Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ആസ്പയർ ബുക്കിങ്ങിനു തുടക്കം

ford-aspire-2018 Ford Aspire 2018

കോംപാക്ട് സെഡാനായ ആസ്പയറി’ന്റെ പരിഷ്കരിച്ച പതിപ്പിനുള്ള ബുക്കിങ്ങുകൾ ഫോഡ് ഇന്ത്യ ആരംഭിച്ചു. 11,000 രൂപ അഡ്വാൻസ് ഈടാക്കിയാണ് ഒക്ടോബർ നാലിന് അരങ്ങേറ്റം കുറിക്കുന്ന നവീകരിച്ച ‘ആസ്പയറി’നുള്ള ബുക്കിങ്ങുകൾ ഫോഡ് ഇന്ത്യ സ്വീകരിക്കുന്നത്. രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും പുതിയ ‘ആസ്പയറി’നുള്ള ബുക്കിങ് സ്വീകരിക്കുമെന്നും ഫോഡ് അറിയിച്ചു.

ഒട്ടെറെ പുതുമകളോടെയാണ് ഫോഡ് പരിഷ്കരിച്ച ‘ആസ്പയർ’ വിൽപ്പനയ്ക്കെത്തിക്കുന്നത്. പുത്തൻ ‘ഫ്രീസ്റ്റൈലി’ലെ കറുപ്പിനു സമാനമായി സിൽവർ ഇൻസർട്ട് സഹിതമുള്ള പുതിയ ബംപർ, പരിഷ്കരിച്ച ഹെഡ്ലാംപ് ക്ലസ്റ്റർ, പുത്തൻ ഫോഗ് ലാംപ് ഹൗസിങ്, സിൽവർ ഫിനിഷോടെ വലിപ്പമേറിയ മുൻഗ്രിൽ തുടങ്ങിയവയൊക്കെ ഈ ‘ആസ്പയറി’ലുണ്ട്. പിന്നിലാവട്ടെ ബംപറിലെ പുത്തൻ ഇൻസർട്ടുകളാണു മാറ്റം. മുന്തിയ വകഭേദമായ ‘ടൈറ്റാനിയ’ത്തിലാവട്ടെ പുത്തൻ രൂപകൽപ്പനയുള്ള അലോയ് വീലുമുണ്ട്. 

കാറിന്റെ അകത്തളത്തിന് ബ്ലാക്ക് — ബീജ് ഇരട്ടവർണ സങ്കലനമാമു ഫോഡ് തിരഞ്ഞെടുത്തിരിക്കുന്നത്. സെന്റർ കൺസോളിലെ ഫ്ളോട്ടിങ് ടച്സ്ക്രീൻ വഴിയുള്ള സിങ്ക് ത്രീ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഈ ‘ആസ്പയറി’ലുണ്ട്. പുനഃക്രമീകരിച്ച എയർകണ്ടീഷനർ വെന്റുകളും പിയാനോ ബ്ലാക്ക് അക്സന്റുമാണ് അകത്തളത്തിലെ മറ്റു മാറ്റം.

അതേസമയം സാങ്കേതിക വിഭാഗത്തിലാവട്ടെ പുതിയ എൻജിന്റെ വരവാണ് പരിഷ്കരിച്ച ‘ആസ്പയറി’ലെ പ്രധാന മാറ്റം; ‘ഫ്രീസ്റ്റൈലി’ലെ 1.2 ലീറ്റർ ഡ്രാഗൺ എൻജിനാണ് ‘ആസ്പയറി’ലുമെത്തുന്നത്. 96 പി എസ് വരെ കരുത്തും 120 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇതോടൊപ്പം 100 പി എസ് കരുത്തും 215 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള 1.5 ലീറ്റർ ഡീസൽ എൻജിനോടെയും പുതിയ ‘ആസ്പയർ’ വിൽപ്പനയ്ക്കുണ്ടാവും.