Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വില വർധിപ്പിക്കാനൊരുങ്ങി മെഴ്സീഡിസ് ബെൻസും

c-class-cabriolet-s-class-cabriolet S-Class-Cabriolet

ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കുകയാണെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ്. നാണ്യപ്പെരുപ്പ നിരക്ക് ഉയർന്നതും ഉൽപ്പാദന ചെലവേറിയതും വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവുമൊക്കെ പരിഗണിച്ച് വാഹന വില ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ രണ്ടു ശതമാനം വരെ ഉയർത്താനാണു കമ്പനിയുടെ തീരുമാനം. ഉൽപ്പാദന ചെലവേറിയതിനൊപ്പം വിദേശ നാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും നാണ്യപ്പെരുപ്പ നിരക്ക് ഉയർന്നതും ചേർന്ന് ലാഭക്ഷമതയ്ക്കു കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണെന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യ വിശദീകരിച്ചു. അധിക ബാധ്യത ഏറ്റെടുത്ത് മുന്നോട്ടു പോകാനാവില്ലെന്ന നില വന്നതോടെയാണ് ഇന്ത്യയിലെ വാഹനവില വർധിപ്പിക്കുന്നതെന്നു മെഴ്സീഡിസ് ബെൻസ് വിശദീകരിച്ചു.

സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ലാഭക്ഷമത നിലനിർത്താൻ വാഹന വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലാത്ത സ്ഥിതിയാണെന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ റോളണ്ട് ഫോൾജർ അറിയിച്ചു. ഉപയോക്താക്കളുടെ താൽപര്യം സംരക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ വാഹന വിലയിൽ പുനഃക്രമീകരണം നടപ്പാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉൽപ്പാദന ചെലവേറിയതിനൊപ്പം വിദേശ നാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും നാണ്യപ്പെരുപ്പ നിരക്ക് ഉയർന്നതുമെല്ലാം ചേർന്നു സൃഷ്ടിച്ച അധിക ബാധ്യത പൂർണമായി ഉപയോക്താക്കൾക്കു കൈമാറുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ചലനാത്മകമായ ഇന്ത്യൻ വിപണിയിൽ സുസ്ഥിര വ്യാപാരമാണു കമ്പനി ലക്ഷ്യമിടുന്നത്. ഒപ്പം, പ്രീമിയം ബ്രാൻഡ് എന്ന സ്ഥാനം നിലനിർത്താനും മെഴ്സീഡിസ് ബെൻസ് ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രാരംഭ മോഡലായ ‘എ ക്ലാസ്’ മുതൽ ‘മേ ബാ എസ് 600’ വരെ നീളുന്നതാണു മെഴ്സീഡിസ് ബെൻസിന്റെ ഇന്ത്യയിലെ മോഡൽ ശ്രേണി; 27 ലക്ഷം രൂപ മുതൽ 2.6 കോടി രൂപ വരെയാണു വിവിധ മോഡലുകൾക്കു വില. മെഴ്സീഡിസ് ബെൻസിനു പുറമെ പ്രമുഖ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ, ടാറ്റ മോട്ടോഴ്സ്, നിസ്സാൻ — ഡാറ്റ്സൻ, റെനോ, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ, ഫോക്സ്വാഗൻ തുടങ്ങിയവരൊക്കെ ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

Your Rating: