Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിന് പ്രത്യേക ഹെൽമറ്റുമായി സ്റ്റീൽബേഡ്

Bunker Rack Helmet Bunker Rack Helmet

റോയൽ എൻഫീൽഡ് യാത്രികർക്കും ക്രൂസർ മോട്ടോർ സൈക്കിൾ റൈഡർമാർക്കുമുള്ള പ്രത്യേക ഹെൽമറ്റുമായി സ്റ്റീൽബേഡ് രംഗത്ത്. ‘ബങ്കർ റാക്ക്’ എന്നു പേരിൽ സ്റ്റീൽബേഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച പുത്തൻ ഹെൽമറ്റിന് 1,799 രൂപയാണു വില. 

ആന്റി സ്ക്രാച്ച് വൈസർ, മോഷണം പ്രതിരോധിക്കാനുള്ള ലോക്ക് സംവിധാനം, അഴിച്ചു മാറ്റാവുന്ന സിപ്പർ നെക്ക് പാഡും നെക്ക് പാഡുമൊക്കെ പുതിയ ഹെൽമറ്റിലുണ്ട്. ആഘാതം ചെറുക്കാൻ അധിക ശേഷിയുള്ള എ ബി എസ് (അഥവാ അക്രിലൊനൈട്രൈൽ ബ്യുട്ടഡൈൻ സ്റ്റൈറീൻ) ഉപയോഗിച്ചാണ് ‘ബങ്കർ റാക്കി’ന്റെ നിർമാണമെന്നും സ്റ്റീൽബേഡ് അവകാശപ്പെടുന്നു. പോരെങ്കിൽ ഉയർന്ന സാന്ദ്രതയ്ക്കും കുറവു സാന്ദ്രതയ്ക്കുമായി മൾട്ടി ലയർ ഇ പി എസ്(തെർമോക്കോൾ) ഉപയോഗിച്ചിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷയ്ക്കൊപ്പം ഉപയോക്താവിന്റെ സുഖത്തിനായി എയർ ചാനലുകളും ഈ ഹെൽമറ്റിലുണ്ട്.

ഇറ്റാലിയൻ രൂപകൽപ്പനാശൈലി പിന്തുടരുന്ന ഹെൽമറ്റിന്റെ ഉൾഭാഗത്ത് ധാരാളം ദ്വാരങ്ങളുള്ള, ബ്രീത്തബ്ൾ പാഡിങ്ങുമുണ്ട്. ബാക്ടീരിയ, ദുർഗന്ധം, അലർജി തുടങ്ങിയവയെയൊക്കെ പ്രതിരോധിക്കാൻ ഈ പാഡിങ്ങിനു ശേഷിയുണ്ട്.

റോയൽ എൻഫീൽഡ് ബൈക്കുകൾക്കും ക്രൂസറുകൾക്കും വേണ്ടി പ്രത്യേകമായി നിർമിച്ചത് എന്നതാണ് ഇറ്റലിയിൽ രൂപകൽപ്പന ചെയ്ത ‘ബങ്കർ റാക്കി’ന്റെ പ്രധാന സവിശേഷതയെന്ന് സ്റ്റീൽബേഡ് ഹെൽമറ്റ്സ് മാനേജിങ് ഡയറക്ടർ രാജീവ് കപൂർ അഭിപ്രായപ്പെട്ടു. അതിശയിപ്പിക്കുന്ന സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമൊപ്പം രാജ്യാന്തര സുരക്ഷാ നിലവാരവും ഈ ഹെൽമറ്റിനു സ്വന്തമാണ്. ഉയർന്ന ഗുണമേന്മ, മികവേറിയ സാങ്കേതികവിദ്യ, അധിക സുരക്ഷ എന്നിവയുടെ സംഗമമാണ് ‘ബങ്കർ റാക്ക്’ എന്നും അദ്ദേഹം അവകാശപ്പെട്ടു.  ബോട്ട്ൽ ഗ്രീൻ, ബ്ലാക്ക്, ഡസർട്ട് സ്റ്റോം, മറൂൺ, മാറ്റ് ഡസർട്ട് സ്റ്റോം, മാറ്റ് സ്പോർട്സ് റെഡ്, മൂൺ യെലോ, വൈറ്റ്, യമഹ ബ്ലൂ നിറങ്ങളിലാണു ‘ബങ്കർ റാക്ക്’ ഹെൽമറ്റ് ലഭ്യമാവുക.