Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് പിൻവലിക്കൽ തിരിച്ചടിയെന്നു മെഴ്സീഡിസ് ബെൻസ്

mercedes-benz-s500-plug-in-hybrid Mercedes Benz S Class

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതിന്റെ ഫലമായി ഇക്കൊല്ലത്തെ വിൽപ്പന മുമ്പു നിശ്ചയിച്ച തലത്തിലെത്തില്ലെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ്. 2015നെ അപേക്ഷിച്ച് ഇക്കൊല്ലം 10 ശതമാനത്തിലേറെ വിൽപ്പന വളർച്ചയാണു കമ്പനി മോഹിച്ചിരുന്നത്; എന്നാൽ ഇക്കൊല്ലത്തെ വിൽപ്പന മുൻവർഷത്തെ അതേ നിലവാരത്തിൽ തുടരുമെന്നാണു മെഴ്സീഡിസിന്റെ പുതിയ വിലയിരുത്തൽ. 2015ൽ 13,502 യൂണിറ്റ് വിറ്റ കമ്പനി പക്ഷേ 2017ൽ 10% വിൽപ്പന വളർച്ച കൈവരിക്കാനാവുമെന്നും കണക്കുകൂട്ടുന്നു.

ഒക്ടോബറിൽ ഡൽഹി — രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലെ ഡീസൽ വാഹന വിലക്ക് അതിജീവിക്കുമ്പോഴും നില ഭദ്രമായിരുന്നെന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ വെളിപ്പെടുത്തി. ആ ഘട്ടത്തിലും ഇക്കൊല്ലം 10% വിൽപ്പന വളർച്ച സാധ്യവുമായിരുന്നു. എന്നാൽ നവംബർ ആദ്യവാരം പ്രഖ്യാപിച്ച നോട്ട് വിലക്ക് കാര്യങ്ങൾ തകിടം മറിച്ചു. 2015ലെ വിൽപ്പനയെങ്കിലും ഇക്കൊല്ലം ആവർത്തിക്കാൻ കഴിഞ്ഞാൽ അതു നേട്ടമായി കരുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിച്ചെങ്കിലും 500, 1000 രൂപ തുടങ്ങിയ മൂല്യമേറിയ നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ മെഴ്സീഡിസ് മേധാവി പിന്തുണച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഈ നടപടി ഗുണകരമാവുമെന്നാണു ഫോൾജറുടെ വിലയിരുത്തൽ.

വെല്ലുവിളികളും അത്ഭുതങ്ങളും നഷ്ടമായ അവസരങ്ങളും നിറഞ്ഞ വർഷമെന്നായിരുന്നു 2016നെ അദ്ദേഹം വിശേഷിപ്പിച്ചത്. അടുത്ത വർഷം വാഹന വ്യവസായത്തിനാകെ തന്നെ മെച്ചപ്പെട്ട ദിനങ്ങളാവുമെന്നും ഫോൾജർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിലെ ആഡംബര വാഹന വിപണിക്കു മൊത്തത്തിൽ തന്നെ ഇക്കൊല്ലത്തെ വിൽപ്പനയിൽ കാര്യമായ നേട്ടം കൈവരിക്കാനാവില്ല. എന്നാൽ 2017 താരതമ്യേന മെച്ചപ്പെട്ട വർഷമാകും. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളുടെ പേരിൽ വാഹനം വാങ്ങാനുള്ള തീരുമാനം വൈകിക്കുന്നവർ അടുത്ത വർഷം തീർച്ചയായും തിരിച്ചെത്തുമെന്നും ഫോൾജർ പ്രത്യാശിച്ചു. അപ്രതീക്ഷിത തിരിച്ചടികൾ നേരിട്ടില്ലെങ്കിലും 2017ൽ മെഴ്സീഡിസ് ബെൻസ് 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.