Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വെഴ്സിസ് 1000 ബുക്കിങ് കാവസാക്കി തുടങ്ങി

Kawasaki-Versys-1000 Kawasaki Versys 1000

ടൂറർ ബൈക്കായ ‘വെഴ്സിസ് 1000’ അടുത്ത ഏപ്രിലോടെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ ജാപ്പനീസ് നിർമാതാക്കളായ കാവസാക്കി ഒരുക്കം തുടങ്ങി. മിലാൻ മോട്ടോർ സൈക്കിൾ ഷോ(ഇ ഐ സി എം എ)യിൽ പ്രദർശിപ്പിച്ച പുത്തൻ ‘വെഴ്സിസ് 1000’ ബൈക്കിനുള്ള ബുക്കിങ്ങും കമ്പനി സ്വീകരിച്ചു തുടങ്ങി. 11 ലക്ഷത്തോളം രൂപ വില പ്രതീക്ഷിക്കുന്ന ബൈക്ക് ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകിയാണു ബുക്ക് ചെയ്യാൻ അവസരം.

കാര്യമായ വിൽപ്പനയില്ലാത്തതിനാൽ കഴിഞ്ഞ ജൂലൈയിലാണു കാവസാക്കി ഇന്ത്യയിലെ ‘വെഴ്സിസ് 1000’ വിൽപ്പന നിർത്തിയത്. ഇറക്കുമതിക്കു പകരം കിറ്റുകൾ ഇന്ത്യയിലെത്തിച്ച് അസംബ്ൾ ചെയ്താവും പുത്തൻ ‘വെഴ്സിസ് 1000’ കാവസാക്കി വിൽപ്പനയ്ക്കെത്തിക്കുക. ഇതോടെ ബൈക്കിന്റെ വില മുൻമോഡലിന്റെ 13 ലക്ഷം രൂപയിൽ നിന്ന് 11 ലക്ഷം രൂപയോളമായി കുറയുമെന്നാണു പ്രതീക്ഷ. ആദ്യ ബാച്ചിലെ ബൈക്കുകൾക്കുള്ള ബുക്കിങ് കമ്പനി ഡിസംബർ 31 വരെ സ്വീകരിക്കുമെന്നാണു പ്രതീക്ഷ.

ഫെയറിങ്ങുള്ള പുതുതലമുറ ബൈക്കുകളുടെ രൂപകൽപ്പനയോടാണു പരിഷ്കരിച്ച ‘വെഴ്സിസ് 1000’ ബൈക്കിനു സാമ്യം. എൽ ഇ ഡി ടെയിൽ ലാംപ്, എൽ ഇ ഡി ടേൺ സിഗ്നൽ തുടങ്ങിയവയ്ക്കൊപ്പം കൊത്തിയെടുത്ത പോലുള്ള എൽ ഇ ഡി ഹെഡ്ലാംപും ബൈക്കിലുണ്ട്. ഡിജിറ്റൽ എൽ സി ഡി സ്ക്രീൻ സഹിതം ‘എച്ച് ടു’വിലേതിനു സമാനമായ ഇൻസ്ട്രമെന്റ് കൺസോളാണു ബൈക്കിനു കാവസാക്കി തിരഞ്ഞെടുത്തിരിക്കുന്നത്. ദീർഘദൂര യാത്രകൾ ആയാസരഹിതമാക്കാൻ ക്രമീകരിക്കാവുന്ന വിൻഡ്സ്ക്രീനും കൂടുതൽ പാഡിങ്ങുള്ള സീറ്റും ബൈക്കിലുണ്ട്.

ബൈക്കിലെ 1,043 സി സി, നാലു സിലിണ്ടർ എൻജിന് ഫ്യുവലിങ്ങിലെ കൃത്യതയ്ക്കായി റൈഡ് ബൈ വയർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്; ഇതു വഴി ക്രൂസ് കൺട്രോൾ ഘടിപ്പിക്കാനും അവസരമൊരുങ്ങുന്നു. ട്രാക്ഷൻ കൺട്രോൾ, കോണറിങ് എ ബി എസ് തുടങ്ങിയവയ്ക്കായി ഐ എം യു അധിഷ്ഠിത കോണറിങ് മാനേജ്മെന്റും ബൈക്കിലുണ്ട്.