Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെസ്ഡിയോട് ‘നോ’ പറയാതെ

Yezdi Oil king Yezdi Oil king

രാജ്യാന്തര ജാവ ദിനാഘോഷത്തിന്റെ ഭാഗമായി ബാംഗ്ലൂർ ജാവ യെസ്ഡി മോട്ടോർ സൈക്കിൾ ക്ലബ് സംഘടിപ്പിച്ച പരേഡ് പല തലമുറകളുടെ സംഗമവേദിയായി കൂടി മാറുകയായിരുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഈവർഷം നടത്തിയ അഞ്ചു കിലോമീറ്റർ പരേഡിൽ പങ്കെടുത്തത് 409 പേർ...

സെൽഫ് സ്റ്റാർട്ടർ അമർത്തിയാൽ കുതിച്ചുപായുന്ന സൂപ്പർബൈക്കുകൾ ഇന്ന് ഉദ്യാനനഗരിയിലെ നിരത്തുകളിലെ പതിവു കാഴ്ചയാണ്. അപകടങ്ങൾ പെരുകുമ്പോഴും ലക്ഷങ്ങൾ വിലമതിക്കുന്ന ഇത്തരം ബൈക്കുകളുടെ വിൽപന ഗ്രാഫ് മുകളിലോട്ടു കുതിക്കുകയാണ്. യുവത്വത്തിന്റെ ചോരത്തിളപ്പിനെ െപട്ടെന്നൊന്നും സഡൻ ബ്രേക്കിടാൻ കിട്ടില്ലെന്നതുതന്നെ സാരം. ‌ഒരുകാലത്തു പഴഞ്ചനെന്നു മുദ്ര കുത്തിയവർക്കു പിന്നെ ആവശ്യക്കാരേറുന്നതാണ് ചരിത്രം. മോട്ടോർ വാഹനങ്ങളെക്കാൾ കുതിരവണ്ടികളും കാളവണ്ടികളും നിറഞ്ഞിരുന്ന കന്നഡ നാടിന്റെ വീഥികളിൽ 1961ലാണു ജാവ ബൈക്കുകൾ എത്തുന്നത്.

Rare-jawa-with-a-trolley-4-col Rare Jawa With A Trolley

കിക്കർ കൊണ്ടു സ്റ്റാർട്ടാക്കി അതേ കിക്കർതന്നെ ഫസ്റ്റ് ഗിയറിലേക്കു മാറ്റി പടക്കംപൊട്ടുന്ന ശബ്ദത്തിൽ മുന്നോട്ടുനീങ്ങുന്ന ജാവയുടെ യെസ്ഡി ബൈക്കുകളുടെ ആരാധകർ ഏറെയുണ്ട് ഉദ്യാനനഗരിയിൽ.  കലാലയങ്ങളിൽ അന്നത്തെ കാലത്തു തഴച്ചുവളർന്ന ഹിപ്പി സംസ്കാരം യെസ്ഡിക്കും ഏറെ മൈലേജ് ഉണ്ടാക്കിക്കൊടുത്തു. അൻപതു വർഷങ്ങൾ പിന്നിട്ടിട്ടും ആ കാലഘട്ടത്തിലെ ബൈക്കുകൾ പൊന്നുപോലെ സംരക്ഷിച്ചുവരുന്നവർ ഏറെയുണ്ട്. അപ്പൂപ്പൻ ഓടിച്ച ബൈക്കുമായി കൊച്ചുമകൻ ന്യൂ ജെൻ ലുക്കിൽ സെന്റ് ജോസഫ്സ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ ചരിത്രം കഥ പറയാനുള്ള ആവേശത്തിലായിരുന്നു എല്ലാവരും.

രാജ്യാന്തര ജാവ ദിനാഘോഷത്തിന്റെ ഭാഗമായി ബാംഗ്ലൂർ ജാവ യെസ്ഡി മോട്ടോർ സൈക്കിൾ ക്ലബ് സംഘടിപ്പിച്ച പരേഡ് പല തലമുറകളുടെ സംഗമവേദിയായി കൂടി മാറുകയായിരുന്നു. യെസ്ഡി ആരാധകർക്കായി 2007ൽ രൂപീകരിച്ച ക്ലബ് ഓരോ വർഷവും സംഘടിപ്പിക്കുന്ന പരേഡിൽ ബൈക്കുമായി എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഈവർഷം നടത്തിയ അഞ്ചു കിലോമീറ്റർ പരേഡിൽ 409 പേരാണു പങ്കെടുത്തത്.

jawa

കേരളത്തിൽനിന്നു പത്തുപേരാണു നാട്ടിൽനിന്നു ബൈക്കോടിച്ചു പരേഡിൽ പങ്കെടുക്കാനെത്തിയത്. എട്ടു വനിതകളും ബൈക്കുമായി എത്തിയതു ശ്രദ്ധേയമായി. ജൂലൈമാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് അന്താരാഷ്ട്ര ജാവ ദിനമായി ആചരിക്കുന്നത്. കമ്പനി പൂട്ടി 21 വർഷങ്ങൾ പിന്നിട്ടിട്ടും ഇവയുടെ ലുക്കിനു കിടപിടിക്കാനുള്ള സൂപ്പർബൈക്കുകൾ എത്തിയിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം.

സ്പെയർ പാർട്സില്ല; കൂട്ടായ്മ പിറന്നു

ജാവ യെസ്ഡി ബൈക്കുകളുടെ ഉൽപാദനം നിർത്തിയെങ്കിലും ഇതിന്റെ സ്പെയർ പാർട്സുകൾ ലഭിക്കാൻ വിഷമം നേരിട്ടതോടെയാണു കൂട്ടായ്മ എന്ന ആശയം ഉടലെടുക്കുന്നതെന്നു ക്ലബ് സെക്രട്ടറിയും മലയാളിയുമായ ജോസ് മാർട്ടിൻ പറഞ്ഞു. എത്ര വില പറഞ്ഞാലും ബൈക്ക് വിൽക്കാൻ തയാറാകാത്തവരാണ് ഏറെയും. രണ്ടുലക്ഷം രൂപ വില പറഞ്ഞിട്ടും ബൈക്ക് വിൽക്കാത്ത മംഗളൂരു സ്വദേശി സിദ്ധാർഥിനു പറയാനുള്ളതു കുടുംബചരിത്രമാണ്.

സിദ്ധാർഥിന്റെ അപ്പൂപ്പൻ 1964ലാണു മൈസൂരു പ്ലാന്റിൽ ഉൽപാദിപ്പിച്ച  യെസ്ഡി വാങ്ങുന്നത്. അപ്പൂപ്പന്റെ മരണശേഷം വീട്ടിൽ ആരും ഉപയോഗിക്കാതെ കിടക്കുകയായിരുന്ന ബൈക്ക് വിറ്റൊഴിവാക്കാൻ നോക്കിയപ്പോഴാണു പത്രത്തിൽ യെസ്ഡി ബൈക്കുകൾ സംരക്ഷിക്കുന്ന ഒരു വിദേശിയെപ്പറ്റിയുള്ള വാർത്ത വായിക്കാനിടയായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ മൂല്യത്തെക്കുറിച്ചു ബോധവാനായത്. ഇന്നു സിദ്ധാർഥിന്റെ കൂട്ടുകുടുംബത്തിൽ നാലു യെസ്ഡി ബൈക്കുകളാണു സംരക്ഷിക്കുന്നത്. 175 മുതൽ 350 സിസി വരെയുള്ള ബൈക്കുകളിൽ ജാവ പെറാക്ക്സ്, ട്വിൻസ് മോഡലുകൾക്കാണ് ആരാധകരേറെ. ക്ലബിലെ മുതിർന്ന അംഗമായ 84 വയസ്സു പിന്നിട്ട ആർ.ചക്രവർത്തിയെ ചടങ്ങിൽ ആദരിച്ചു.

കൊൽക്കത്ത സ്വദേശിയായ അമിത് ദത്ത അറുപതുവയസ്സു പിന്നിട്ടെങ്കിലും 35 വർഷം പഴക്കമുള്ള തന്റെ 250 സിസി റോഡ് കിങ് യെസ്ഡിയിലാണു പതിവു യാത്ര. റോഡ്കിങ്, ക്ലാസിക്-72 എന്നീ രണ്ടു യെസ്ഡി മോഡലുകൾക്ക് ഉടമയായ ജോസ് മാർട്ടിൻ ജോലിക്കു പോകാൻ സ്ഥിരമായി ഈ ബൈക്കുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം ജോസ് അടങ്ങുന്ന പത്തംഗസംഘം കശ്മീർ സന്ദർശിക്കാൻ പോയതും യെസ്ഡി ബൈക്കുകളിൽ തന്നെ.

jawa-250 Jawa 250

കമ്പനി ഉൽപാദനം നിർത്തിയെങ്കിലും യെസ്ഡി ബൈക്കുകളുടെ സ്പെയർ പാർട്സുകൾ കൂട്ടിയോജിപ്പിക്കാൻ സ്വന്തമായി റിസർച് ആൻഡ് ഡവലപ്മെന്റ് ടീമും ക്ലബിനുണ്ടെന്നു മൈസൂരുവിൽനിന്നെത്തിയ വെങ്കിടേഷ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണു സ്പെയർ പാർട്സുകൾ തിരയുന്നതും സാങ്കേതിക സഹായം ആവശ്യപ്പെടുന്നതും. സമീപകാലത്തിറങ്ങിയ മലയാള സിനിമകളിലും യെസ്ഡി മുഖ്യകഥാപാത്രമായതോടെ ഇത് ഓടിക്കുന്നവർക്കും ഇപ്പോൾ ഏറെ ഡിമാൻഡാണ്.

തുടക്കം ചെക്ക് റിപ്പബ്ലിക്കിൽ

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ 1929ൽ ആണു ജാനക് ബൗട്ട്, വാണ്ടറർ എന്ന യുവ എൻജിനീയർമാർ ചേർന്നു ജാവ ബൈക്ക് കമ്പനി ആരംഭിക്കുന്നത്. ഇന്ത്യയിൽ  ഇരുചക്രവാഹന നിർമാതാക്കൾ ഇല്ലാതിരുന്ന കാലത്തു മുംബൈയിലെ ഇറാനി ഗ്രൂപ്പായിരുന്നു യെസ്ഡി ബൈക്കുകൾ ആദ്യമായി ഇറക്കുമതി ചെയ്തിരുന്നത്. 1950ൽ കേന്ദ്രസർക്കാർ ഇരുചക്രവാഹന ഇറക്കുമതി നിരോധിച്ചതോടെ വിദേശത്തുനിന്നു പാർട്സുകൾ എത്തിച്ച് ഇന്ത്യയിൽ വച്ച് അസംബിൾ ചെയ്തു ബൈക്ക് നിരത്തിലിറക്കാനുള്ള ശ്രമങ്ങൾ ഇറാനി ഗ്രൂപ്പ് ആരംഭിച്ചു.

റസ്റ്റോം ഇറാനി എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തിൽ മൈസൂരുവിൽ 1961 മാർച്ചിൽ ഐഡിയൽ ജാവ എന്ന പേരിൽ തദ്ദേശീയ ബൈക്ക് കമ്പനി പ്രവർത്തനമാരംഭിച്ചു. ചെക്കിലെ ജാവ ജെസ്ഡി എന്ന പേരു മാറ്റി ഇന്ത്യയിൽ യെസ്ഡി എന്ന ബ്രാൻഡിലായിരുന്നു ബൈക്ക് ഉൽപാദനം. മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ടു സ്ട്രോക്ക് ബൈക്കുകൾക്കു നിരോധനം വന്നതോടെയാണു യെസ്ഡി ബൈക്ക് മൈസൂരു പ്ലാന്റിലെ ഉൽപാദനം 1996ൽ അവസാനിപ്പിച്ചത്.

മുഴങ്ങുന്ന ഓർമകൾ

‘ഇതൊരു പഴയ വീടാ...ഞങ്ങളും പഴയതാ.. പക്ഷേ ഇവിടെ ഏറ്റവും പഴയത് ഇവനാ...’ തന്റെ മകൻ അജിയെ ചൂണ്ടിക്കാണിച്ച് അവന്റെ കാമുകിയോട് അച്ഛൻ മാത്യു പറയുന്ന വാക്കുകളാണിത്. ചിത്രം കോമ്രേഡ് ഇൻ അമേരിക്ക. നൊസ്റ്റാൾജിയയുടെ ആശാനാണ് ദുൽഖര്‍ അവതരിപ്പിക്കുന്ന അജിപ്പാനെന്ന കഥാപാത്രം. അതിനാൽത്തന്നെ പഴമയോടാണ് പ്രിയം കൂടുതൽ. വാഹനത്തിലും ആ പഴമ കൊണ്ടു വരാൻ സംവിധായകൻ അമൽ നീരദ് ആലോചിച്ചപ്പോഴാണ് ചിത്രത്തിൽ അജിയുടെ ‘മുഴക്കമുള്ള’ കൂട്ടാളിയായി ആ യെസ് ഡി ബൈക്ക് എത്തുന്നത്.

അമലിന്റെ സഹസംവിധായക സംഘത്തിലൊരാളായ പ്രതിക് ചന്ദ്രന്റെ അച്ഛന്റെ ബൈക്കായിരുന്നു അത്. ഏറെ പഴക്കമുണ്ട്, പക്ഷേ ഇന്നും പടുപടെന്നെനെയുള്ള ആ ശബ്ദഗാംഭീര്യത്തിന് ഒരിളക്കവും തട്ടിയിട്ടില്ല. മാത്രവുമല്ല പൊന്നുംവില തരാമെന്നു പറഞ്ഞാലും ആ ബൈക്ക് വിൽക്കാൻ അതിന്റെ ഉടമസ്ഥൻ തയാറുമല്ല. 1996ൽ ഉൽപാദനം നിർത്തി കമ്പനി പൂട്ടിപ്പോയെങ്കിലും ഇന്നൊരു യെസ് ഡി ബൈക്ക് കൈയ്യിലെത്തണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥയാണ്.1960കളിൽ 350 സിസി എൻജിന്റെ കരുത്തുമായി എൻഫീൽഡ് ‘ബുള്ളറ്റ്’ മലയാളിയുടെ മനസിലേക്കിടിച്ചു കയറി നിന്നിരുന്ന കാലത്താണ് യെസ് ഡിയുടെ മുൻഗാമി ജാവയുടെ വരവ്. മൈസൂരുവിലെ ഐഡിയൽ ജാവ (ഇന്ത്യ) ലിമിറ്റഡായിരുന്നു നിർമാതാക്കൾ.

എഴുപതുകളുടെ ആദ്യപാദത്തിൽ ജാവ വിപണിയിൽ നിറഞ്ഞു നിൽക്കെത്തന്നെ ഐഡിയൽ ജാവ ‘യെസ്ഡി’യെ അവതരിപ്പിക്കുകയായിരുന്നു. ആമയോട്ടിപോലെയുള്ള മീറ്റർ ഡയലും വട്ടത്തിലുള്ള ലൈറ്റും ആണിപോലെ തോന്നിക്കുന്ന ഇഗ്നേഷൻ കീയും കറുപ്പു നിറവും ആകെയൊരു ഉത്സവ പകിട്ട്. എല്ലാറ്റിനുമുപരിയായി നെഞ്ചിടിപ്പിനോടു ചേർന്നു നിൽക്കുന്ന ആ ശബ്ദവും...യെസ്ഡിയുടെ വരവിനു കിട്ടിയ സ്വീകാര്യത തൊട്ടടുത്ത വർഷം ക്ലാസിക് മോഡലുകൾ ഇറക്കാൻ ഐഡിയലിനു കരുത്തായി. കറുപ്പിനു പുറമേ സിൽവറും വൈൻ റെഡും നിറങ്ങളിലായി ‘ക്ലാസിക്’ എത്തി. ‘ക്ലാസിക് ടൂ’വും ‘റോഡ് കിങ്ങും’ എത്തിയ 1976ൽ ആമത്തോടു തല വിട്ടു മീറ്റർ‌ ഡയലും ഇഗ്നേഷൻ സ്വിച്ചും വേർ‌പെടുത്തി പ്രത്യേകമാക്കി.

എന്നാൽ എൺപതുകളുടെ ആദ്യപാദത്തിൽ ജപ്പാൻ കമ്പനികളുടെ പിന്തുണയോടെ എത്തിയ 100 സിസി ബൈക്കുകളുടെ മുന്നിൽ യെസ്ഡിയുടെ കാലിടറി. 30–35 കിലോമീറ്ററായിരുന്നു യെസ് ഡിയുടെ മൈലേജ്. ഇതിനു വമ്പൻ തിരിച്ചടിയായാണ് ലീറ്ററിനു 80 കിലോമീറ്ററിനു മേൽ മൈലേജുമായി ഹീറോ മോട്ടോർ കോർപും ഹോണ്ടയും ചേർന്ന് ഹീറോ ഹോണ്ട സിഡി 100 അവതരിപ്പിച്ചത്. 1989ൽ ഇരട്ട സിലിണ്ടറുമായി യെസ്ഡി 350 സിസി വണ്ടികളും ഇറക്കി നിലനിൽപിനായൊരു ശ്രമം നടത്തി. പക്ഷേ ഐഡിയലിന്റെ നിലതെറ്റിയുള്ള നിൽപ്പിനിടയിൽ ഭൂരിപക്ഷം പേരും വണ്ടി വിറ്റൊഴിഞ്ഞു. 1996ൽ കമ്പനി പൂട്ടി.

എന്നാൽ യെസ് ഡിക്ക് കാലം കാത്തുവച്ച വിധി മറ്റൊന്നായിരുന്നു; പഴകും തോറും വീര്യമേറുന്ന വീഞ്ഞു പോലെയായി ആ ബൈക്ക്. എങ്ങനെയൊക്കെയോ സ്പെയർ പാർട്സ് ഒപ്പിച്ചും അറ്റകുറ്റപ്പണി നടത്തിയും യെസ് ഡിയെ ഒപ്പം നിർത്തുന്ന കൂട്ടായ്മകൾ പല നാടുകളിലും അതിനോടകം രൂപപ്പെട്ടിരുന്നു.  പണ്ട് 16,000 രൂപയ്ക്കു വാങ്ങിയ പുതുപുത്തൻ‌ റോഡ് കിങ്ങിന്റെ ഇന്നത്തെ വില ഒരു ലക്ഷത്തിനടുത്ത് വരും. 14,000 രൂപയുണ്ടായിരുന്ന ക്ലാസിക് ടൂവിന് 75,000. എണ്ണത്തിൽ കുറഞ്ഞ യെസ്ഡി 350 സിസിയുടെ വില രണ്ടുലക്ഷത്തിനു മേൽ! വിലയെത്രയായാലും വാങ്ങാനാളുണ്ട്, പക്ഷേ ബൈക്ക് കിട്ടാനില്ലെന്നു മാത്രം. അത്രയേറെയുണ്ട് ഇന്നും ഉടമകളുടെ മനസ്സിൽ യെസ് ഡിയോടുള്ള ആ ‘പെടപെടപ്പൻ’ സ്നേഹം...