ADVERTISEMENT

ഫൈൻ അടപ്പിച്ചതിന്റെ അരിശം തീർക്കാൻ ആക്രോശിച്ചടുത്തവരിൽനിന്നു ഭാഗ്യംകൊണ്ടു മാത്രമാണ് ഞാൻ പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്. നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ടിക്കറ്റ് പരിശോധകർക്ക് റെയിൽവേയിൽ കാര്യമായ സുരക്ഷയൊന്നുമില്ല എന്നതാണു യാഥാർഥ്യം.

ടി.ഡി.രാമകൃഷ്ണൻ

കേരളീയരുടെ ചിന്തയും അവർ പുറത്തുപറയുന്ന കാര്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. നമ്മൾ മലയാളികൾ കപടനാട്യക്കാർ ആണെന്നു തുറന്നുപറയാൻ മടിയില്ല. നമുക്കു ധൈര്യമില്ല. ആളുകൾ കേട്ടാൽ ഇഷ്ടപ്പെടുന്നതു പറയാൻ താൽപര്യപ്പെടുന്നവരാണു നമ്മൾ.

വി.കെ.മാത്യൂസ്

ഫാഷിസം എന്നാൽ എന്താണെന്ന ചിന്ത ഞങ്ങളുടെ തലമുറയ്ക്കു കിട്ടിയത് അടിയന്തരാവസ്ഥക്കാലത്താണ്. പലരും ഒളിവിലായിരുന്നു. അന്നു കണ്ട വിചിത്രമായ കാര്യം ആർഎസ്എസുകാരും കമ്യൂണിസ്റ്റുകാരും നക്സലൈറ്റുകളും വലിയ സൗഹൃദത്തിലായിരുന്നു എന്നതാണ്. എല്ലാവരും അന്ന് ഫാഷിസ്റ്റ് പ്രവണതയെ എതിർക്കുന്നവരായിരുന്നു.

നീലൻ

നിർഭാഗ്യവശാൽ, 1796ൽ വസൂരിക്കുള്ള ഫലവത്തായ വാക്സീൻ അവതരിപ്പിച്ച എഡ്വേഡ് ജെന്നറുടെ കാലം മുതൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടും, ആന്റി വാക്സേഴ്സ് എന്നു വിശേഷിപ്പിക്കപ്പെടാറുള്ള വാക്സീൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുകയും ഇടയ്ക്കിടെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചു വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തുവരുന്നുണ്ട്‌.

ഡോ. ബി.ഇക്ബാൽ

തൊഴിലാളികളുടെയും കീഴാളരുടെയും ദരിദ്രരുടെയും താമസസ്ഥലമാണ് ചെറ്റകൾ എന്ന കുടിലുകൾ. അവിടെ താമസിക്കുന്നവർ സംസ്കാരശൂന്യരാണെന്ന സവർണബോധത്തിന്റെ മുൻവിധിയാണ് ചെറ്റത്തരം എന്ന തെറിപ്പദത്തിലുള്ളത്. അതു തിരിച്ചറിയാൻ തൊഴിലാളിവർഗ രാഷ്ട്രീയം സ്വാംശീകരിക്കണമെന്നില്ല, മിനിമം ജനാധിപത്യബോധം ഉണ്ടായാൽ മതി.

കെ.കെ.രമ

സെക്സിസം കാര്യമായി നിലനിൽക്കുന്ന നാടാണു നമ്മുടേത്. ലിംഗസമത്വത്തിൽ നമ്മൾ എത്രയോ പിന്നിലാണ്. വടക്കായാലും നടുക്കായാലും തെക്കായാലും അതങ്ങനെയൊക്കെത്തന്നെ. ഗ്രാമങ്ങളിലേക്കും വിളുമ്പുകളിലേക്കും പോകുന്തോറും അത് ഇരട്ടിക്കിരട്ടിയായി വർധിക്കും. സ്ത്രീകൾക്കു വിദ്യാഭ്യാസം കുറയുന്തോറും സെക്സിസം കൂടും.

ലഫ്. കേണൽ ഡോ. സോണിയ ചെറിയാൻ

കർണാടകസംഗീത കൃതികൾ എഴുതുന്നതുകൊണ്ടു ഞാൻ ഹൈന്ദവൻ ആകുന്നില്ല; ക്രൈസ്തവ ഭക്തിഗാനങ്ങൾ എഴുതിയിട്ടുള്ളതുകൊണ്ട് ക്രൈസ്തവൻ ആകാത്തതുപോലെ. മരണത്തോട് ആഭിമുഖ്യമുള്ള ഗാനങ്ങൾ എഴുതുന്നതുകൊണ്ട് മരണാസക്തിയുടെ കവിയാണ് ഞാൻ എന്നു പറയാൻ കഴിയില്ലല്ലോ. അതുപോലെ മാത്രമേ കീർത്തന രചനകളെയും കാണേണ്ടതുള്ളൂ.

പ്രഭാവർമ

ന്യൂജൻ എന്നു പറയുന്നത് വേറൊരു ജനുസ്സാണ്. എന്തു മാറ്റവും സ്വാഗതാർഹമാണ്. എന്റെ സിനിമ മനസ്സിലാകുന്നില്ലെന്ന് കുട്ടികൾ പറയുമ്പോൾ ഞാൻ പറയാറുണ്ട്, ഇതു നിങ്ങൾക്കുവേണ്ടി എടുത്ത പടമല്ലെന്ന്.

അടൂർ ഗോപാലകൃഷ്ണൻ

ഹിറ്റാകുന്ന പടത്തിലും ഹിറ്റാകാത്ത പടത്തിലും നമ്മൾ കൊടുക്കുന്നത് ഒരേ സാധനമാണ്. ഏതിലാണ് ദൈവം സ്പോട്‌ലൈറ്റ് വീഴ്ത്തുന്നതെന്നനുസരിച്ചാണ് നമ്മുടെ കരിയർ ഡിസൈൻഡ് ആകുന്നത് എന്നതാണു സത്യം.

വിനായക് ശശികുമാർ

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com