Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏപ്രിൽ മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധം

high-security-number-plate Representative Image

ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ളേറ്റിൽ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലർമാർക്കായിരിക്കും. നമ്പർ പ്ളേറ്റ് നിർമിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിർമാതാവിനു സമീപിക്കാം. റജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ മുൻവശത്തെ ഗ്ളാസിൽ പതിപ്പിക്കും. ഇതിൽ മാറ്റം വരുത്താൻ പിന്നീട് സാധിക്കില്ല. ഇളക്കാൻ ശ്രമിച്ചാൽ തകരാർ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഗ്ളാസ് മാറേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിനു അംഗീകൃതർ സർവീസ് സെന്ററിനെ സമീപിക്കുകയും വേണം.‌

സാധാരണയായ നമ്പർ പ്ളേറ്റുകൾ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ളേറ്റുകൾ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പർ പ്ളേറ്റുകൾക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനൽ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്ളേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ളേറ്റുകൾ നിർബന്ധമല്ല. എന്നാൽ താൽപര്യമുള്ളവർക്ക് ഘടിപ്പിക്കാം.

2001 ലാണ് നമ്പർ പ്ളേറ്റ് പരിഷ്കാരം ഏർപ്പെടുത്താൻ നിയമഭേദഗതി കൊണ്ടു വന്നത്. എന്നാൽ പൂർണമായി വിജയം കൈവരിക്കാനായില്ല. ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് നടപ്പാക്കിയത്. പല തവണ ടെൻഡർ വിളിച്ചെങ്കിലും ലേലത്തിൽ കമ്പനികൾ തമ്മിലുള്ള തർക്കം തടസമാകുകയായിരുന്നു  സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു നമ്പർ പ്ലേറ്റ് വാങ്ങുമ്പോൾ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പ്ലേറ്റുകളാണു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ പപുതിയ സാങ്കേതികവിദ്യയുടെ പിൻബലമുള്ള നമ്പർ പ്ലേറ്റുകൾ നിലവിൽ വരുന്നത് ദേശീയതലത്തിൽ തന്നെ നമ്പർ പ്ലേറ്റുകൾക്ക് ഐകരൂപം കൈവരിക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

related stories