Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫെയിം’ തുടരണമെന്നു വൈദ്യുത വാഹന നിർമാതാക്കൾ

Green Cars

വൈദ്യുത വാഹനങ്ങൾക്ക് ‘ഫെയിം’ പദ്ധതി പ്രകാരം അനുവദിച്ച ഇളവുകൾ അഞ്ചു വർഷത്തേക്കു കൂടി തുടരണമെന്നു വൈദ്യുത വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ്(എസ് എം ഇ വി). ഈ വിഭാഗത്തിലെ വിൽപ്പന വർധിപ്പിക്കാൻ ഇളവുകൾ തുടരേണ്ടതാണെന്നാണു സൊസൈറ്റിയുടെ നിലപാട്. വൈദ്യുത വാഹന ലഭ്യത, ആവശ്യം, ഗവേഷണ — വികസനം തുടങ്ങിയവ അടിസ്ഥാനമാക്കി ഈ മേഖലയ്ക്കായി ദീർഘകാല നയരൂപീകരണം നടത്തണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുത വാഹനം വാങ്ങാനായി അനായാസ വായ്പ ലഭ്യമാക്കുക, പെട്രോൾ പമ്പുകളിൽ ഓരോ ചാർജിങ് പില്ലർ എങ്കിലും നിർബന്ധമായും ഏർപ്പെടുത്തുക, സർക്കാർ ആവശ്യങ്ങൾക്ക് വൈദ്യുത വാഹനം ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ് എം ഇ വി ഉന്നയിച്ചു. രാജ്യത്തു വൈദ്യുത വാഹന വിൽപ്പനയും ഉപയോഗവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു കേന്ദ്ര സർക്കാർ നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാനിന്റെ ഭാഗമായി ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ(ഫെയിം ഇന്ത്യ) പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം വൈദ്യുത, സങ്കര ഇന്ധന ഇരുചക്രവാഹനങ്ങൾക്ക് 29,000 രൂപയുടെയും വൈദ്യുത കാറുകൾക്ക് 1.38 ലക്ഷം രൂപയുടെയും ഇളവുകളാണു ലഭിക്കുക. ആദ്യ രണ്ടു സാമ്പത്തിക വർഷങ്ങളിൽ ഫെയിം പദ്ധതിക്കായി 795 കോടി രൂപയും വകയിരുത്തിയിരുന്നു. അഞ്ചു വർഷത്തേക്കു കൂടി ‘ഫെയിം ഇന്ത്യ’ പദ്ധതി നീട്ടുന്നത് വൈദ്യുത വാഹന നിർമാണ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് എസ് എം ഇ വി ഡയറക്ടർ (കോർപറേറ്റ് അഫയേഴ്സ്) സൊഹിന്ദർ ഗിൽ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ മേഖലയിലെ പുരോഗതി വൈദ്യുത വാഹന നിർമാണ വ്യവസായത്തിനു സ്ഥിരത സമ്മാനിക്കും. എന്നാൽ ഇതിനെല്ലാം മേഖലയ്ക്കായി ദീർഘകാല നയരൂപീകരണം അത്യാവശ്യമാണെന്നും ഗിൽ വ്യക്തമാക്കി.

Your Rating: