Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് പുതിയ നിറങ്ങളിൽ ജാവ ക്ലാസിക്

jawa-black Jawa

ഇതിഹാസ മാനങ്ങളുള്ള ജാവ ബ്രാൻഡ് ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള നടപടികളിലാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ്. ആദ്യഘട്ടത്തിൽ ജാവ ക്ലാസിക്, ജാവ ഫോർട്ടി ടു എന്നീ ബൈക്കുകളാണു വിപണിയിലെത്തുക; യഥാക്രമം 1.64 ലക്ഷം രൂപയും 1.55 ലക്ഷം രൂപയുമാണ് ഈ ബൈക്കുകൾക്കു വില നിശ്ചയിച്ചിരിക്കുന്നത്.

jawa-Grey

അനാവരണ ചടങ്ങിൽ മറൂൺ നിറത്തിലായിരുന്നു ക്ലാസിക് എത്തിയത്; എന്നാൽ പിന്നീട് ഈ ബൈക്കിനു രണ്ടു നിറങ്ങൾ കൂടി ജാവ അവതരിപ്പിച്ചിട്ടുണ്ട്; ജാവ ബ്ലാക്കും ജാവ ഗ്രേയും കൂടിയാവുന്നതോടെ ആകെ മൂന്നു നിറങ്ങളിലാണു ക്ലാസിക് നിരത്തിലെത്തുക. മുൻ — പിൻ ഫെൻഡറുകളിലും ഇന്ധന ടാങ്കിലും പാർശ്വത്തിലെ പാനലിലുമൊക്കെ സ്വർണ സ്ടൈപ്പും ക്രോം അക്സന്റുകളുമായിട്ടാവും ക്ലാസിക്കിന്റെ വരവ്.

ക്ലാസിക്കിനു കരുത്തേകുക 293 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, നാലു വാൽവ് എൻജിനാവും; മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഈ എൻജിന്.  27 ബി എച്ച് പിയോളം കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ബൈക്കിന്റെ ട്രാൻസ്മിഷൻ.

മുന്നിൽ ഫ്ളോട്ടിങ് കാലിപർ സഹിതം 280 എം എം സിംഗിൾ ഡിസ്കോടെയെത്തുന്ന ബൈക്കിന്റെ പിന്നിലുള്ളത് 153 എം എം ഡ്രം ബ്രേക്കാണ്. കൂടാതെ സുരക്ഷയ്ക്കായി സിംഗിൾ ചാനൽ എ ബി എസുമുണ്ട്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട സ്പ്രിങ്ങുമാണു സസ്പെൻഷൻ. പഴമ ‘ജാവ’യെ അനുസ്മരിപ്പിക്കാൻ ക്രോമിയം സ്പർശമുള്ള ഇരട്ട എക്സോസ്റ്റ് പൈപ്പും ബൈക്കിലുണ്ട്.