Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനത്തേയും തണുപ്പ് ബാധിച്ചാല്‍...

ശൈത്യകാലമാണ്, മനസിനും ശരീരത്തിനും തണുപ്പ് പിടികൂടുന്ന കാലം. ശരിയായ പരിചരണമില്ലായ്മ വാഹനങ്ങളേയും പ്രതികൂലമായി ബാധിക്കാം. ശൈത്യകാല യാത്രകൾക്കു വാഹനം ഒരുക്കേണ്ടതെങ്ങനെ, സുരക്ഷയും ജാഗ്രതയുമുള്ള ഡ്രൈവറാകാൻ എന്തൊക്കെ കരുതലുകൾ വേണം.

∙ വിൻഡ്‌സ്‌ക്രീൻ വൃത്തിയോടെയും മഞ്ഞു നീക്കം ചെയ്തും സൂക്ഷിക്കുക. കാഴ്ച വളരെ പ്രധാനമാണ്. അതിനാൽ വാഹനത്തിന്റെ വിൻഡ് സ്‌ക്രീൻ, വിൻഡോ, മിറർ എന്നിവയിൽ മണൽത്തരികളോ പൊടിയോ പറ്റിപ്പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. വിൻഡ്‌സ്ക്രീൻ വൃത്തിയോടെ സൂക്ഷിക്കാൻ വൈപ്പറുകൾ നന്നായി പ്രവർത്തിക്കേണ്ടതുണ്ട്. 

∙ നിങ്ങളുടെ കാർ അടുത്തുള്ള അംഗീകൃത ഡീലര്‍ വര്‍ക്‌ഷോപ്പില്‍ കൊണ്ടുപോകുക. സ്വയമുള്ള പതിവു പരിശോധനകൾക്കു പുറമേ, വാഹനം മികച്ച കണ്ടീഷനിലാണെന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും. പ്രഫഷണൽ പരിശോധനയിലൂടെ വിൻഡ് ഷീൽഡ് വൈപ്പറുകൾ, ഫ്രണ്ട്, റിയർ ഡിഫ്രോസ്റ്റേഴ്‌സ്, കാർ ബാറ്ററി, ലൈറ്റുകൾ, സുരക്ഷ സംവിധാനങ്ങൾ എന്നിവയെല്ലാം നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുവാൻ സാധിക്കും. 

∙ ശ്രദ്ധാപൂർവ്വം യാത്ര പ്ലാൻ ചെയ്യുക. യാത്രയ്‌ക്കൊരുങ്ങുംമുൻപ് കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക. ട്രാഫിക് അനൗൺസ്‌മെന്റുകൾ ശ്രദ്ധിക്കുന്നതും നല്ലതാണ്. റോഡപകടങ്ങൾ, റോഡ് അടയ്ക്കൽ, ഗതാഗത നിർദേശങ്ങൾ എന്നിവയെക്കുറിച്ച് മനസിലാക്കണം. മറ്റു സമയത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് യാത്രകൾക്ക് കൂടുതൽ സമയമെടുത്തേക്കാം. അതുകൊണ്ട് അധികം സമയം കരുതണം.

∙ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുള്ള മലനിരകളിലേക്കാണ് യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ യാത്രയ്ക്കു മുൻപ് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുക. മഞ്ഞുമൂടിയ സാഹചര്യം ചിലപ്പോൾ യാത്ര സാവധാനത്തിലാകാന്‍ കാരണമാകും. തണുപ്പിൽ ഇന്ധനം തീർന്ന് അടുത്തുള്ള ഗ്യാസ് സ്റ്റേഷൻ തപ്പി നടക്കുന്ന അവസ്ഥ ആരും ആഗ്രഹിക്കില്ല. ടോർച്ചും ഫസ്റ്റ് എയ്ഡ് കിറ്റും നിർബന്ധമായും വാഹനത്തിലുണ്ടായിരിക്കണം. ഫുൾ ചാർജുള്ള മൊബൈൽ ഫോണും അതിൽ സഹായമാവശ്യമുള്ളപ്പോൾ വിളിക്കാൻ ബ്രേക്ക്ഡൗൺ പ്രൊവൈഡറുടെ നമ്പറും ഉണ്ടായിരിക്കണം. ബ്ലാങ്കെറ്റ് മറക്കരുത്. കൂടെ കുറച്ചു ഭക്ഷണവും ഫ്‌ളാസ്‌കിൽ ചൂടു പാനീയവും കരുതണം. 

∙ മൂടൽ മഞ്ഞിനെക്കുറിച്ച് അറിയുക. മൂടൽ മഞ്ഞിനെക്കുറിച്ചു മുന്നറിയിപ്പുണ്ടെങ്കിൽ അതു മാറുന്നതുവരെ യാത്ര നീട്ടിവെയ്ക്കുക. അതു സാധ്യമല്ലെങ്കിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുകയും ലോ ബീം ഹൈഡ് ലൈറ്റ് ഉപയോഗിക്കുകയും ചെയ്യുക. ഹൈ ബീം മൂടൽ മഞ്ഞിലെ ജലകണികകളിൽ തട്ടി പ്രതിഫലിക്കുകയും കാഴ്ച ദുഷ്‌ക്കരമാക്കുകയും ചെയ്യും. ടെയ്ൽ ലൈറ്റുകളും ബ്ലിങ്കറുകളും എപ്പോഴും ഓണാക്കി വെക്കുക. മറ്റു ഡ്രൈവർമാർക്ക് നിങ്ങളുടെ കാർ കാണാനും സുരക്ഷിതമായ അകലം പാലിക്കുവാനും ഇതുവഴി സാധിക്കും. നിങ്ങളുടെ കാറിന് ഫോഗ് ലൈറ്റുകളില്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള സെല്ലോഫെയ്ൻ പേപ്പറുകൾ കരുതുക. കാറിന്റെ ഹെഡ്‌ലൈറ്റിൽ ഈ പേപ്പർ ഒട്ടിച്ച ശേഷം ഹൈ ബീം ഓൺ ആക്കുക. 

∙ വേഗം ക്രമീകരിക്കുക. സാധാരണയേക്കാൾ വേഗത കുറച്ച് ഡ്രൈവ് ചെയ്യുന്നതായിരിക്കും ഉചിതം. മുൻപിലുള്ള കാറുമായി വേണ്ടത്ര അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക. മറികടക്കലും ലൈൻ മാറുന്നതും ട്രാഫിക് ക്രോസിങ്ങും വളരെ വളരെ ശ്രദ്ധയോടെ, അത്യാവശ്യമെങ്കില്‍മാത്രം മതി.

∙ കാണുക, കാണാൻ അനുവദിക്കുക. മഞ്ഞിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ ലൈറ്റുകൾ ലോ ബീമിലിടുക. ട്രാഫിക് ലൈറ്റുകൾ, സ്റ്റോപ്പ് സൈൻ, വളവുകൾ എന്നിവ ശ്രദ്ധിക്കുകയും അവയോട് ആവശ്യത്തിന് സമയമെടുത്ത് പ്രതികരിക്കുകയും ചെയ്യുക. അപകടം സംഭവിക്കുകയോ വാഹനം തകരാറാകുകയോ ചെയ്താൽ ധരിക്കാനായി മറ്റുള്ളവർക്ക് നിങ്ങളെ വ്യക്തമായി കാണാൻ സാധിക്കുന്ന ഹൈ വിസിബിലിറ്റി വസ്ത്രം കരുതുക.