Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയറ്റിന്റെ ആദ്യ ‘ബൈക്ക് ഷോപ്പ്’ ബെംഗളൂരുവിൽ

ceat-logo

ഇരുചക്രവാഹനങ്ങൾക്കുള്ള ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമായി പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റ് പ്രത്യേക ഔട്ട്ലെറ്റ് തുറന്നു. ഇരുചക്രവാഹനങ്ങൾക്കുള്ള പിരേലി ശ്രേണിയിലെയും സൂപ്പർ ബൈക്കുകൾക്കുള്ള മെറ്റ്സെല്ലർ ശ്രേണിയിലെ ടയറുകൾ അടക്കമുള്ള ഉൽപന്നങ്ങളാണു ബെംഗളൂരുവിൽ ആരംഭിച്ച ‘ബൈക്ക് ഷോപ്പി’ലുള്ളത്. കമ്പനിയുടെ ദക്ഷിണേന്ത്യ സോണൽ ജനറൽ മാനേജർ ലാവിഷ് തലെഗാവോങ്കറാണു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

സൂപ്പർ ബൈക്കുകളടക്കമുള്ള ഇരുചക്രവാഹനങ്ങളുടെ ടയർ സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രത്യേക ഔട്ട്ലെറ്റ് എന്ന നിലയിലാണു ‘സിയറ്റ് ബൈക്ക് ഷോപ്പി’ന്റെ രൂപകൽപ്പന. ടയർ മാറാനും ഫിറ്റിങ്ങിനും അലൈൻമെന്റിനും ബാലൻസിങ്ങിനുമുള്ള അത്യാധുനിക സംവിധാനങ്ങൾക്കൊപ്പം ടയറുകളിൽ നൈട്രജൻ നിറയ്ക്കാനുള്ള സൗകര്യവും ഷോപ്പിൽ ലഭ്യമാണ്. അത്യാധുനിക യന്ത്ര സംവിധാനങ്ങൾക്കൊപ്പം മികച്ച പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനവും ‘ബൈക്ക് ഷോപ്പി’ൽ സിയറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇരുചക്രവാഹന ഉടമകളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പര്യാപ്തമായ ‘സിയറ്റ് ഷോപ്പ്’ ശൃംഖലയ്ക്കു ബെംഗളൂരുവിൽ തുടക്കം കുറിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു കമ്പനി വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) നിതീഷ് ബജാജ് അഭിപ്രായപ്പെട്ടു. മികച്ച പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ അണിനിരത്തി ഉപയോക്താക്കൾക്കു ലോകോത്തര സേവനം ലഭ്യമാക്കാനാണു കമ്പനി എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ‘സിയറ്റ് ബൈക്ക് ഷോപ്പി’ലൂടെയും മികച്ച സേവനവും സൗകര്യങ്ങൾ ലഭ്യമാക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ക്രമേണ മറ്റു പ്രമുഖ നഗരങ്ങളിലെല്ലാം ‘ബൈക്ക് ഷോപ്പു’കൾ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.  

Your Rating: