-
-
-
-
-
-
-
-
-
-
-
-
-
-
-
കൊച്ചി∙ കേരളം മൊത്തത്തിൽ ഒരു നഗരമായി മാറിക്കഴിഞ്ഞുവെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപകമായി വ്യവസായങ്ങൾ എത്തുന്നത് ഒറ്റ നഗരമെന്ന സങ്കൽപത്തിലാണെന്നും വ്യവസായ മന്ത്രി പി.രാജീവ്. കാക്കനാട് കിൻഫ്ര ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതെത്തിയത്. ആ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വേൾഡ് എക്കണോമിക് ഫോറം പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നത് പരമാവധി നിക്ഷേപകരെ കാണുന്നതിനും അവരെ ഇവിടേക്ക് ക്ഷണിക്കുന്നതിനുമാണ്. തീരുമാനമെടുക്കാൻ അധികാരമുള്ളവർ ഒരുമിച്ച് ഇത്തരം വേദികളിലെത്തി നിക്ഷേപകരെ നേരിട്ടു കാണുന്നത് അവർക്ക് ആത്മവിശ്വാസം നൽകുമെന്നതിലാണ് ഉന്നതോദ്യോഗസ്ഥരേയും ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ 15 വർഷം ഇന്ത്യയിൽ ഏറ്റവുമധികം പണിമുടക്കുകൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. തമിഴ്നാടാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. പക്ഷേ, കേരളമാണ് പണിമുടക്കും സമരങ്ങളും കണ്ടുപിടിച്ചതെന്നും ഇപ്പോഴും അതിവിടെ ശക്തമാണെന്നുമുള്ള പ്രചാരണം പുറത്ത് വലിയതോതിൽ നടക്കുന്നുണ്ട്. അതല്ല യാഥാർഥ്യമെന്ന കാര്യം ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ ചെയ്യുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ ഇക്കാര്യത്തിലെ ചെലവ് വളരെ ചെറുതാണ്. എന്നിട്ടും ധാരാളം പേർ ഇവിടേക്ക് വരാൻ താൽപര്യപ്പെടുന്നു. അവർക്കാവശ്യമായ ഭൂമിയും സൗകര്യങ്ങളും ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിക്ഷേപകരെ ഇവിടേക്കു കൊണ്ടുവരുന്നതിനും സമഗ്രമായ വ്യവസായ വികസനം സാധ്യമാക്കുന്നതിനും വിവിധ കോൺക്ലേവുകളും റോഡ് ഷോകളും ഉൾപ്പെടെ അൻപതോളം പരിപാടികളുടെ നിരയാണ് വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളമെങ്കിലും രാജ്യാന്തര കോൺഫറൻസുകളും മറ്റും വരുമ്പോൾ ഇവിടെ സൗകര്യങ്ങൾ തികയാത്ത സ്ഥിതിയുണ്ട്. വിനോദസഞ്ചാര സീസൺ ആണെങ്കിൽ താമസസൗകര്യം കണ്ടെത്തൽ ബുദ്ധിമുട്ടാണ്. ഇതിനൊക്കെ പരിഹാരമായി ഇനിയും ഇത്തരം കൺവെൻഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ടതുണ്ടെന്നും കിൻഫ്ര പോലുള്ള ഏജൻസികൾ അതിനു മുൻകയ്യെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്, കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ എം.ഒ. വർഗീസ്, എഫ്ഐസിസിഐ കേരള സ്റ്റേറ്റ് കൗൺസിൽ മുൻ ചെയർമാൻ ദീപക് എൽ അസ്വാനി, യുഎൽസിസിഎസ് സിഒഒ അരുണ് ബാബു, കെഎസ്എസ്ഐഎ വൈസ് പ്രസിഡന്റ് പി.ജെ.ജോസ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ (പ്രൊജക്ട്സ്) ഡോ. ടി. ഉണ്ണിക്കൃഷ്ണൻ, ജനറൽ മാനേജർ (പിആൻഡ് ബിഡി) ടി.ബി. അമ്പിളി എന്നിവർ പ്രസംഗിച്ചു.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
2sflerkbcal809dkf7m7b4jk2t