Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസ് ബ്രൗൺ എത്തുന്നു, ഫോർമുല വണ്ണിനെ നയിക്കാൻ

ross-brawn Ross Brawn

ഫോർമുല വൺ മേധാവി സ്ഥാനം ഏറ്റെടുക്കാൻ റോസ് ബ്രൗൺ എത്തുന്നു. ഇതിനു മുന്നോടിയായി ഫോർമുല വൺ ഉടമസ്ഥരായ ലിബർട്ടി മീഡിയയുമായും രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷനു(എഫ് ഐ എ)യുമായും ബ്രൗൺ കരാർ ഒപ്പിട്ടെന്നാണു സൂചന. ഫോർമുല വണ്ണിലേക്കു മടങ്ങുന്ന കാര്യം ആലോചനയിലുണ്ടെന്നു ബ്രൗൺ നേരത്തെ വ്യക്തമാക്കിയിരുന്നു. മുമ്പത്തെ പോലെ ടീം മേധാവിയായല്ല, മറിച്ച് ഈ കായിക വിനോദത്തിന്റെ തന്നെ മേധാവിയായിട്ടാവും താൻ തിരിച്ചെത്തുകയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഫോർമുല വണ്ണിൽ ബെനിറ്റണും ഫെറാരിയും വിജയഗാഥകൾ സൃഷ്ടിച്ചപ്പോൾ ഇരു ടീമുകൾക്കുമൊപ്പം പ്രവർത്തിച്ച പാരമ്പര്യമാണു ബ്രൗണിന്റേത്. കൂടാതെ അദ്ദേഹത്തിന്റെ സ്വന്തം ടീമായ ബ്രൗൺ ജി പിക്കായി മത്സരിച്ച ജൻസൻ ബട്ടൻ 2009ലെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പും സ്വന്തമാക്കിയിരുന്നു.

ബ്രൗണിന്റെ മടക്കം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെങ്കിലും മത്സരസംഘാടകരായ ഫോർമുല വൺ മാനേജ്മെന്റി(എഫ് ഒ എം)നെ നയിക്കാനാവും അദ്ദേഹമെത്തുകയെന്നാണു ലഭ്യമാവുന്ന സൂചന. ഇതോടെ നിലവിൽ എഫ് വണ്ണിനെ നിയന്ത്രിക്കുന്ന ബെർണി എക്ൽസ്റ്റന്റെ പിൻഗാമിയായി ബൗൺ മാറാനും സാധ്യതയേറി.എഫ് ഐ എ പ്രസിഡന്റായ ജീൻ ടോഡുമായി മികച്ച ബന്ധമാണു ബ്രൗണിനുള്ളത് എന്നതും ശ്രദ്ധേയമാണ്. 1997 മുതൽ 2006 വരെ ഫെറാരിക്കായി സ്വപ്നസമാന പ്രകടനം കാഴ്ച വച്ച ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇരുവരും. ശക്തവും വ്യക്തവുമായ തീരുമാനങ്ങൾ അതിവേഗം സ്വീകരിക്കാനുള്ള കഴിവാണ് ബ്രൗണിന്റെ കരുത്ത്; പദ്ധതികൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കുന്നതിലും അദ്ദേഹത്തിന് അസാമാന്യ വൈഭവമുണ്ട്.

കടുത്ത വെല്ലുവിളി നേരിടുന്ന ഫോർമുല വൺ ചാംപ്യൻഷിപ്പിന്റെ ഭാവിക്ക് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ അനിവാര്യമാണെന്നു ബ്രൗൺ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കായിക വിനോദത്തിന്റെ താൽക്കാലിക രക്ഷയ്ക്കായി ത്രിവത്സര പദ്ധതിയും ദീർഘകാലാടിസ്ഥാനത്തിൽ പഞ്ചവത്സര പദ്ധതിയും തയാറാക്കി നടപ്പാക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.