Activate your premium subscription today
രണ്ടു ദിവസമായി കേരളം നടുക്കത്തോടെ കേൾക്കുന്നത് കാട്ടാനക്കലി ജീവനെടുത്തവരെക്കുറിച്ചുള്ള സങ്കടവാർത്തകൾ. ഒന്നിനു പിറകെ ഒന്നായി മൂന്നു ജീവനാണ് പൊലിഞ്ഞത്. ഇടുക്കി ജില്ലയിൽ പെരുവന്താനം പഞ്ചായത്തിലെ കൊമ്പൻപാറയിൽ സോഫിയ എന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് തിങ്കളാഴ്ച വൈകിട്ടാണ്. തിരുവനന്തപുരം പാലോടിനു സമീപം, വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ബാബുവിനെ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ അടിപ്പറമ്പ് ഇടുക്കുംമുഖം മേഖലയിൽ കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ തിങ്കളാഴ്ചതന്നെയാണു കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ബാബുവിനെ കാണാനില്ലായിരുന്നു. വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മാനു എന്ന ഗോത്ര യുവാവ് കൊല്ലപ്പെട്ട വാർത്ത ഇന്നലെ രാവിലെയാണു കേരളം കേട്ടത്. തിങ്കൾ രാത്രി ഏഴരയോടെയാണ് കാട്ടാന ആക്രമിച്ചതെന്നു കരുതുന്നു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അലയൊലി ഇപ്പോഴും മുഴങ്ങിനിൽക്കുകയാണ്. കാരണം, രാജ്യതലസ്ഥാനത്തു നടന്ന തിരഞ്ഞെടുപ്പ് 70 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പു മാത്രമായിരുന്നില്ല; രാജ്യമാകെ ഉറ്റുനോക്കിയ ഏറ്റവും ആവേശകരവും ഉദ്വേഗജനകവുമായ പോരാട്ടം തന്നെയായിരുന്നു. 27 വർഷത്തിനുശേഷം അധികാരക്കസേരയിലേക്കുള്ള ബിജെപിയുടെ ആധികാരികവിജയം ആ പാർട്ടിക്കു നൽകുന്ന ആത്മവിശ്വാസവും ആത്മബലവും വലുതാണ്.
മുഖ്യമന്ത്രിയുടെ നെഞ്ചത്തുനോക്കി പൊള്ളുന്നരീതിയിൽ പറയാമായിരുന്നു. നല്ല പബ്ലിസിറ്റി കിട്ടുമായിരുന്നു. പക്ഷേ, ഞാൻ ചെയ്തില്ല’ എന്ന് എൻസിപി നേതാവ് പി.സി.ചാക്കോ പറഞ്ഞതായാണു പാർട്ടി നേത്യയോഗത്തിന്റേതായി പുറത്തുവന്ന ശബ്ദരേഖ. നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റായ താൻ പറഞ്ഞതിനു പിണറായി വിജയൻ പുല്ലുവില കൊടുത്തതിലെ മനോവിഷമംകൊണ്ടു പറഞ്ഞുപോയതാണെന്നു കരുതണം.
കഴിഞ്ഞ 21 മാസമായി കലാപക്കെടുതിയിലായിരുന്ന മണിപ്പുരിലെ മുഖ്യമന്ത്രി ബിരേൻ സിങ് ഒടുവിൽ രാജിവച്ചു. ഒരു ഭരണാധികാരി എങ്ങനെയാവരുത് എന്നതിന് ഉദാഹരണമായി മാറിയ അദ്ദേഹത്തിന്റെ രാജി ഇപ്പോഴെങ്കിലും സംഭവിച്ചല്ലോ എന്ന് ആശ്വസിക്കാം. എന്നാൽ, ഈ രാജി ഉത്തരമാവുകയല്ല, ചോദ്യങ്ങളുയർത്തുകയാണ് ചെയ്യുന്നത്.
സംസ്ഥാനത്തുണ്ടായ സാമ്പത്തികഞെരുക്കത്തിന്റെ പശ്ചാത്തലത്തിലും ചെലവുകൾക്കു യാതൊരു കുറവും സർക്കാർ വരുത്തിയിട്ടില്ല’ എന്നു ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അഭിമാനത്തോടെ പറഞ്ഞതിന് ഒരു ഫലിതത്തിന്റെ രുചിയാണുള്ളത്. പല കാര്യങ്ങളിലും സർക്കാർവിലാസം ധൂർത്താഘോഷത്തിൽ മുഴുകി, നിർലോഭം ചെലവുചെയ്തതുകൊണ്ടാണല്ലോ അതിസാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഈ ബജറ്റിൽ ഇല്ലാതെപോയത്.
രാജ്യത്താദ്യമായി കടൽ കുഴിച്ചു മണൽവാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തെ തീരമേഖലയിൽ ഉയരുന്നത്. കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും മറ്റു ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതു വിവാദത്തിനും ആശങ്കകൾക്കും വാതിൽതുറന്നിരിക്കുന്നു. പരിസ്ഥിതി ആഘാത പഠനമടക്കം നടത്താതെയാണു കടൽമണൽ ഖനനത്തിനു നടപടി തുടങ്ങിയതെന്നതും പ്രതിഷേധത്തിനു കാരണമായി.
അരക്ഷിതാവസ്ഥയും ആശങ്കയും ഭയവുമാണ് തങ്ങളുടെ പ്രവൃത്തിയിലൂടെ പൊലീസ് ജനങ്ങളിൽ ഉണ്ടാക്കുന്നതെങ്കിൽ അവരുടെ കാക്കിക്കുപ്പായം പ്രതിനിധാനം ചെയ്യുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് അതിൽപരം നാണക്കേടെന്താണ് ? ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരിലും കളങ്കം വീഴ്ത്തിക്കൊണ്ട് പൊലീസിലെ ചിലർ നടത്തുന്ന അഴിഞ്ഞാട്ടം വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതുതന്നെ.
വഴിയോരത്ത് അതിക്രമംകണ്ട് ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഒറ്റച്ചവിട്ടിനു തീർത്തുകളയുന്ന നിഷ്ഠുരത - കേരളത്തിൽ ഏറിവരുന്ന അക്രമവാസനയുടെ ഞെട്ടിക്കുന്ന നേർസാക്ഷ്യമാണ് ഇന്നലെ കോട്ടയം തെള്ളകത്തു കണ്ടത്. ശ്യാംപ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടപ്പോൾ കേരളത്തിന്റെ മനസ്സാക്ഷികൂടിയാണ് ഉലഞ്ഞുപോയത്. പൊലീസിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ കാര്യമോ?
സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഓരോ വർഷവും വലിയ വർധന. ലോക്സഭയിലെ ചോദ്യത്തിനു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022ലെ കണക്കുപ്രകാരം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 65,893 കേസ് റജിസ്റ്റർ ചെയ്തു.
കേരളത്തിൽ പലയിടങ്ങളിലും ദിവസവും പെരുകിവരുന്ന മാലിന്യക്കൂമ്പാരങ്ങൾ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അടിയന്തരശ്രദ്ധ തേടിത്തുടങ്ങിയിട്ടു കാലമേറെയായി. ഈ മലിനസാഹചര്യത്തിൽ തെളിയുന്ന ശുചിത്വപാഠങ്ങൾക്ക് അതുകൊണ്ടുതന്നെ മൂല്യമേറെയാണ്.
ലോകമാകെ ആകാംക്ഷയും ആശങ്കയും ഉണ്ടാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രസ്താവനകൾ കൊണ്ട് ട്രംപ് ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.അമേരിക്കയുടെ പ്രശസ്തിയും പെരുമയും തിരിച്ചുകൊണ്ടുവരാൻ ട്രംപ് ശ്രമിക്കുമ്പോൾ അത് ഒരു പുതിയ രാജ്യാന്തര നൈതികതയുടെ തുടക്കമായി ആരും കാണേണ്ടതില്ല. കാരണം അമേരിക്കൻ സാമ്രാജ്യത്വം കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ ഒരു പുതിയ നൈതികതയും ഉണ്ടാക്കിയിട്ടില്ല. അതിനു വേണ്ടി ശ്രമിച്ചിട്ടുമില്ല.
തദ്ദേശസ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെ വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ പല കാരണങ്ങൾകൊണ്ടു കൂറുമാറുന്നതു ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്നു മാത്രമല്ല, നമ്മുടെ രാഷ്ട്രീയ മൂല്യബോധത്തിന്റെ പതനം തുടർച്ചയായി വെളിപ്പെടുത്തുകയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ടശേഷം രാഷ്ട്രീയ ആഭിമുഖ്യം മാറ്റുന്ന ജനപ്രതിനിധികൾ രാജിവച്ചു ജനവിധി തേടുന്നതാണു ജനാധിപത്യ മര്യാദയെന്നു കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടത് ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. മറിച്ചുള്ള നടപടി, ജനങ്ങളുമായുള്ള ഉടമ്പടിയിൽ നിന്നുള്ള ഏകപക്ഷീയ പിന്മാറ്റമാണെന്നും ജനങ്ങളെ അപഹസിക്കുന്നതിനു തുല്യമാണതെന്നും കഴിഞ്ഞദിവസം കോടതി വ്യക്തമാക്കുകയുണ്ടായി.
മാർട്ടിൻ ലൂഥർ കിങ് ജൂനിയർ (അമേരിക്കൻ ഗാന്ധി) വർണവെറിക്കും വംശീയവിദ്വേഷത്തിനും എതിരെ പോരാടി. അഹിംസയിൽ ഉറച്ചു വിശ്വസിച്ചു. 1963 ഓഗസ്റ്റ് 28ന് മൂന്നു ലക്ഷത്തോളം അനുയായികളുമായി വാഷിങ്ടനിലേക്കു മാർച്ച് ചെയ്തു. 1964ൽ സമാധാന നൊബേൽ പുരസ്കാരം ലഭിച്ചു. 1968 ഏപ്രിൽ 4ന് വെടിയേറ്റു മരിച്ചു.
ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു അമ്മയും അച്ഛനും പിറക്കുന്നു എന്നാണു പറയാറ്. എന്നാൽ, തങ്ങളുടെ കുഞ്ഞ് മറ്റുള്ളവരെപ്പോലെ വളരുന്നില്ലെന്നോ വളർച്ചയിൽ വെല്ലുവിളി നേരിടുന്നെന്നോ അറിയുന്നതോടെ ഈ അച്ഛനമ്മമാരുടെ ജീവിതം താളംതെറ്റും. സങ്കീർണമായ അവസ്ഥയിലൂടെയാണു പിന്നീടവർ കടന്നുപോകുന്നത്. ചിലർ സമൂഹത്തിൽനിന്നു സ്വയം ഒളിച്ചോടും. പൊതുസമൂഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് അവർ സ്വയം ഒതുങ്ങിക്കൂടും.
ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 ഇന്നലെ രാവിലെ 6.23നു ശ്രീഹരിക്കോട്ടയിൽനിന്നു ജിഎസ്എൽവിയുടെ ചിറകിലേറി ആകാശത്തേക്കുയർന്നപ്പോൾ ഒപ്പമുയർന്നത് ഇന്ത്യയുടെ അഭിമാനവും ആത്മവിശ്വാസവുമാണ്. നൂറാം വിക്ഷേപണത്തിലൂടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചരിത്രമെഴുതിയിരിക്കുന്നു.
ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാരിൽ പകുതിയിലേറെപ്പേർക്കും കാഴ്ചത്തകരാർ ഉണ്ടെന്നു ഡൽഹി ഐഐടിയുടെ റിപ്പോർട്ട്
കോവിഡ്കാലത്ത് പിപിഇ കിറ്റും മരുന്നുകളും വാങ്ങിയതിൽ വൻ ക്രമക്കേടു നടന്നതായി സ്ഥിരീകരിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ വച്ചിരിക്കുകയാണ്. മലയാള മനോരമ പുറത്തുകൊണ്ടുവന്ന അഴിമതി പൂർണമായും ശരിയെന്ന് ഇതോടെ വ്യക്തമാവുന്നു. രോഗികളുടെ ജീവൻ അപകടത്തിലാക്കുംവിധം കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്തെന്ന റിപ്പോർട്ടിലെ വിമർശനവും അതീവഗൗരവമുള്ളതാണ്.
ഭരിക്കുന്നവരുടെ ദീർഘവീക്ഷണക്കുറവ് കേരളത്തെ തളർത്തുന്നു. മാറ്റങ്ങളെ അംഗീകരിക്കാതെ, നാടു വിടുന്ന കുട്ടികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഭാഗമായിട്ടു 3 വർഷമായെങ്കിലും പ്രവർത്തനങ്ങളിൽ ഞാൻ സംതൃപ്തനല്ല.
ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) വാർഷികയോഗം സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന കാര്യം പത്രങ്ങളിൽ വായിച്ചിരിക്കുമല്ലോ. ഇന്നലെ അതു സമാപിച്ചു. 1971ൽ നിലവിൽ വന്ന ഡബ്ല്യുഇഎഫ് ലോക സമ്പദ്വ്യവസ്ഥ, വ്യവസായം, സമൂഹം, അക്കാദമിക – ഗവേഷണ രംഗങ്ങൾ, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചെല്ലാം പഠനങ്ങളും ചർച്ചകളും നടത്തി ഭാവി നയരൂപീകരണത്തെ സഹായിക്കുന്ന തിങ്ക് ടാങ്ക് ആണ്.
2024ൽ 85 രാജ്യങ്ങളിലായി 24.2 കോടി വിദ്യാർഥികളുടെ പഠനം പ്രതികൂല കാലാവസ്ഥ മൂലം തടസ്സപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുനിസെഫിന്റെ കണക്ക്. ലോകത്ത് ഏഴിൽ ഒരു വിദ്യാർഥിക്ക് കാലാവസ്ഥ മൂലം പഠനത്തിൽ തടസ്സമുണ്ടായി. ഇന്ത്യയുൾപ്പെടുന്ന ദക്ഷിണേഷ്യയിൽ 12.8 കോടി വിദ്യാർഥികൾ പ്രകൃതിദുരന്തങ്ങൾ മൂലം ക്ലാസ് നഷ്ടമായവരാണ്.
സംസ്ഥാനത്തു പല സഹകരണ ബാങ്കുകളിലുമുണ്ടായ ക്രമക്കേടുകൾ ആശങ്കയോടെയും നടുക്കത്തോടെയും തുടർച്ചയായി കേട്ടുകൊണ്ടിരിക്കുകയാണ് കേരളം. ഏറ്റവുമൊടുവിലായി, വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകനും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില സഹകരണ ബാങ്കുകളിൽ നടന്ന നിയമനക്കോഴയുടെ അഴിമതിക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ഭരണഘടനയുടെ 75 വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ, ഈ പ്രയാണം ഇന്നാട്ടിലെ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നു നമുക്കു പരിശോധിക്കാം. നമ്മെപ്പോലെ രക്തവും മാംസവുമുള്ള, നശ്വരരായ മനുഷ്യരാൽ തയാറാക്കപ്പെട്ടൊരു ലിഖിതരേഖയ്ക്ക് എങ്ങനെയാണ് ജാതിമതലിംഗദേശ ഭേദമെന്യേ സർവരുടെയും ആദരം പിടിച്ചുപറ്റാൻ കഴിഞ്ഞത്?
ലോകത്തിലെ ഏറ്റവും കരുത്താർന്ന ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രയാത്രയിൽ അതിവിശിഷ്ടമായ സുദിനമാണിന്ന്; 75 വർഷങ്ങളുടെ നിറശോഭയാർജിച്ച റിപ്പബ്ലിക് ദിനം. പിന്നിട്ട കാലം നമുക്കായി കരുതിവച്ച ആവേശവും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുമാണ് ത്രിവർണം ചാർത്തിയ ഈ നാഴികക്കല്ലിലുള്ളത്.
സർക്കാരും വനംവകുപ്പും ആശ്വാസത്തെക്കുറിച്ചു പറയുമ്പോഴും ജനങ്ങൾക്ക് ആശ്വസിക്കാനാവുന്നില്ല. തീർച്ചയായും ഇപ്പോൾ ചത്തതു വയനാട്ടിലെ അവസാനത്തെ നരഭോജിക്കടുവയല്ലല്ലോ.
കേരളം വീണ്ടും ബജറ്റിന്റെ കണക്കുകൂട്ടലുകളിലേക്കും പ്രതീക്ഷയിലേക്കും കടക്കുന്നു. ഫെബ്രുവരി ഏഴിന് മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുകയാണ്. ഇൗ വർഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാൽ ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപിക്കുന്ന നിർദേശങ്ങൾ ബജറ്റിലുണ്ടാകില്ലെന്നാണു പൊതുവേയുള്ള ധാരണ.
ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങളിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജോലി സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹരിക്കലും) നിയമം’ 2013ൽ രാജ്യത്തു നടപ്പാക്കിയത്.
സ്വന്തം കൗൺസിലർ അവിശ്വാസ പ്രമേയവേളയിൽ കൂറുമാറിയേക്കാം എന്ന സംശയമുണ്ടായാൽ എന്തുചെയ്യണം? സിപിഎമ്മിന് അക്കാര്യത്തിൽ ഒരു സംശയവുമില്ല – തട്ടിക്കൊണ്ടുപോകുക! സിപിഎം ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം വനിതാ കൗൺസിലർ കല രാജുവിനെ കൂറുമാറുമെന്ന സംശയത്തിൽ തട്ടിക്കൊണ്ടുപോയത് നഗരമധ്യത്തിൽനിന്നു തന്നെയാണ്
ലോകത്തിലെ ഏറ്റവും പ്രബല സാമ്പത്തിക – സൈനിക ശക്തിയുടെ കടിഞ്ഞാൺ വീണ്ടും കയ്യിലെത്തിയതിന്റെ വിളംബരമാണ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ഡോണൾഡ് ട്രംപ് നടത്തിയ നയംമാറ്റ പ്രഖ്യാപനങ്ങൾ. ലോകാരോഗ്യസംഘടനയിൽനിന്നും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നുമുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വം റദ്ദാക്കൽ, മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ, ട്രാൻസ്ജെൻഡറുകളെ നിരാകരിക്കൽ എന്നിവയടക്കം പുതിയ പ്രസിഡന്റിന്റെ ആദ്യദിന കയ്യൊപ്പുവീണ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ പലതും കടുത്ത ആശങ്കയിലേക്കു വാതിൽതുറക്കുകയാണ്.
രാജ്യത്തെ രണ്ടു നീതിപീഠങ്ങളിൽനിന്നായി ഇന്നലെ നാം കേട്ടത് കൊടുംക്രൂരഹത്യകളിലൂടെ പൊതുസമൂഹത്തെ നടുക്കിയവർക്കുള്ള ശിക്ഷാവിധികൾ.
ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയേകി ശബരിമലയിൽ മറ്റൊരു തീർഥാടനകാലംകൂടി കടന്നുപോവുകയാണ്. കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും മണ്ഡല– മകരവിളക്ക് തീർഥാടനം ഇത്തവണ പൊതുവേ പരാതിരഹിതമായതിൽ ബന്ധപ്പെട്ടവർക്കെല്ലാം അഭിമാനിക്കാം. കഴിഞ്ഞ തീർഥാടനകാലത്തെ പോരായ്മകൾ മനസ്സിലാക്കി, കൃത്യമായി ഒരുക്കങ്ങൾ നടത്തിയതിന്റെയും ദേവസ്വം ബോർഡും പൊലീസും സർക്കാരിന്റെ വിവിധ വകുപ്പുകളും കൈകോർത്തു പ്രവർത്തനങ്ങൾ നടത്തിയതിന്റെയും വിജയമാണിത്.
സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനം ബഹിരാകാശത്തു വിജയകരമായി പൂർത്തിയാക്കി ഡോക്കിങ് സാങ്കേതികശേഷി നേടിയിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ). ഇതോടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ മറ്റൊരു അഭിമാനമുദ്രകൂടി നാം സ്വന്തമാക്കുന്നു.
ഇന്ത്യൻ എംബസിയുടെ കമ്യൂണിറ്റി വൊളന്റിയറായി ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഞാൻ ടെൽ അവീവിലാണ് താമസിക്കുന്നത്. ആദ്യമാസങ്ങളിലെ ആശങ്കകൾക്കുശേഷം ഇവിടെയെല്ലാം സാധാരണപോലെ ആയിരുന്നു. എന്നാൽ, നാട്ടിലുള്ളവർക്കു പേടിയായിരുന്നു. അവിടെനിന്നുള്ള ഓരോ ഫോൺകോളിലും ആ ഭയമറിഞ്ഞു. വെടിനിർത്തൽ വരുമ്പോൾ ആ പേടി മായുമല്ലോ എന്ന സന്തോഷമുണ്ട്.
ഒക്ടോബർ 7: തെക്കൻ ഇസ്രയേലിൽ ഹമാസ് മിന്നലാക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടു. 1100 പേർക്കു പരുക്കേറ്റു. 250 പേരെ ഹമാസ് ബന്ദികളാക്കി. ഒക്ടോബർ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേൽ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയിൽനിന്ന് അഭയാർഥിപ്രവാഹം.
ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായൊരു യുദ്ധത്തിനു വിരാമചിഹ്നം വീഴുകയാണെന്നുവേണം വിചാരിക്കാൻ. ഇത്രയും ആശ്വാസം പകരുന്ന മറ്റൊരു വാർത്ത സമീപകാലത്തൊന്നും കേട്ടിട്ടില്ലെങ്കിലും കരാറിന് അന്തിമാനുമതി നൽകുന്നതിൽ ഇസ്രയേൽ തുടരുന്ന അനിശ്ചിതത്വം ലോകത്തിന്റെയാകെ ആശങ്കയാകുകയാണ്. ഇന്നലെയും ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടർന്നത് ആ ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു.
വിതരണക്കരാറുകാരുടെ പണിമുടക്ക് രണ്ടാഴ്ചയിലെത്തുകയും റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സംസ്ഥാനത്തു റേഷൻ വിതരണരംഗം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിർത്തുകകൂടി ചെയ്യുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമായേക്കും.
താളം കണ്ടെത്തിയ ഹൃദയങ്ങളുടെ മിടിപ്പുകൾ ചേർത്തെഴുതിയൊരു കവിതയാണു ‘ഹൃദയപൂർവം’ പദ്ധതി. സഹജീവികളോടുള്ള മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ.എം.മാത്യുവിന്റെ കരുതലാണു പുണ്യം നിറഞ്ഞ ഈ പദ്ധതിയുടെ മൂലധനം.
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ) തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
അപ്പൻ ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ്. അകത്തേക്കു പാഞ്ഞുപോകുന്ന ഡോക്ടർ ഒന്നു തിരിഞ്ഞുനോക്കിയതായി തോന്നി. അദ്ദേഹത്തിനുവേണ്ടി തുറന്നുപിടിച്ച വാതിലിലൂടെ തെല്ലു ശാഠ്യംപിടിച്ചു ഞങ്ങളും കയറി. ചലനമില്ലാതെ അപ്പൻ. സിനിമയിലൊക്കെ കണ്ടുപരിചയമുള്ള ഇസിജി മോണിറ്ററിൽ വര നേരെയായി. ഡോക്ടറുടെ നിർദേശാനുസരണം ഒരു മെയിൽ നഴ്സ് നെഞ്ചിൽ ശക്തമായി ഇടിച്ചുതുടങ്ങി. മറ്റൊരു അനുബന്ധ ചടങ്ങ് എന്നു മാത്രമേ കരുതിയുള്ളൂ. അപ്പൻ കണ്ണുതുറന്നു. ഏതോ കൃപയുടെ കടാക്ഷവും മനുഷ്യന്റെ ഇച്ഛാശക്തിയും ചേർന്ന്, അടർന്നുതുടങ്ങിയ ഒരു പ്രാണനെ തിരിച്ചുപിടിച്ചു.
30 ഹൃദ്രോഗികളുടെ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപയുമായി മലയാള മനോരമയുടെ ചികിത്സാ പദ്ധതി പ്രഖ്യാപനം
നാടിന്റെ ഹൃദയംതൊട്ട ഒരു മഹാദൗത്യം 25 വർഷം തികയ്ക്കുന്നതിന്റെ ധന്യതയിലാണിപ്പോൾ മലയാള മനോരമ. മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്നുള്ള ‘ഹൃദയപൂർവം’ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതിയുടെ രജതജൂബിലി ഇന്നു കോട്ടയത്തു നടക്കുമ്പോൾ പിന്നിട്ട സ്നേഹവർഷങ്ങളുടെ സ്മൃതിസുഗന്ധമാണ് ഒപ്പമുള്ളത്.
കോളജുകളിലെയും സർവകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക, വൈസ് ചാൻസലർ നിയമനം തുടങ്ങിയവ സംബന്ധിച്ച പുതുക്കിയ ചട്ടങ്ങൾ ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പുറപ്പെടുവിച്ച കരടു വിജ്ഞാപനം ആശങ്കകളിലേക്കുകൂടി വാതിൽ തുറക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്താൻ അവകാശപ്പെട്ടുള്ളതാണ് പരിഷ്കാരങ്ങളെങ്കിലും വി.സി നിയമനങ്ങളിൽ ചാൻസലർക്കു കൂടുതൽ അധികാരം നൽകുന്നതടക്കമുള്ള മാറ്റങ്ങളിലൂടെ ഈ മേഖല പൂർണമായും കേന്ദ്ര സർക്കാർ കൈപ്പിടിയിലാക്കുമെന്നാണ് മുഖ്യ ആശങ്ക. ഭരണഘടനപ്രകാരം വിദ്യാഭ്യാസം കേന്ദ്ര– സംസ്ഥാന പൊതു പട്ടികയിലുള്ള വിഷയമായതിനാൽ യുജിസിയുടെ ഏകപക്ഷീയ നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള, തമിഴ്നാട്, കർണാടക സർക്കാരുകൾ ഉൾപ്പെടെ വ്യക്തമാക്കിക്കഴിഞ്ഞു. അധ്യാപകയോഗ്യതയിൽ വരുത്തുന്ന മാറ്റങ്ങളാകട്ടെ അക്കാദമിക യോഗ്യതകളുടെ പ്രാധാന്യം ഇല്ലാതാക്കുമെന്ന ആശങ്കയുയർത്തുന്നു. വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വ്യവസ്ഥകളാണു പുതിയ ചട്ടങ്ങളിൽ ഉള്ളതെന്ന് അധ്യാപകസംഘടനകൾ ആരോപിക്കുന്നുമുണ്ട്.
മലയാളിയുടെ കാതോരംചേർന്ന് ദശാബ്ദങ്ങളായി സ്നേഹാർദ്രം പാടിക്കൊണ്ടിരുന്ന നമുക്കേറെ പ്രിയങ്കരമാെയാരു ഗാനമാണു തീർന്നുപോയത്. ഭാവസൗന്ദര്യത്തിന്റെ ആ കടത്തുവള്ളം യാത്രയാകുമ്പോൾ കരയിലിതാ നാം മാത്രമാകുന്നു. ഒഴുകിയൊഴുകി ഈ പാട്ട് എങ്ങോട്ടാണിങ്ങനെ കൊണ്ടുപോകുന്നതെന്നു പല ഗാനങ്ങളിലൂടെയും നമ്മെ വിസ്മയിപ്പിച്ചൊരാളുടെ വേർപാടാണിത്. പി.ജയചന്ദ്രൻ ഓർമയാകുമ്പോൾ അതിസുന്ദരമായൊരു പാട്ടുകാലംകൂടിയാണല്ലോ ഓർമയാകുന്നത്.
2003 മുതലാണ് പ്രവാസി ദിവസം ആചരിക്കാൻ തുടങ്ങിയത്. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് 1915 ജനുവരി 9ന് ഇന്ത്യയിലേക്കു മടങ്ങിയെത്തിയതിന്റെ അനുസ്മരണമായിട്ടാണ് ജനുവരി 9 പ്രവാസി ദിവസമായി തിരഞ്ഞെടുത്തത്. 3.21 കോടി ഇന്ത്യക്കാർ പ്രവാസികളായുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. പ്രവാസികളിൽ കൂടുതലും യുഎസിലാണ്.
പത്തൊൻപതു കൊല്ലം മുൻപു രാഷ്ട്രീയക്കൊലക്കത്തിക്കിരയായ മകനെയോർത്തുള്ള ഒരമ്മയുടെ സങ്കടാപേക്ഷ കേരളം കേൾക്കുകയാണിപ്പോൾ. മരിച്ചയാളുടെയും കൊന്നവരുടെയും പാർട്ടിനിറങ്ങൾപ്പുറത്ത് ഒഴുകിപ്പരക്കുകയാണ് സങ്കടത്തിന്റെ ഒറ്റനിറം മാത്രമുള്ള ഈ അമ്മക്കരച്ചിൽ. ‘‘എല്ലാ അമ്മമാർക്കും വേണ്ടി ഞാൻ കേണപേക്ഷിക്കുകയാണ്. ഈ രാഷ്്ട്രീയക്കൊലവിളി ഇനിയെങ്കിലും അവസാനിപ്പിക്കണം. എല്ലാവരും കത്തി താഴെവയ്ക്കണം.
കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്ത് ആകെയുണ്ടായത് 1640 മാവോയിസ്റ്റ് ആക്രമണം. സാധാരണ പൗരരും പൊലീസ് ഉദ്യോഗസ്ഥരും മാവോയിസ്റ്റ് പ്രവർത്തകരുമടക്കം ഈ കാലയളവിൽ ഏറ്റുമുട്ടലിൽ മരിച്ചത് 2835 പേർ.
വേദനയും നിസ്സഹായതയും കണ്ണീരും നിറയുന്നതാണ് തിരുവനന്തപുരം കാട്ടാക്കടയിൽനിന്നു കേട്ട ആ വാർത്ത. ഭിക്ഷ ചോദിച്ചു വീട്ടിലെത്തിയ എൺപത്തിരണ്ടുകാരിയെ മർദിച്ച് പണം കവർന്ന സംഭവം ക്രൂരവും നീചവുമെന്നല്ല, അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമെന്നുതന്നെ പറയണം. വലിയ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലാണിതു നടന്നതെന്നതു നമ്മെ നാണംകെടുത്തുന്നു.
നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ട് ആകേണ്ടിവരുന്നത് എന്തൊരു കഷ്ടമാണ്’ എന്നായിരുന്നു പുകയില ഉപയോഗംമൂലം പാതിവഴിയിൽ ജീവിതം നഷ്ടപ്പെട്ടവരെപ്പറ്റി പ്രശസ്ത ക്രിക്കറ്റർ രാഹുൽ ദ്രാവിഡിന്റെ സങ്കടം. ‘നന്നായി കഞ്ചാവു വലിച്ചുകൊണ്ടിരിക്കുന്നതിനിടെ എക്സൈസുകാരുടെ പിടിയിലാവുന്നത് എന്തൊരു കഷ്ടമാണ്’ എന്നാണ് പക്ഷേ, സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സങ്കടം. നേരിയ വ്യത്യാസമേയുള്ളൂ.
ട്രാക്കിൽ കുതിച്ചോടി ഫിനിഷ് ലൈൻ പിന്നിടുമ്പോൾ ഓരോ കായികതാരവും കേൾക്കാനാഗ്രഹിക്കുന്നത് കയ്യടികളുടെ ശബ്ദമാണ്. എന്നാൽ, സ്കൂൾ കായികമേളയിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ കുട്ടികളോട് തുറന്ന യുദ്ധപ്രഖ്യാപനംതന്നെ നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
വൈദ്യുതിനിരക്കു കൂട്ടിയും ഇന്ധന സർചാർജ് തുടർന്നും സാധാരണക്കാർക്കു വൈദ്യുതാഘാതം നൽകിക്കൊണ്ടിരിക്കുന്ന കെഎസ്ഇബി, കായംകുളം താപനിലയത്തിന്റെ പേരിൽ നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) പിടിച്ചുപറിക്കും കൊള്ളലാഭത്തിനും വിധേയമാകുന്നതു കേട്ടു മൂക്കത്തു വിരൽവച്ചുനിൽക്കുകയാണു ജനം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ചുരുക്കം ചില വർഷങ്ങളിൽ മാത്രം വൈദ്യുതി കിട്ടാൻ കായംകുളം നിലയത്തിനു കെഎസ്ഇബി നൽകിയത് 13,553 കോടി രൂപ. കേരളം ഭരിച്ച സർക്കാരുകൾ ഈ തുകയത്രയും, ജനങ്ങളുടെ നികുതിപ്പണമാണെന്നോർക്കാതെ, കൃത്യമായി നൽകിക്കൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം നാലു മഴ സീസണുകളിലായി സംസ്ഥാനത്തു പെയ്തത് 2,795.3 മില്ലിമീറ്റർ മഴ. ലഭിക്കേണ്ട ശരാശരി മഴ 2,890.7 മില്ലിമീറ്റർ. ലഭിക്കേണ്ടതിനേക്കാൾ 3 % കുറവെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ 3,952.7 മില്ലിമീറ്റർ. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയ്ക്ക്: 3,367.5 മില്ലിമീറ്റർ.
Results 1-50 of 6080