Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ - നിസ്സാന്‍ ശാലയിലെ മൂന്നാം ഷിഫ്റ്റ് നിര്‍ത്തി

renault-nissan

ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ വാഹന നിര്‍മാണശാലയില്‍ മൂന്നാം ഷിഫ്റ്റ് അവസാനിപ്പിക്കാന്‍ ഫ്രഞ്ച് - ജാപ്പനീസ് കാര്‍ നിര്‍മാണ സഖ്യമായ റെനോ നിസ്സാന്‍ ഓട്ടമോട്ടീവ് ഇന്ത്യ ഒരുങ്ങുന്നു. ഷിഫ്റ്റുകള്‍ രണ്ടായി കുറയുന്നതോടെ അധികമാവുന്ന താല്‍ക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ ആവശ്യമെങ്കില്‍ പുനര്‍വിന്യസിക്കാനാണു റെനോ നിസ്സാന്റെ പദ്ധതി. എന്നാല്‍ താല്‍ക്കാലിക വിഭാഗത്തില്‍ എത്ര പേരെയാണു പുറത്താക്കുകയെന്നു കമ്പനി വ്യക്തമാക്കിയില്ല. അടുത്ത ആഴ്ചയോടെ ഷിഫ്റ്റുകള്‍ രണ്ടാക്കി ചുരുക്കാനാണു കമ്പനിയുടെ നീക്കം.

പുതിയ അവതരണങ്ങളായ റെനോ 'ക്വിഡി'നും ഡാറ്റ്‌സന്‍ 'റെഡി ഗൊ'യ്ക്കുമുള്ള വര്‍ധിച്ച ആവശ്യം പരിഗണിച്ചാണു കമ്പനി മൂന്നാം ഷിഫ്റ്റിനു തുടക്കമിട്ടത്. കാറുകള്‍ക്കുള്ള ആവശ്യം ഇടിഞ്ഞിട്ടില്ലെങ്കിലും കാത്തിരിപ്പ് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഷിഫ്റ്റ് രണ്ടായി കുറയ്ക്കുന്നതെന്നാണു റെനോ നിസ്സാന്റെ വിശദീകരണം. കൂടാതെ പ്ലാന്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കിയതോടെ രണ്ടു ഷിഫ്റ്റുകളില്‍ നിന്നു പരമാവധി കാര്‍ ഉല്‍പാദിപ്പിക്കാനും കഴിയുന്നുണ്ടെന്നു കമ്പനി അവകാശപ്പെട്ടു. ഷിഫ്റ്റ് വെട്ടിച്ചുരുക്കാനുള്ള നീക്കത്തെ അനിവാര്യമായ പരിഷ്‌കാരമെന്നാണു കമ്പനി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഭാവിയില്‍ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒരഗടം ശാലയുടെ ഭാവി ഭദ്രമാണെന്നും കമ്പനി അവകാശപ്പെടുന്നു. സ്ഥിരം ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നു റെനോ നിസ്സാന്‍ വിശദീകരിക്കുന്നു.

തൊഴില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണു സ്ഥിരം ജീവനക്കാരുടെ ചുമതലകള്‍ പുനര്‍നിര്‍ണയിക്കുന്നത്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേഖലയ്ക്കു വേണ്ടിയുള്ള ഉല്‍പാദനകേന്ദ്രമായി വികസിപ്പിക്കുന്നതിനാല്‍ ശാലയുടെ ഭാവിയെപ്പറ്റി ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു റെനോ നിസ്സാന്‍ ഓട്ടമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കോളിന്‍ മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചോടെയാണു റെനോ നിസ്സാന്‍ ഒരഗടം ശാലയില്‍ മൂന്നാം ഷിഫ്റ്റ് ആരംഭിച്ചത്. ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിനായി 2019 മാര്‍ച്ച് വരെ പ്രാബല്യമുള്ള കരാറും ജൂണില്‍ കമ്പനി ഒപ്പിട്ടു. മൂന്നു വര്‍ഷ കാലത്തിനിടെ 18,000 രൂപ വരെയുള്ള വര്‍ധനയാണു കരാര്‍ വിഭാവനം ചെയ്തത്. പ്രതിവര്‍ഷം 4.80 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനശേഷിയുള്ള ശാല പ്രത്യക്ഷമായും പരോക്ഷമായും നാല്‍പതിനായിരത്തോളം തൊഴിലവസരങ്ങളാണു സൃഷ്ടിച്ചത്. 

Your Rating: