Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

400 കോടിയുടെ വികസനത്തിനൊരുങ്ങി മഹീന്ദ്ര ഇലക്ട്രിക്

mahindra-e2o-electric

വൈദ്യുത വാഹന നിർമാണ വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക്കിൽ 400 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ മഹീന്ദ്ര ഗ്രൂപ്പിനു പദ്ധതി. അടുത്ത അഞ്ചു വർഷത്തിനകം കർണാടകത്തിലെ നിർമാശാലയിൽ 400 കോടി രൂപയുടെ അധിക വികസന പദ്ധതികളാവും മഹീന്ദ്ര നടപ്പാക്കുക. ഉൽപ്പാദനശേഷി ഉയർത്തുന്നതിനൊപ്പം ബാറ്ററികളുടെ പരിശോധനയ്ക്കും പരീക്ഷണത്തിനുമുള്ള അടിസ്ഥാനസൗകര്യങ്ങളും ശാലയിൽ ലഭ്യമാക്കും. 2010ൽ ആരംഭിച്ച ശാലയിൽ ഇതുവരെ 600 കോടി രൂപയാണു മഹീന്ദ്ര നിക്ഷേപിച്ചിരിക്കുന്നത്.

വാർഷിക ഉൽപ്പാദനശേഷി 20,000 യൂണിറ്റായി ഉയർത്താനും മറ്റുമായി മൊത്തം 400 കോടി രൂപ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മഹേഷ് ബാബു അറിയിച്ചു. ബെംഗളൂരുവിനു സമീപത്തെ ശാലയിലെ ജീവനക്കാരുടെ പ്രവർത്തന മികവ് ഉയർത്താനും നടപടിയുണ്ടാവും. നിലവിൽ 5,000 യൂണിറ്റാണു ശാലയുടെ ഉൽപ്പാദനശേഷി.  വൈദ്യുത കാറായ ‘ഇ ടു ഒ പ്ലസ്’ ആണു മഹീന്ദ്ര ഇലക്ട്രിക് ബെംഗളൂരുവിൽ നിർമിക്കുന്നത്. കൂടാതെ മഹീന്ദ്രയുടെ മറ്റു മോഡലുകളിൽ ഉപയോഗിക്കാനുള്ള വൈദ്യുത കിറ്റുകളുടെ നിർമാണവും ഇവിടെയാണ്. ‘ഇ വെരിറ്റൊ’, ‘ഇ സുപ്രൊ’ തുടങ്ങിയവയാണു നിലവിൽ മഹീന്ദ്രയുടെ മോഡൽ ശ്രേണിയിലുള്ളത്. 

വൈദ്യുത വാഹനങ്ങളെക്കുറിച്ച് കർണാടക സർക്കാർ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിക്കും തുടക്കമായിട്ടുണ്ട്. ഇതോടനുബന്ധിച്ച് ബെംഗളൂരു ആസ്ഥാനമായ ഫ്ളീറ്റ് ഓപ്പറേറ്റർമാരായ ഭാഗീരഥി ട്രാവൽ സൊല്യൂഷൻസിന് മഹീന്ദ്ര ‘ഇ വെരിറ്റൊ’ കാറുകൾ കൈമാറുന്നുണ്ട്. ബാറ്ററിയിൽ ഓടുന്ന 1,000 ‘വെരിറ്റൊ’ കാറുകളാവും മഹീന്ദ്ര ഇലക്ട്രിക് ഭാഗീരഥിക്കു കൈമാറുക. 100 കോടിയോളം രൂപയാണ് ഈ ഇടപാടിന്റെ മൂല്യം കണക്കാക്കുന്നത്; മഹീന്ദ്രയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഓർഡറുമാണിത്.