Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കായുള്ള പുതിയ കാർ വികസനം ഫോഡ് ഉപേക്ഷിച്ചു

Ford

ഇന്ത്യയും ചൈനയും പോലുള്ള എമേർജിങ് വിപണികൾക്കായി പുതിയ കോംപാക്ട് ഫാമിലി കാർ രൂപകൽപ്പന ചെയ്യാനുള്ള പദ്ധതി യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി ഉപേക്ഷിച്ചു. ചൈനയും ഇന്ത്യയും പോലെ ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച വളർച്ച രേഖപ്പെടുത്തുന്ന വിപണികളിൽ പ്രധാന മോഡലുകളുടെ വിൽപ്പനയിൽ നേരിടുന്ന ഇടിവ് പരിഗണിച്ചാണു ഫോഡിന്റെ നിലപാട് മാറ്റം. നിർദിഷ്ട ‘ബി 500’ ശ്രേണിയുടെ പ്രധാന നിർമാണ കേന്ദ്രങ്ങളായി ഇന്ത്യയെയും ചൈനയെയുമാണു ഫോഡ് പരിഗണിച്ചിരുന്നത്. പ്രീമിയം സെഡന്, ഹാച്ച്ബാക്ക്, സ്പോർട് യൂട്ടിലിറ്റി വാഹനം എന്നിവ ഉൾപ്പെടുന്ന ഈ പുത്തൻ ശ്രേണിയുടെ ഉൽപ്പാദനം 2018ൽ ആരംഭിക്കാനായിരുന്നു ഫോഡിന്റെ നീക്കം. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ ബ്രസീൽ, റഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലും ‘ബി 500’ ശ്രേണിയിലെ വാഹനങ്ങൾ നിർമിച്ചു വിൽക്കാൻ ഫോഡിനു പദ്ധതിയുണ്ടായിരുന്നു.

പുതിയ കാർ നിർമാണത്തിൽ നിന്നു പിൻമാറുന്ന കാര്യം ജൂലൈയിൽ തന്നെ ഫോഡ് സപ്ലയർമാരെ അറിയിച്ചിരുന്നു. 500 കോടി ഡോളർ(33,286 കോടിയോളം രൂപ) ഇന്ത്യയിൽ പുത്തൻ കോംപാക്ട് വാഹന ശ്രേണി അവതരിപ്പിക്കാനുള്ള പദ്ധതി നീട്ടിവയ്ക്കാൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് തീരുമാനിച്ചതും ഫോഡിന്റെ നിലപാടിനെ സ്വാധീനിച്ചെന്നാണു സൂചന. ‘ബി 500’ ശ്രേണി ഉപേക്ഷിച്ചതിനു പകരമായി 2020 — 21നുള്ളിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള ‘ഇകോസ്പോർട്’, ‘ഫിഗൊ’, ‘ഫിഗൊ ആ്സപയർ’ എന്നിവ പരിഷ്കരിക്കാനാണു ഫോഡ് ഇപ്പോൾ ആലോചിക്കുന്നത്. ഇന്ത്യയിലും ചൈനയിലും ചെറു, ഇടത്തരം ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കുമുള്ള ആവശ്യം ഇടിഞ്ഞതാണ് ‘ബി 500’ വാഹന വികസന പദ്ധതിയിൽ നിന്നു പിൻമാറാൻ ഫോഡിനെ പ്രേരിപ്പിച്ചത്.

ഇത്തരം മോഡലുകൾക്കു പകരം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോടും ഹാച്ച്ബാക്കും എസ് യു വിയും സമന്വയിക്കുന്ന ക്രോസോവറുകളോടുമാണ് ഈ വിപണികൾക്ക് ഇപ്പോൾ കൂടുതൽ പ്രതിപത്തി. പുതിയ കാർ നിർമാണത്തിനായി നിലവിലുള്ള ഉൽപ്പാദനശാലകളെ സജ്ജമാക്കാനുള്ള കനത്ത ചെലവും പദ്ധതി ഉപേക്ഷിക്കാൻ ഫോഡിനെ പ്രേരിപ്പിച്ചെന്നാണു സൂചന.
അതേസമയം ‘ബി 500’ ശ്രേണി വികസനം ഉപേക്ഷിച്ചെന്ന വാർത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഫോഡ് തയാറായിട്ടില്ല.  

Your Rating: