Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാവ വിറ്റു തീർന്നു, ബുക്കിങ് നിർത്തി; ആദ്യ ബൈക്ക് മാർച്ചില്‍

jawa-42 Jawa 42

ഇന്ത്യയിൽ തിരിച്ചു വരവിനൊരുങ്ങുന്ന ‘ജാവ’ ശ്രേണിയിലെ മോട്ടോർ സൈക്കിളുകൾ മാർച്ചോടെ ഉടമസ്ഥർക്കു കൈമാറുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം)യുടെ ഉപസ്ഥാപനമായ ക്ലാസിക് ലജൻഡ്സ്. അടുത്ത സെപ്റ്റംബർ വരെ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ബൈക്കുകൾ വിറ്റഴിഞ്ഞ സാഹചര്യത്തിൽ ക്രിസ്മസ് ദിനം മുതൽ ബുക്കിങ് നിർത്തിവയ്ക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

JAWA First Look

മികച്ച വിൽപ്പന, വിൽപ്പനാന്തര സേവനം ഉറപ്പാക്കാൻ 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലർഷിപ്പുകൾ തുറക്കാനും കമ്പനി നടപടി തുടങ്ങിയിട്ടുണ്ട്. പുണെയിലാണ് ‘ജാവ’യുടെ ആദ്യത്തെ രണ്ടു ഡീലർഷിപ്പുകൾ പ്രവർത്തനം തുടങ്ങിയത്; തുടർന്നു ഡൽഹി രാജ്യതലസ്ഥാന മേഖലയിലും ‘ജാവ’ ഡീലർഷിപ് തുറന്നു. ബെംഗളൂരുവിലേതടക്കം മൊത്തം 10 ഡീലർഷിപ്പുകളാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 

jawa-Grey Jawa

‘ജാവ’യ്ക്കു ലഭിച്ച വരവേൽപ് പ്രതീക്ഷകൾക്കപ്പുറമാണെന്നു ക്ലാസിക് ലജൻഡ്സ് സഹസ്ഥാപകൻ അനുപം തരേജ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ബൈക്ക് ബുക്ക് ചെയ്തവരോട് കാത്തിരിപ്പ് കാലത്തെപ്പറ്റി വ്യക്തമായ വിവരം നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കരുതുന്നു. ഇതുവരെ ഓൺലൈൻ വഴി ‘ജാവ’ ബുക്ക് ചെയ്തവർക്ക് ബൈക്ക് കൈമാറാൻ സെപ്റ്റംബറെങ്കിലുമാവുമെന്നാണ് തരേജയുടെ കണക്കുകൂട്ടൽ. അതേസമയം, ആദ്യ ബാച്ച് ബൈക്കുകൾ മാർച്ചിൽ തന്നെ ഉടമസ്ഥർക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. എപ്പോഴാണു ബൈക്ക് ലഭിക്കുക എന്നതു സംബന്ധിച്ച അറിയിപ്പ് ‘ജാവ’ ബുക്ക് ചെയ്തവർക്ക് നേരിട്ട് അയയ്ക്കാനും ക്ലാസിക് ലജൻഡ്സിനു പദ്ധതിയുണ്ട്. 

ആവശ്യക്കാരേറിയെന്നു കരുതി ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്ത് ഉൽപ്പാദനം വർധിപ്പിക്കില്ലെന്നും തരേജ അറിയിച്ചു. ‘ജാവ’യിൽ താൽപര്യമുള്ളവർക്ക് ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യം ഡീലർഷിപ്പുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡീലർമാർ ബുക്കിങ് സ്വീകരിക്കുമെങ്കിലും നിലവിലുള്ള ഓർഡറുകൾക്കു ശേഷം മാത്രമാവും പുതിയവ പരിഗണിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. 

അതേസമയം ഓൺലൈൻ വ്യവസ്ഥയിൽ ഇതുവരെ എത്ര ബുക്കിങ് ലഭിച്ചു എന്നതു സംബന്ധിച്ച സൂചനയൊന്നും ക്ലാസിക് ലജൻഡ്സ് നൽകിയിട്ടില്ല. എങ്കിലും ‘ജാവ ഫോർട്ടി  ടു’വിനെ അപേക്ഷിച്ച് ‘ജാവ’യ്ക്കാണ് ആവശ്യക്കാരേറെയെന്നാണു വിലയിരുത്തൽ; ഇതിഹാസ മാനങ്ങളുള്ള മറൂൺ — ക്രോം വർണ സങ്കലനത്തോടാണ് ആരാധകർക്കു പ്രതിപത്തി.