‌ലൈഫ് സൈക്കിൾ !

coffe-brake
SHARE

അച്ഛന്റെ എൺപതാം പിറന്നാളിന് മകൻ ഒരു സൈക്കിൾ വാങ്ങിക്കൊടുത്തു. രണ്ടു ചക്രമുള്ള, ഇരിക്കാൻ കുഷനിട്ട സീറ്റുള്ള ഒരു പുത്തൻ സൈക്കിൾ. അതിൽ കയറിയിരിക്കുമ്പോൾ അച്ഛൻ പറഞ്ഞു.. ഈ സൈക്കിളിന് കാറ്റടിക്കേണ്ട. അത് ശരിയായിരുന്നു. പ്രായമായവർക്ക്  ആരോഗ്യം സംരക്ഷിക്കാനുള്ള സൈക്കിളായിരുന്നു അത്. ടയറുകളുണ്ടെങ്കിലും ഓടില്ല. അച്ഛന് ഈയിടെയായി നടക്കാനൊക്കെ മടിയാണെന്നു പറഞ്ഞപ്പോൾ ഡോക്ടർ നിർദേശിച്ചതായിരുന്നു അത്. 

മകൻ ചോദിച്ചു.. ഇഷ്ടപ്പെട്ടോ.. അച്ഛൻ പറഞ്ഞു.. ഉമ്മ...പെട്ടെന്നൊരു മഴത്തുള്ളി വന്നു നെറുകയിൽ വീണതുപോലെ മകന് സന്തോഷമായി. അച്ഛൻ പറഞ്ഞു.. ഒരു ബെല്ലുകൂടിയുണ്ടായിരുങ്കിൽ സൂപ്പറായേനെ..കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഇരുപതാം നിലയിലാണ് മകന്റെ ഫ്ളാറ്റ്.   ബാൽക്കണിയിൽ സൈക്കിൾ കൊണ്ടു വച്ച് അതിലിരുന്ന് കൊച്ചി നഗരം കാണുന്നതായി പിന്നെ അച്ഛന്റെ വിനോദം. 

ദൂരെ അറബിക്കടലിൽ നങ്കൂരമിട്ട കപ്പലുകളുടെ പുകക്കുഴൽ കാണാം. അവയുടെ നെറ്റിയിലും കവിളിലും ചുവന്ന പൊട്ടു തൊടുന്ന രാത്രിവിളക്കുകളിലേക്കു നോക്കി അച്ഛൻ പറഞ്ഞു.. ഒരു മണിക്കൂർ സൈക്കിൾ ചവിട്ടണം മറൈൻ ഡ്രൈവിലെത്താൻ.. നല്ല ട്രാഫിക്കുണ്ട്. സൈക്കിളിനു ബൈല്ല് വേണം. ആളുകളൊന്നും റോഡിൽ നിന്നു മാറുന്നില്ല.

മകൻ സംശയത്തോടെ അച്ഛന്റെ നേരെ നോക്കി.അച്ഛൻ ചിരിച്ചു... വട്ടായിപ്പോയി.. !പിറ്റേന്നു തന്നെ മകൻ ഒരു ബെല്ലു വാങ്ങി അച്ഛന്റെ സൈക്കിളിൽ ഫിറ്റ് ചെയ്തു. ഡിങ് ഡോങ് ഡിങ്...അതു പ്രശ്നമായി. കൊച്ചിയിൽ രാത്രി ഒമ്പതരയ്ക്ക് ചോദിക്കാതെയും പറയാതെയും പെട്ടെന്ന് കറന്റു പോകും. ആ നേരത്ത് അച്ഛൻ ഉറക്കെ ബെല്ലടിക്കാൻ തുടങ്ങി. ഫ്ളാറ്റിനോട് ഒട്ടിച്ചേർന്ന് വേറെ ഫ്ളാറ്റുകളുണ്ട്. അവിടെ ചെറിയ ക്ളാസിൽ പഠിക്കുന്ന കുട്ടികളുണ്ട്. രാത്രിയിൽ സൈക്കിളിന്റെ ബെല്ലടി കേട്ടാൽ അവരുടെ ശ്രദ്ധ പോകും. പിള്ളേർ പുറത്തേക്കോടും.. സൈക്കിൾ.. സൈക്കിൾ..

പരാതിയുമായി അയൽക്കാർ വന്ന് കോളിങ് ബെല്ലടിക്കാൻ തുടങ്ങിതോടെ മകൻ പറഞ്ഞു.. അച്ഛാ, രാത്രിയിൽ ബൈല്ലടിക്കരുത്.

അച്ഛൻ പറഞ്ഞു.. ഞാൻ അടിക്കും.. പറ്റില്ലെന്നു പറഞ്ഞാൽ നിന്നെ അടിക്കും ! 

മകൻ എത്ര പറഞ്ഞിട്ടും അച്ഛൻ ബെല്ലടി നിർത്തിയില്ല.  ആദ്യമൊന്നും മകന് കാരണം മനസ്സിലായില്ല. കുറെ ദിവസത്തിനു ശേഷം കറന്റു പോയപ്പോൾ മകൻ അയാളുടെ ഭാര്യയോടു പറഞ്ഞു.. ബെല്ലടിയുടെ സീക്രട്ട് പിടികിട്ടി –  അച്ഛന്റെ പണ്ടത്തെ ഗേൾ ഫ്രണ്ട് – ശാരിക! മകൻ ആ കഥ കണ്ടു പിടിച്ചു. പെരുമ്പാവൂരിലായിരുന്നു അച്ഛന്റെ വീട്. പത്താംക്ളാസിൽ പഠിക്കുമ്പോൾ പുള്ളിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഒമ്പതാം ക്ളാസുകാരിയായ കഥാനായികയാണ് ശാരിക. അന്നൊക്കെ സന്ധ്യയ്ക്ക് അച്ഛൻ ട്യൂഷൻ കഴിഞ്ഞു വരുന്നത് ശാരികയുടെ വീടിന്റെ മുന്നിലൂടെയാണ്. 

ആ വീടിന്റെ അടുത്തെത്തുമ്പോൾ സ്ഥിരമായി ഒരു പ്രത്യേക ട്യൂണിലാണ് സൈക്കിളിന്റെ ബെല്ലടി !  അതു കേട്ട് നായിക നിലവിളക്കു കൊളുത്താനെന്ന ഭാവത്തിൽ മുറ്റത്തു വന്നു നിൽക്കും !

ഒരു ദിവസം ഗേൾ ഫ്രണ്ടിന്റെ അച്ഛൻ ഇതു കണ്ടു പിടിച്ചു.  കാമുകനെ കൈയോടെ പിടിച്ചു നിർത്തി, സൈക്കിൾ ടയറിന്റെ  കാറ്റഴിച്ചു വിട്ടിട്ടു പറഞ്ഞു.. ഓടെടാ.. അന്ന് കാറ്റുപോയ സൈക്കിളും  തള്ളിക്കൊണ്ടു നടക്കുമ്പോൾ കാമുകന് ഒരു കാര്യം മനസ്സിലായി. ശാരികയുടെ വീട്ടിനു മുന്നിലെ കരിയിലകൾ വീണു കിടക്കുന്ന നാട്ടുവഴിക്ക് പറ്റിയത് കാറ്റഴിച്ചു വിട്ട ടയറുകളാണ്. കരിയിലകൾ കിരുകിരാന്നു പിറുപിറുക്കില്ല. കാമുകന്റെ വരവ് ആരും അറിയില്ല. 

മകന്റെ ഭാര്യ ചോദിച്ചു.. ആ ശാരിക ഇപ്പോളെവിടെയാ.. ?

മകൻ ചിരിച്ചു.. ധൈര്യമുണ്ടെങ്കിൽ നീ തന്നെ അച്ഛനോടു ചോദിക്ക്.. ഈയിടെയായി സൈക്കിളിരുന്ന് അച്ഛൻ ഇടയ്ക്കിടെ കടലിലേക്കു നോക്കി പാടുന്നതു കേൾക്കാം... സന്യാസിനീ.. ഓ.. ഓ... ഓ...മരുമകൾ മകനോടു ചോദിച്ചു... അച്ഛൻ എന്താ പറ്റിയത് ? മകൻ പറഞ്ഞു.. അച്ഛനല്ല, സൈക്കിളിനാ കുഴപ്പം ! പ്രായമാകുമ്പോൾ സ്വപ്നങ്ങൾ മുറികൾക്കുള്ളിലേക്ക്  ഒതുങ്ങിക്കൂടുന്നു.  അതുകൊണ്ടാണ് പ്രായമാകുന്നവരുടെ സൈക്കിളിന് ചക്രങ്ങൾ ഇല്ലാത്തത് !  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN COFFEE BRAKE
SHOW MORE
FROM ONMANORAMA