Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശലഭ് സേത്ത് ഓല ഫ്ളീറ്റ് ടെക്നോളജീസ് സി ഇ ഒ

shalabh-seth-ola Shalabh Seth

ഗതാഗത മേഖലയ്ക്കുള്ള ആപ്ലിക്കേഷനായ ഓലയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഓല ഫ്ളീറ്റ് ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ശലഭ് സേത്ത് നിയമിതനായി. മുമ്പ് സാബ് മില്ലർ ഇന്ത്യ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ റൈഡ് ഷെയറിങ് വിപണിയിൽ ഓലയുടെ മേധാവിത്തം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണു സേത്തിന്റെ ദൗത്യം. വാഹനങ്ങൾ പാട്ടത്തിനെടുത്തു നൽകുന്നതു പോലുള്ള ഡ്രൈവർ കേന്ദ്രീകൃത നടപടികൾ ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാവുമെന്ന് ഓല സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ അറിയിച്ചു. നേരത്തെ ഓല ഫ്ളീറ്റ് ടെക്നോളജീസിനെ നയിച്ചിരുന്ന കമ്പനി വൈസ് പ്രസിഡന്റ് രാഹുൽ മരോളിക്ക് കോർപറേറ്റ് മേഖലയ്ക്കായി ഓല ലഭ്യമാക്കുന്ന സേവനങ്ങളുടെ നേതൃത്വം കൈമാറിയിട്ടുണ്ട്.

ഓലയെ സംബന്ധിച്ചിടത്തോളം കാറുകൾ പാട്ടത്തിനു നൽകുന്നതു തന്ത്രപ്രധാന മേഖലയാണെന്ന് അഗർവാൾ അഭിപ്രായപ്പെട്ടു. റൈഡ് ഷെയറിങ് മേഖലയിൽ ആഗോളതലത്തിൽ തന്നെ ഇത്തരമൊരു വിപണനതന്ത്രം നടപ്പാക്കിയ ആദ്യ കമ്പനിയാണ് ഓല. ഈ പുതിയ നടപടിയിലൂടെ പങ്കാളികൾക്കു കൂടുതൽ മൂല്യം ഉറപ്പാക്കാൻ കമ്പനിക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വലുതും സങ്കീർണതകളേറിയതുമായ വാണിജ്യ മേഖലയെ നയിച്ച അനുഭവ പരിചയവുമായിട്ടാണ് ശലഭ് സേത്ത് ഓലയ്ക്കൊപ്പം ചേരുന്നതെന്ന് അഗർവാൾ വിശദീകരിച്ചു. അതുകൊണ്ടുതന്നെ ഓലയുടെ ലീസിങ് വ്യാപാരത്തെ പുതിയ തലത്തിലെത്തിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നും അഗർവാൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

സാബ് മില്ലർ ഇന്ത്യയിലെത്തുംമുമ്പ് എട്ടു വർഷത്തോളം സേത്ത് ഐ ടി സി ലിമിറ്റഡിനൊപ്പമായിരുന്നു; അവിടെ ഓപ്പറേഷൻസ്, സപ്ലൈ ചെയിൻ, സെയിൽസ് മേഖലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിനായി വായ്പയോടെ കാറുകൾ വാങ്ങി പാട്ടത്തിനു നൽകുന്ന ഓല ഫ്ളീറ്റ് ടെക്നോളജീസ് 2015ലാണ് ഓല സ്ഥാപിച്ചത്. 5,000 കോടി രൂപ മുടക്കുമുതലോടെയാണ് ഓല ഈ ഉപസ്ഥാപനം സ്ഥാപിച്ചത്. ബെംഗളൂരു ആസ്ഥാനമായ ഓല ഫ്ളീറ്റ് ടെക്നോളജീസിലൂടെ വാഹന ലഭ്യത ഉറപ്പാക്കുന്നതിനു പുറമെ ഡ്രൈവർമാർക്കുള്ള പരിശീലനവും ഓല നടപ്പാക്കുന്നുണ്ട്.  

Your Rating: