Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയറ്റുമതി: ഫോഡിന്റെ ‘ഇകോസ്പോർട്’ ഒന്നാം സ്ഥാനത്തേക്ക്

Ford EcoSport

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന കാറുകളുടെ പട്ടികയിൽ ഫോഡിന്റെ കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്’ ഒന്നാം സ്ഥാനത്തേക്ക്. കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്തെ കയറ്റുമതിയിലാണു ഫോഡിന്റെ ‘ഇകോ സ്പോർട്’ ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ‘മൈക്ര’യെ പിന്നിലാക്കിയത്. 2014 — 15ലെ കയറ്റുമതി കണക്കെടുപ്പിലായിരുന്നു ഹ്യുണ്ടായ് ‘ഐ ടെന്നി’നെ പിന്തള്ളി നിസ്സാൻ ‘മൈക്ര’ ഒന്നാം സ്ഥാനത്തെത്തിയത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസക്കാലത്തെ കയറ്റുമതിയിൽ മുൻ വർഷം ഇതേ കാലത്തെ അപേക്ഷിച്ച് 57.87% വളർച്ചയാണ് ‘ഇകോസ്പോർട്’ കൈവരിച്ചത്. 2014 ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 25,768 ‘ഇകോസ്പോർട്’ കയറ്റുമതി ചെയ്തത് കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 40,679 ആയിട്ടാണ് ഉയർന്നത്.

ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ‘മൈക്ര’ കയറ്റുമതിയിൽ 14.51% വളർച്ച കൈവരിക്കാനായത് നിസ്സാന് ആശ്വാസമാകുന്നു. 2014 ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 33,491 ‘മൈക്ര’ കയറ്റുമതി ചെയ്തത് കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 38,351 ആയിട്ടാണ് വർധിച്ചത്.രാജ്യത്ത് ഏറ്റവുമധികം കാർ വിൽക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള എൻട്രി ലവൽ മോഡലായ ‘ഓൾട്ടോ’യും കയറ്റുമതിയിലെ പ്രകടനം മെച്ചപ്പെടുത്തി. 2014 ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 10,536 ‘ഓൾട്ടോ’ കയറ്റുമതി ചെയ്തത് കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 33,627 ആയി ഉയർന്നതോടെ കമ്പനി കൈവരിച്ച വളർച്ച 219.16 ശതമാനമായിരുന്നു. എന്നാൽ ഹ്യുണ്ടായ് ‘ഗ്രാൻഡ് ഐ 10’ കയറ്റുമതിയിൽ 27.04% ഇടിവാണു രേഖപ്പെടുത്തിയത്. 2014 ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 28,764 യൂണിറ്റ് കയറ്റുമതി ചെയ്തത് കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 20,987 എണ്ണമായിട്ടാണു കുറഞ്ഞത്.

അതേസമയം രാജ്യത്തു നിന്നുള്ള ഏറ്റവും വലിയ കാർ കയറ്റുമതിക്കാരെന്ന പെരുമ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് നിലനിർത്തി; മാരുതി സുസുക്കിയാണു രണ്ടാം സ്ഥാനത്ത്. രണ്ടു വർഷം മുമ്പ് 2013ൽ നിരത്തിലെത്തിയ ‘ഇകോസ്പോർട്’ തുടക്കം മുതൽ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ആഭ്യന്തര വിപണിയിൽ പ്രതിമാസം 4,500 — 5,000 യൂണിറ്റിന്റെ വിൽപ്പനയോടെയായിരുന്നു ‘ഇകോസ്പോർട്ടി’ന്റെ തുടക്കം. എന്നാൽ രണ്ടു വർഷത്തിനിപ്പുറം ‘ഇകോസ്പോർട്ടി’ന്റെ ആഭ്യന്തര വിൽപ്പന ഇടിയുകയാണെന്നാണു കണക്കുകൾ നൽകുന്ന സൂചന. 2014 ഏപ്രിൽ — സെപ്റ്റംബർ അർധ വർഷത്തെ അപേക്ഷിച്ച് 23.29% ഇടിവോടെ 21,498 യൂണിറ്റായിരുന്നു കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്തെ വിൽപ്പന. ഇതോടെ ‘ഇകോസ്പോർട്’ കയറ്റുമതി ഗണ്യമായി ഉയർത്താൻ ഫോഡ് തീരുമാനിക്കുകയായിരുന്നു. ഇറ്റലി, യു കെ, സ്പെയിൻ, പോർച്ചുഗൽ, ഈജിപ്റ്റ്, ദക്ഷിണ ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം ഫോഡ് ഇപ്പോൾ ഇന്ത്യൻ നിർമിത ‘ഇകോസ്പോർട്’ കയറ്റുമതി ചെയ്യുന്നുണ്ട്.