ്. ആ വിഭാഗത്തിലെ സാന്നിധ്യത്തിൽ താൽപര്യമില്ലാത്തതിനാലാണ് പുതുതായി അവതരിപ്പിക്കുന്ന ഇടത്തരം എസ് യു വിക്ക് നാലു മീറ്ററിലേറെ നീളമുണ്ടാവുമെന്ന് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയിലെ പുനഃരുദ്ധാരണ പദ്ധതിക്കായി മൊത്തം 100 കോടി യൂറോ(ഏകദേശം 7,900 കോടി രൂപ)യുടെ നിക്ഷേപവും സ്കോഡ ഓട്ടോ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ മോഡലുകൾ വികസിപ്പിക്കാനും പ്രോഡക്ട് ഡവലപ്മെന്റ് സെന്റർ സ്ഥാപിക്കാനും പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയർത്താനും കയറ്റുമതിക്ക് ഊന്നൽ നൽകാനുമൊക്കെയാണ് ഈ നിക്ഷേപം വിനിയോഗിക്കുക.  ഇന്ത്യൻ കാർ വിപണിയിലെ വിൽപ്പനയിൽ 70 ശതമാനത്തോളം നാലു മീറ്ററിൽ താഴെ നീളമുള്ള മോഡലുകളുടെ വിഹിതമാണ്; ഹാച്ച്ബാക്ക്, ക്രോസോവർ, എസ് യു വി, കോംപാക്ട് സെഡാൻ രൂപങ്ങളിലെല്ലാം ഇത്തരം മോഡലുകൾ വിൽപ്പനയ്ക്കുണ്ട്. രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന ആദ്യ 10 മോഡലുകൾക്കെല്ലാം തന്നെ നീളം നാലു മീറ്ററിൽ താഴെയാണ്.