Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീപിടുത്തം: 10 ലക്ഷം കാർ തിരിച്ചുവിളിക്കാൻ ബെൻസ്

benz-fire Representative Image

നിർമാണപിഴവുള്ള ഫ്യൂസിന്റെ സാന്നിധ്യം മൂലം അഗ്നിബാധയുണ്ടാവാനുള്ള സാധ്യത മുൻനിർത്തി ലോകവ്യാപകമായി 10 ലക്ഷം പുതുതലമുറ മെഴ്സീഡിസ് ബെൻസ് കാറുകൾ തിരിച്ചുവിളിക്കാൻ ജർമൻ നിർമാതാക്കളായ ഡെയ്മ്‌ലർ എ ജി ഒരുങ്ങുന്നു. ഫ്യൂസ് തകരാർ മൂലം ഇതുവരെ 51 കാറുകൾക്കു തീപിടിച്ച സാഹചര്യത്തിലാണു ഡെയ്മ്‌ലർ വിപുലമായ പരിശോധനയ്ക്കു തയാറെടുക്കുന്നത്. ഇത്തരം അപകടങ്ങളിൽ 30 എണ്ണവും യു എസിലാണു സംഭവിച്ചതെന്നും മെഴ്സീഡിസ് ബെൻസ് അറിയിച്ചു. അതേസമയം ഇത്തരം അപകടങ്ങളിൽ ആർക്കും ജീവൻ നഷ്ടപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

സ്പെയർ പാർട്സ് ലഭ്യത ഉറപ്പാക്കിയ ശേഷം ജൂലൈ മുതലാവും കാറുകൾ തിരിച്ചുവിളിക്കുകയെന്നു ഡെയ്മ്‌ലർ സൂചിപ്പിച്ചു. 2017 മോഡൽ അടക്കമുള്ള വാഹനങ്ങൾക്കാണ് പരിശോധന വേണ്ടി വരിക. പുതുതായി നിർമിക്കുന്ന വാഹനങ്ങളിൽ അഗ്നിബാധ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നു ഡെയ്മ്‌ലർ വിശദീകരിക്കുന്നു. നിലവിൽ ഡീലർമാരുടെ പക്കലുള്ള കാറുകളിലെ തകരാർ പരിഹരിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഫ്യൂസ് തകരാർ പരിഹരിക്കാത്ത കാറുകൾ വിൽക്കില്ലെന്നും മെഴ്സീഡിസ് ബെൻസ് വക്താവ് വ്യക്തമാക്കി.

പരിശോധന ആവശ്യമുള്ള കാറുകളിൽ 3,07,629 എണ്ണം യു എസിൽ വിറ്റവയാണ്; എന്നാൽ നാലു ലക്ഷത്തോളം കാറുകൾക്ക് പരിശോധന വേണ്ടിവരുമെന്നാണു കമ്പനി യു എസ് അധികൃതരെ അറിയിച്ചിരുന്നത്. അതേസമയം മറ്റു രാജ്യങ്ങളിൽ പരിശോധന ആവശ്യമായി വരുന്ന വാഹനങ്ങളുടെ കൃത്യം എണ്ണം കണക്കാക്കിയിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നു. മെഴ്സീഡിസ് ബെൻസിനെ സംബന്ധിച്ചിടത്തോളം യു എസ് ആണു കമ്പനിയുടെ പ്രധാന വിപണി; ചൈനയും ജർമനിയുമാണ് അടുത്ത സ്ഥാനങ്ങളിൽ.
 

Your Rating: