Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ മെഴ്സീഡിസ് ബെന്‍സിന്റെ വില കൂടും

benz

പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ്. ഉൽപ്പാദന ചെലവ് ഉയർന്നതു പരിഗണിച്ച് ഇന്ത്യൻ മോഡൽ ശ്രേണിയുടെ വിലയിൽ രണ്ടു ശതമാനം വരെ വർധനയാണു പ്രാബല്യത്തിലെത്തുകയെന്നും കമ്പനി വിശദീകരിച്ചു. മൊത്തം 24 മോഡലുകളാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ വിൽക്കുന്നത്; ഡൽഹി ഷോറൂമിൽ 27.50 ലക്ഷം രൂപ വിലയുള്ള ‘എ ക്ലാസ്’ മുതൽ 2.70 കോടി രൂപ വിലയുള്ള ‘എസ് 63 എ എം ജി’ കൂപ്പെ വരെ നീളുന്നതാണു കമ്പനിയുടെ മോഡൽ ശ്രേണി. ഇതിൽ 14 മോഡലുകൾ ഇക്കൊല്ലമാണു കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചത്.

ആഗോള മോഡൽ ശ്രേണിയിലെ മികച്ച ഉൽപന്നങ്ങളാണു കമ്പനി ഇന്ത്യൻ ഉപയോക്താക്കൾക്കു ലഭ്യമാക്കുന്നതെന്നു മെഴ്സീഡിസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ വിശദീകരിച്ചു. പ്രാദേശിക നിർമിത യന്ത്രഭാഗങ്ങളുടെ വിഹിതം വർധിപ്പിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾക്കു മൂല്യവർധന നൽകാനും കമ്പനി ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഉൽപ്പാദനചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണു വാഹന വിലകളിൽ ചില പുനഃക്രമീകരണം നടത്താൻ കമ്പനി നിർബന്ധിതരായതെന്നും ഫോൾജർ വ്യക്തമാക്കി.

എന്നാൽ വില വർധന നടപ്പായാലും സ്റ്റാർ ഫിനാൻസ്, സ്റ്റാർ അജിലിറ്റി, സ്റ്റാർ ലീസ്, കോർപറേറ്റ് ലീസ് തുടങ്ങി മെഴ്സിഡീസ് ബെൻസ് അവതരിപ്പിച്ചിട്ടുള്ള പദ്ധതികൾ കാർ സ്വന്തമാക്കുന്നത് ആയാസരഹിതവും ആകർഷകവുമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം വിൽപ്പനാന്തര സേവനം മെച്ചപ്പെടുത്താൻ സ്റ്റാർ ഈസ്, സ്റ്റാർ കെയർ, സ്റ്റാർ കെയർ പ്ലസ്, ഓൺ റോഡ് അസിസ്റ്റൻസ് പദ്ധതികളും പ്രാബല്യത്തിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.ഇക്കൊല്ലം ജനുവരി — സെപ്റ്റംബർ കാലത്ത് 10,079 യൂണിറ്റായിരുന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ വിൽപ്പന. മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 34% കൂടുതലാണിത്. അതിനിടെ പുതുവർഷം മുതൽ ‘മിനി’ ഉൾപ്പടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുമെന്ന് എതിരാളികളായ ബി എം ഡബ്ല്യു നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വർധനയാണു ജനുവരി ഒന്നിനു പ്രാബല്യത്തിലെത്തുകയെന്നും ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.