Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത കാവസാക്കി നിൻജ വിറ്റു തീർന്നു

kawasaki-ninja-zx-10r

പ്രാദേശികമായി അസംബ്ൾ ചെയ്ത നിൻജ സെഡ് എക്സ് — 10 ആർ മുഴുവൻ വിറ്റുതീർന്ന സാഹചര്യത്തിൽ ബൈക്കിനുള്ള ബുക്കിങ് സ്വീകരിക്കേണ്ടെന്നു ജാപ്പനീസ് നിർമാതാക്കളായ ഇന്ത്യ കാവസാക്കി മോട്ടോർ (ഐ കെ എം) പ്രൈവറ്റ് ലിമിറ്റഡ് ഡീലർമാർക്കു നിർദേശം നൽകി. തികച്ചും മത്സരക്ഷമമായ തരത്തിൽ 12.80 ലക്ഷം രൂപ ഷോറൂം വില നിശ്ചയിച്ചു വിപണിയിലെത്തിച്ച ബൈക്കുകൾ വെറും രണ്ടാഴ്ചയ്ക്കിടെയാണു വിറ്റു പോയത്.  ഈ ചുരുങ്ങിയ കാലയളവിനിടെ ബൈക്കിനുള്ള നൂറോളം ബുക്കിങ്ങുകൾ ഐ കെ എം സ്വന്തമാക്കിയെന്നാണു വിലയിരുത്തൽ. ഒരു ലീറ്റർ എൻജിൻ ശേഷിയുള്ള സൂപ്പർ ബൈക്ക് വിഭാഗത്തെ സംബന്ധിച്ചിടത്തോളം തകർപ്പൻ പ്രകടനമാണിത്; പോരെങ്കിൽ ഇന്ത്യയിൽ ഇതുവരെ ആകെ വിറ്റ ‘നിൻജ സെഡ് എക്സ് — 10 ആറി’ലും അധികം എണ്ണത്തിനുള്ള ബുക്കിങ്ങാണ് ഈ പരിമിതകാലത്തിനിടെ കാവസാക്കി സ്വന്തമാക്കിയതെന്ന സവിശേഷതയുമുണ്ട്.

ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു വരും മാസങ്ങളിൽ ഐ കെ എം പുതിയ ‘നിൻജ’ ബൈക്കുകൾ നിർമിച്ചു നൽകുമെന്നാണു പ്രതീക്ഷ. അതുകൊണ്ടുതന്നെ അടുത്ത മൂന്നു മാസത്തേക്കെങ്കിലും കാവസാക്കി ഈ ബൈക്കിനുള്ള ബുക്കിങ് പുനഃരാരംഭിക്കാനും സാധ്യതയില്ല. 

ജൊനാഥൻ റീ പോരാട്ടത്തിനിറങ്ങിയപ്പോൾ ലോക സൂപ്പർ ബൈക്ക് ചാംപ്യൻഷിപ്പിൽ മികച്ച നേട്ടം കൊയ്ത ചരിത്രമാണു ‘സെഡ് എക്സ് — 10 ആറി’ന്റേത്. ബൈക്കിലെ 998 സി സി, ഇൻ ലൈൻ നാലു സിലിണ്ടർ എൻജിനു 200 ബി എച്ച് പിയോളം കരുത്തും 113.5 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ട്രാക്ഷൻ കൺട്രോൾ(എസ് — കെ ടി ആർ സി),  മൾട്ടി ലവൽ പവർ മോഡ്, ലോഞ്ച് കൺട്രോൾ(കെ എൽ സി എം), എ ബി എസ് നിയന്ത്രണ സംവിധാനം(കെ ഐ ബി എസ്), കോണറിങ് മാനേജ്മെന്റ്(കെ സി എം എഫ്), എൻജിൻ ബ്രേക്കിങ് ഫംക്ഷൻ(കെ ഇ ബി സി) തുടങ്ങിയവയൊക്കെ ബൈക്കിലുണ്ട്; ഇവയെയൊക്കെ സഹായിക്കാൻ ഇന്റേണൽ മെഷറിങ് യൂണിറ്റു(ഐ എം യു)മുണ്ട്.

ഇന്ത്യയിൽ അസംബ്ൾ ചെയ്യുമ്പോൾ ഒറ്റ സീറ്റോടെയാണ് ‘സെഡ് എക്സ് — 10 ആർ’, ‘10 ആർ ആർ’ ബൈക്കുകൾ എത്തുക; ഇന്ത്യയിൽ വിൽക്കുന്ന ബൈക്കിൽ സാരി ഗാഡ് ഘടിപ്പിക്കാനുള്ള സാങ്കേതികത്വത്തെ മറികടക്കാനാണ് കാവസാക്കി ഈ തന്ത്രം പയറ്റുന്നത്. പിൻസീറ്റ് യാത്രികർക്കുള്ള ഫുട്പെഗ് ഇല്ലാത്ത പിൻ കൗളാണു ബൈക്കിൽ ഇടംപിടിക്കുന്നത്. അതേസമയം 38,000 രൂപയോളം അധികം മുടക്കി പിന്നിൽ സീറ്റ് ഘടിപ്പിക്കാനുള്ള അവസരവും ലഭ്യമാണ്.