-
-
-
-
-
-
-
-
-
-
-
-
-
-
-
-
കാലം ഏഴു പതിറ്റാണ്ടു പിന്നിലേക്ക്. ഒരു കൂട്ടം മനുഷ്യർ കാടും മലയും കുന്നും പുഴയും താണ്ടി ആ മണ്ണിലെത്തി. തലചായ്ക്കാനൊരിടം, വിശപ്പടക്കാനൊരു വഴി, അതായിരുന്നു അവരുടെ ലക്ഷ്യം. മരംകോച്ചുന്ന തണുപ്പും പതിയിരിക്കുന്ന വന്യമൃഗങ്ങളും അടക്കം ഏറെ വെല്ലുവിളികൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ യാത്രയെ ചരിത്രം ഇന്ന് മലബാർ കുടിയേറ്റം എന്നു വിളിക്കുന്നു. മണ്ണിനോട് മല്ലിട്ട്, രാവും പകലും പണിയെടുത്ത്, പട്ടിണിയോടു പോരാടി അവർ ജീവിതത്തിൽ പതിയെ പുതിയ നാമ്പുകൾ വിരിയിച്ചു. കുടിയേറ്റത്തിന്റെ ക്ലേശങ്ങളോടൊപ്പം വലിയൊരു ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം കൂടി പറയാനുണ്ട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ നിവാസികൾക്ക്.
ജില്ലയുടെ ഏറ്റവുമറ്റത്തുള്ള കൊട്ടിയൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന് കുടിയേറ്റ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒട്ടേറെ ഗീതികൾ പാടാനുണ്ടാവും. ജാതിയുടെയും മതത്തിന്റെയും കെട്ടുമാറാപ്പുകൾ ഇല്ലാതെ ഒരുമയുടെ തിരി തെളിയിച്ച് അന്ന് അവർ കൈപ്പിടിയിൽ ഒതുക്കിയത് കാർഷിക, വാണിജ്യ, വികസന, ആരോഗ്യ മേഖലകളിലെ വലിയ വിജയങ്ങളാണ്. കുടിയിറക്കിനെതിരെ പ്രതിരോധത്തിന്റെ കോട്ടകെട്ടി രാപകൽ സമരം ചെയ്ത് ആ നീക്കത്തെ മുളയിലെ നുള്ളിക്കളഞ്ഞ ചരിത്രം കൂടി പറയാനുണ്ട് കൊട്ടിയൂരിന്.
മണ്ണിനോടു പടവെട്ടി കൊട്ടിയൂരിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ചവരിൽ ഭൂരിഭാഗവും ഇന്ന് അതേ മണ്ണിൽത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. അവരുടെ പിൻതലമുറ ഇന്നും ആ കുടിയേറ്റ ചരിത്രത്തെ വലിയ ശക്തിയായി ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. കുടിയേറ്റ കാലത്തുതന്നെ കാർഷിക മേഖലയായി പ്രഖ്യാപിക്കപ്പെട്ട കൊട്ടിയൂർ ഇന്നും കൃഷിയുടെ നല്ലപാഠങ്ങൾ പകർന്ന്, മതസൗഹാർദത്തിന്റെ ഈരടികൾ പാടി, സ്നേഹത്തിൽ രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ, സാഹോദര്യത്തിന്റെ സന്ദേശങ്ങൾ പങ്കുവച്ച് ആ ഗ്രാമത്തിൽ ജീവിക്കുന്നു. കുടിയേറ്റത്തിന്റെയും വികസനത്തിന്റെയും കഥകൾ ഏറെ പറയാനുള്ള കൊട്ടിയൂരിന്റെ ചരിത്രത്താളുകളിലേക്ക് ഈ ഈസ്റ്റർ കാലത്ത് ഒരു തിരിഞ്ഞുനോട്ടം! കേരളത്തിന്റെ വടക്കുകിഴക്ക് മലമടക്കുകളിൽ നിന്ന് ഒരു നാടിന്റെ ഉയിർപ്പിന്റെ കഥ വായിക്കാം.
-
-
-
-
-
-
-
-
-
-
3kip53uu2g0bsmbu4j22p2hc1f