Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയിലും വെള്ളത്തിലും ഓടുന്ന ‘ഡക്ക് ബോട്ട്’

london-duck-tours London Duck Tours

വിനോദസഞ്ചാരികളെ ആകർഷിക്കാനായി കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹവുമായി ഗോവ ടൂറിസം. ഗോവയുടെ ഉൾനാടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണു വിനോദസഞ്ചാര വകുപ്പ് ‘ഡക്ക് ബോട്ട്’ പുറത്തിറക്കിയത്. രാജ്യത്തെ തന്നെ ആദ്യത്തെ ആംഫിബിയൻ ജോയ്റൈഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ഡക്ക് ബോട്ടി’ന്റെ ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേകർ നിർവഹിച്ചു. മണ്ഡോവി നദിയിൽ നടന്ന പരീക്ഷണ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം വിനോദസഞ്ചാര വകുപ്പ് മന്ത്രി ദിലീപ് പറുലേകർ, ഗോവ ടൂറിസം വികസന കോർപറേഷൻ ചെയർമാൻ നിലേഷ് കബ്രാൽ, ചീഫ് സെക്രട്ടറി ആർ കെ ശ്രീവാസ്തവ, ടൂറിസം ഡയറക്ടർ സഞ്ജീവ് ദേശായ് തുടങ്ങിയവരും പങ്കെടുത്തു.

യു എസ് കമ്പനിയായ അഡ്വാൻസ്ഡ് ആംഫിബിയസ് ഡിസൈൻ ഇൻകോർപറേറ്റഡുമായി സഹകരിച്ച് ഗോവയിലെ ആംഫിബിയസ് ഡിസൈൻ (ഇന്ത്യ) സാക്ഷാത്കരിച്ച ‘ഡക്ക് ബോട്ടി’ന്റെ നിർമാണം നിർവഹിച്ചത് ഹോണ്ടയിലെ ഓട്ടമൊബൽ കോർപറേഷൻ ഓഫ് ഗോവ ലിമിറ്റഡ് ആണ്. ആംഫിബിയൻ ടൂർസിനാണു ‘ഡക്ക് ബോട്ടി’ന്റെ നടത്തിപ്പു ചുമതല. മൊത്തം 32 പേർക്കു വീതം യാത്ര ചെയ്യാവുന്ന രണ്ട് ആംഫിബിയൻ വാഹനങ്ങളാണ് അടുത്ത മാസം മുതൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുക. തുടർന്നു ഘട്ടം ഘട്ടമായി രണ്ടു വാഹനങ്ങൾ കൂടി വിനോദസഞ്ചാരികൾക്കായി സർവീസ് നടത്താനെത്തും.

വിനോദസഞ്ചാരികൾക്കായി സംസ്ഥാന തലസ്ഥാനമായ പനാജിയിൽ നിന്നു രണ്ടു വ്യത്യസ്ത റൂട്ടുകളിലാവും ‘ഡക്ക് ബോട്ടു’കളുടെ സഞ്ചാരം. പനാജിയിൽ നിന്ന് ഓൾഡ് ഗോവയിലേക്കും ഡോ സലിം അലി പക്ഷി നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമായി ആറു ട്രിപ്പുകൾ നടത്താനാണു പദ്ധതി. ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കു തുടക്കത്തിൽ 500 രൂപയാവും ടിക്കറ്റ് നിരക്ക്. പിന്നീട് നിരക്ക് 750 രൂപയായി ഉയർത്താനും തീരുമാനമുണ്ട്.  

Your Rating: