Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിഗൊയുടെ ടയർ പങ്കാളിയായി മിഷെലിൻ

indigo

ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ‘ഇൻഡിഗൊ’യ്ക്ക് ഇനി വിമാന ടയറുകൾ ലഭ്യമാക്കുക ഫ്രഞ്ച് നിർമാതാക്കളായ മിഷെലിൻ. ‘ഇൻഡിഗൊ’യുടെ എയർബസ്, എ ടി ആർ വിമാനങ്ങൾക്കു ദീർഘകാലാടിസ്ഥാനത്തിൽ ടയർ വിതരണം ചെയ്യാനുള്ള കരാറാണു മിഷെലിൻ നേടിയത്. ഇന്ധനക്ഷമതയേറിയതെന്ന് കമ്പനി അവകാശപ്പെടുന്ന ‘മിഷെലിൻ എയർ എക്സ്’ ടയറുകളാവും ഇനി ‘ഇൻഡിഗൊ’ വിമാനങ്ങളിൽ ഉപയോഗിക്കുക.

കൂടുതൽ തവണ ലാൻഡ് ചെയ്യാമെന്നതും അധിക ഇന്ധനക്ഷമതയും ബാഹ്യഘടകങ്ങൾ മൂലം തകരാറേൽക്കാനുള്ള സാധ്യത കുറവാണെന്നതുമൊക്കെയാണ് ‘എയർ എക്സ്’ വിമാന ടയറിന്റെ സവിശേഷതകളായി മിഷെലിൻ നിരത്തുന്നത്. റേഡിയൽ കേസിങ് രൂപകൽപ്പനയും നിർമാണ ഘടകങ്ങളിലെ കുറവുമൊക്കെ ടയറിനെ പരിസ്ഥിതി സൗഹൃദമാക്കുന്നുണ്ടെന്നും മിഷെലിൻ അവകാശപ്പെടുന്നു. അധിക ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതിനാൽ ഈ ടയർ ഉപയോഗിക്കുന്നത് കാർബൺ ഡയോക്സൈഡ് മലിനീകരണം കുറയ്ക്കുമെന്നും കമ്പനി വിലയിരുത്തുന്നു.

ലാൻഡിങ് വേളയിലെ ആവശ്യങ്ങൾക്കായി പൂർണമായും സജ്ജമാണെന്നതിനാൽ ഈ ടയറുകൾ ഇന്ധനക്ഷമത വർധിപ്പിക്കാനും പരിസ്ഥിതിയോടു സൗഹൃദം പുലർത്താനും സഹായിക്കുമെന്നു മിഷെലിൻ എയർക്രാഫ്റ്റ് ടയർ പ്രസിഡന്റ് ഫ്രാങ്ക് മോറൊ അഭിപ്രായപ്പെട്ടു.  എയർബസിന്റെ ‘എ 320 നിയോ’ വിമാനത്തിന്റെ യഥാർഥ ടയർദാതാക്കളും മിഷെലിൻ തന്നെ.

ആഗോളതലത്തിൽ തന്നെ അതിവേഗ വളർച്ച കൈവരിച്ചു മുന്നേറുന്ന ബജറ്റ് എയർലൈൻ എന്നാണ് ‘ഇൻഡിഗൊ’ സ്വയം വിശേഷിപ്പിക്കുന്നത്. 12 എ ടി ആർ അടക്കം മൊത്തം 195 ‘എയർബസ് എ 320’ വിമാനങ്ങളാണു നിലവിൽ ‘ഇൻഡിഗൊ’യ്ക്കുള്ളത്. ഇന്ത്യയിൽ 49 കേന്ദ്രങ്ങളിലേക്കും 13 വിദേശ നഗരങ്ങളിലേക്കുമായി പ്രതിദിനം 1,3000 സർവീസുകളാണ് ‘ഇൻഡിഗൊ’ വാഗ്ദാനം ചെയ്യുന്നത്.