Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂട്ടർ വിപണിയിൽ 10% വിഹിതം മോഹിച്ച് യമഹ

Yamaha Alpha യമഹ ആൽഫ.

ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ ഇക്കൊല്ലം 10% വിഹിതം സ്വന്തമാക്കാൻ ലക്ഷ്യമിട്ടു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യ(വൈ എം ഐ). നിലവിൽ സ്കൂട്ടർ വിഭാഗത്തിൽ ഏഴു ശതമാനത്തോളമാണു യമഹയുടെ വിപണി വിഹിതം. മൂന്നു സ്കൂട്ടറുകളാണ് ഇപ്പോൾ യമഹ ശ്രേണിയിലുള്ളത്: ‘ഫാസിനൊ’, ‘ആൽഫ’, ‘റേ സീ’.

Yamaha Fascino യമഹ ഫസീനോ.

ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ കമ്പനിയുടെ വിഹിതം ആറര മുതൽ ഏഴു ശതമാനം വരെയാണെന്ന് യമഹ മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ അറിയിച്ചു. ഈ ഡിസംബറിനകം വിഹിതം 10 ശതമാനത്തിലെത്തിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പുതിയ സ്കൂട്ടറായ ‘സൈനസ് റേ സീ ആർ’ ഈ മാസമോ ജൂൺ ആദ്യമോ പുറത്തിറക്കും; ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത മോഡലാണിത്.

‘സൈനസ് റേ സീ ആറി’നു കരുത്തേകുന്നത് എയർ കൂൾഡ്, നാലു സ്ട്രോക്ക്, എസ് ഒ എച്ച് സി, ഇരട്ട വാൽവ്, 113 സി സി എൻജിനാണ്. കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷനാണു സ്കൂട്ടറിന്. 103 കിലോഗ്രാം മാത്രം ഭാരമുള്ള ‘സൈനസ് റേ സീ ആറി’ന്റെ പ്രധാന എതിരാളികൾ ഹോണ്ട ‘ആക്ടീവ’യും ഹീറോ മോട്ടോ കോർപ് ‘മാസ്ട്രോ’യുമൊക്കെയാണ്.

ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ മികച്ച അവസരങ്ങളാണുള്ളതെന്നു യമഹ കരുതുന്നു. രാജ്യത്തെ മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 30 ശതമാനത്തോളമാണു സ്കൂട്ടറുകളുടെ വിഹിതം. കാഴ്ചപ്പകിട്ടും സാങ്കേതികമികവും സമന്വയിക്കുന്ന മോഡലുകൾ അവതരിപ്പിച്ച് ഈ വിഭാഗത്തിൽ നേട്ടം കൊയ്യാനാണു യമഹയുടെ നീക്കം.

മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന പ്രവചനങ്ങളുടെ പിൻബലത്തിൽ ഗ്രാമീണ മേഖലയിലെ ഇരുചക്രവാഹന വിൽപ്പന ഉയരുമെന്നാണു പ്രതീക്ഷയെന്നു കൂര്യൻ വെളിപ്പെടുത്തി. കമ്യൂട്ടർ വിഭാഗത്തിനൊപ്പം സ്കൂട്ടറുകൾക്കും ഗ്രാമീണ മേഖലയിൽ നിന്നുള്ള ആവശ്യമേറുമെന്നാണു പ്രതീക്ഷ. ജനുവരിയിലും ഫെബ്രുവരിയിലും വിൽപ്പനയിൽ കാര്യമായ വ്യത്യാസം ഉണ്ടായില്ലെങ്കിലും ഏപ്രിൽ — മേയ് കാലത്തെ പ്രകടനം ഈ വർഷത്തെക്കുറിച്ചുള്ള വ്യക്തമായ ദിശാസൂചന നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വാഹന നിർമാതാക്കളുട സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ 12% വളർച്ചയാണു സ്കൂട്ടർ വിഭാഗം കൈവരിച്ചത്; 2014 — 15ൽ 45,00,920 യൂണിറ്റ് വിറ്റതു കഴിഞ്ഞ വർഷം 50,31,678 ആയി ഉയർന്നു.

Your Rating: