Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയിം ഇന്ത്യ പദ്ധതിക്ക് 100 കോടി രൂപ കൂടി

fame-india Fame India

വൈദ്യത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം) ഇന്ത്യ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 100 കോടി രൂപ കൂടി നീക്കിവയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2015 ഏപ്രിൽ ഒന്നു നിലവിൽ വന്ന ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ കാലാവധി ഇതുവരെ നാലു തവണയാണു സർക്കാർ ദീർഘിപ്പിച്ചത്; അനുവദിച്ച തുകയാവട്ടെ 895 കോടി രൂപയുമായി ഉയർത്തി. തുടക്കത്തിൽ രണ്ടു വർഷ കാലാവധി നിശ്ചയിച്ചായിരുന്നു ‘ഫെയിം ഇന്ത്യ’യുടെ ആദ്യഘട്ടം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടം പൂർത്തിയാവുന്ന മുറയ്ക്ക് ‘ഫെയിം ഇന്ത്യ’ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

‘ഫെയിം ഇന്ത്യ’യുടെ ആദ്യഘട്ടത്തിന്റെ കാലാവധി ആറു മാസം വീതം നാലു തവണയാണ് ഇതുവരെ നീട്ടിയത്. നിലവിൽ പദ്ധതിയുടെ കാലാവധി 2019 മാർച്ചിൽ അവസാനിക്കാനിരിക്കുകയാണ്. അതിനു മുമ്പ് രണ്ടാം ഘട്ട പ്രഖ്യാപനം വരുന്നപക്ഷം അതോടെ ‘ഫെയിം ഇന്ത്യ’യുടെ ആദ്യ ഘട്ടം പൂർത്തിയാവും. ‘ഫെയിം ഇന്ത്യ’ ആദ്യ ഘട്ടത്തിന് അനുവദിച്ച തുക 795 കോടി രൂപയിൽ നിന്ന് 895 കോടി രൂപയായി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നൽികയിരുന്നു. തുടർന്ന് പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കേന്ദ്ര ഘടന വ്യവസായ, പൊതു സംരംഭ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനവും പുറപ്പെടുവിച്ചു. വ്യയ ധനകാര്യ സമിതി(ഇ എഫ് സി)യുടെ ശുപാർശ അംഗീകരിച്ചാണു ധനമന്ത്രാലയം ‘ഫെയിം ഇന്ത്യ’ പദ്ധതിക്ക് അധിക തുക അനുവദിച്ചത്. 

ശൈശവ ദശയിലുള്ള വൈദ്യുത വാഹനവ്യവസായത്തിന്റെ മുന്നേറ്റത്തിന് സർക്കാർ സഹായം അനിവാര്യമാണെന്നാണു വ്യവസായ മേഖലയുടെ വിലയിരുത്തൽ. വൈദ്യുത വാഹന നിർമാണവും വിൽപ്പനയും വ്യാപകമാവാൻ ‘ഫെയിം’ തുടരേണ്ടത് അനിവാര്യതയാണെന്നു മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു.  അതേസമയം സർക്കാർ സബ്സിഡി വഴി മാത്രം വൈദ്യുത വാഹന വ്യവസായം  പുരോഗതി കൈവരിക്കില്ലെന്നും മഹീന്ദ്ര കരുതുന്നു. ഏതെങ്കിലും ഘട്ടത്തിൽ വൈദ്യുത വാഹന വ്യവസായം പ്രവർത്തന സ്വാതന്ത്യ്രം നേടേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.