Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഋഷിരാജ് സിങ് മുടക്കിയ കല്യാണം !

വിനോദ് നായർ
coffe-break

വിവാഹനിശ്ചയം കഴിഞ്ഞ് രജത് മേനോൻ ഭാവിവധു ശിൽപയെയും കൂട്ടി ആലപ്പുഴയ്ക്ക് ഒരു റൈഡിനു പോയി. മനസ്സിന്റെ ജാലകങ്ങൾ തുറന്നു പരിചയപ്പെടാം, അടുത്തിരുന്നു സംസാരിക്കാം എന്നൊക്കെയേ പാവം ഉദ്ദേശിച്ചുള്ളൂ.  റൈഡിന് ഒടുവിൽ സീൻ കോൺട്ര !

‌രജത് രാവിലെ ബൈക്കുമായെത്തി, ശിൽപ ക്രോസായി പിന്നിൽ കയറി. ആലപ്പുഴ റൂട്ടിലൂടെ ബൈക്ക് വിട്ടു. 

ഒരുവശത്ത് താറാവുകൾ തോണി തുഴയുന്ന പള്ളാത്തുരുത്തിയാറും മറുവശം പച്ചപുതച്ച വയലുമായി നേർരേഖ പോലെയുള്ള റോഡ്.  പുന്നെല്ലിന്റെ പാട്ടുപാടുന്ന കുട്ടനാടൻ കാറ്റ് കൂടെ വന്നു. ഉഴുവുകാളകളുടെ മുതുകിൽ ഉയർന്നു നിൽക്കുന്ന പൂഞ്ഞി പോലെ റോഡിൽ ഇടയ്ക്കിടെ ചെറിയ പാലങ്ങളുണ്ട്. താഴത്തെ കനാലുകളിലൂടെ തോണികൾ പോകുമ്പോൾ മുട്ടാതിരിക്കാൻ പാലങ്ങൾ റ പോലെ ഉയർത്തി പണിതിരിക്കുന്നതാണ്.  ഓരോ തവണയും ബൈക്ക് പാലം കയറിയിറങ്ങുമ്പോൾ ശിൽപയുടെ അടിവയറ്റിൽ നാലഞ്ചു പൂമ്പാറ്റ പറന്നു ! അവൾ അന്തംവിട്ടു ചോദിച്ചു.. ഇത്രേം സ്പീഡിലാണോ എപ്പോഴും ബൈക്ക് ഓടിക്കുന്നെ !

ഇതൊന്നും സ്പീഡല്ല. ന്യൂയോർക്കിലൊക്കെ ആളുകൾ 120ൽ കുറഞ്ഞ് ഓടിക്കുകയേയില്ല. നാട്ടിലെ റോഡുകളിൽ നൂറിലൊക്കെ ഓടിക്കാറുണ്ട്.. എന്നായി രജത്.

രജത് മേനോന് അമേരിക്കയിലാണ് ജോലി. ശിൽപയുമായുള്ള വിവാഹത്തിനായി രണ്ടു മാസത്തെ അവധിക്കുവന്നതാണ്.  

ബൈക്കിനു തൊട്ടുമുമ്പേ ചേർത്തല ഫാസ്റ്റ് പോകുന്നുണ്ടായിരുന്നു. ഇടവഴിയിൽ കിട്ടിയ ചാൻസിൽ രജത് ഇടത്തൂടെ കേറ്റിയെടുത്ത് നീട്ടി ഹോണടിച്ച്  ബസിനെ ഓവർടേക് ചെയ്തു മുന്നിൽ എത്തിയപ്പോൾ പശുവും കിടാവുമായി ഒരു കർഷകൻ റോഡിൽ. പശു മൈൻഡ് ചെയ്തില്ല. കിടാവ് പേടിച്ച് കയറൂരിപ്പാഞ്ഞു. അതിനെ വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ അതാ ഒരു കുഴി. അതിൽച്ചാടി നാലുപാടും തെറിച്ചു ചെളി ! അതോടെ റോഡരികിൽ നിന്ന ഒരാളുടെ വക തെറി !

രജത് ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.. ഫണ്ണി !

അവൾ ചോദിച്ചു..  അമേരിക്കയിലും ഇങ്ങനെയൊക്കെയാണോ ഡ്രൈവ് ചെയ്യുന്നെ ?

അവിടെ നിയമം കർശനമാണ്. തെറ്റിച്ചാൽ അപ്പോൾ പിടിവീഴും. റോങ് ആയി ഒന്നും ചെയ്യാൻ പറ്റില്ല  എന്നായി രജത്. 

രജത് പറഞ്ഞു..  നാട്ടിൽ ഇതൊന്നും പ്രശ്നമല്ലല്ലോ. പൊലീസിനെ കാണുമ്പോൾ മാത്രം ഹെൽമെറ്റ് തലയിൽ വച്ചാൽ മതിയെന്നല്ലേ നിയമം.  വിമൻസ് കോളജിന്റെ മുന്നിൽ വരുമ്പോൾ ചൂളമടിക്കുന്ന ടോണിൽ ഹോണടിക്കുമായിരുന്നു. ഇനി അതു ചെയ്യില്ല, കേട്ടോ.. !

അവൾ ചോദിച്ചു.. ആളു കൊള്ളാമല്ലോ... നാട്ടിലാകുമ്പോൾ വേറെന്തൊക്കെ വേലകൾ കാണിക്കും.. ?

കൊച്ചിയിലെ മറൈൻ ഡ്രൈവിലൂടെ വൈകുന്നേരം ബൈക്ക് ചേസിങ്. ഞങ്ങൾ‌ ഫ്രണ്ട്സ് എല്ലാം കൂടുമ്പോഴുള്ള ഒരു ത്രില്ലാണത്. കുട്ടിക്കാനം മുതൽ മൂന്നാർ‌ വരെ ഒരിക്കൽപ്പോലും ബ്രേക്ക് ചവിട്ടാതെ കാർ ഓടിച്ചിട്ടുണ്ട് ഞാൻ...!

ആളൊഴിഞ്ഞ ഇടം നോക്കി രജത് ബൈക്ക് നിർത്തി. ‌‍ അവൻ ശിൽപയോടു പറഞ്ഞു.. നാട്ടിൽ വരുമ്പോഴല്ലേ, നമ്മൾ പച്ച മനുഷ്യരാകുന്നത്. 

റോഡരികിൽ പാടത്തിനു നേരെ തിരിഞ്ഞു നിന്ന് മൂത്രമൊഴിക്കുന്ന രജതിനെ ശിൽപ മൊബൈൽ ഫോണിന്റെ ക്യാമറയിൽ പകർത്തി.. 

ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ട് രജത് വിളിച്ചു പറഞ്ഞു..  ഈ സ്ഥലം ഓർത്തു വച്ചോണം. കല്യാണം കഴിഞ്ഞും നമ്മൾ ഈ റൂട്ടിൽ വരും. ഇതൊക്കെ എന്റെയൊരു ഹോബിയാ.. !

അവൾ ചിരിച്ചു.

രാത്രി തിരിച്ചു വീട്ടിലെത്തി. ഫ്രണ്ട്സിനോട് ചാറ്റ് ചെയ്തു കഴിഞ്ഞ് രജത് നോക്കുമ്പോൾ ഫോണിൽ ശിൽപയുടെ മെസേജ്... കല്യാണത്തിന് ഞാൻ റെഡിയല്ല. 

രജത്തിന്റെ ഹെഡ് ലൈറ്റ് ഫ്യൂസായി. അവൻ ചോദിച്ചു.. എന്താ കാരണം ?

ശിൽപ പറഞ്ഞു..  നിങ്ങളുടെ ഡ്രൈവിങ് എനിക്ക് ഇഷ്ടപ്പെട്ടില്ല. നിങ്ങളുടെ കൂടെയുള്ള ജീവിതം ഒട്ടും സേഫ് ആയിരിക്കില്ലെന്ന് എനിക്ക് തോന്നി.  എന്റെ സംശയം ഞാൻ ഋഷിരാജ് സിങിന് വാട്സാപ്പ് ചെയ്തു ചോദിച്ചു. 

പുള്ളിക്കാരന്റെ മറുപടി ഇപ്പോൾ കിട്ടി..  ട്രാഫിക് നിയമം പാലിക്കാത്ത ഒരാളെ കല്യാണം കഴിക്കുന്നത് ബ്രേക്ക് ഇല്ലാത്ത വണ്ടി ഓടിക്കുന്നതുപോലെയാണ്.