രക്തസാക്ഷികൾ റീലോഡഡ്
Mail This Article
അമേരിക്കയിൽ ഇലോൺ മസ്ക്കിന്റെ സൂപ്പർ റോക്കറ്റായ ‘സ്റ്റാർഷിപ്’ പാതിവഴിയിൽ പൊട്ടിത്തെറിച്ചു. കുറച്ചുമാസം മുൻപാണു സംഭവം. ദൗത്യം പരാജയപ്പെട്ടിട്ടും പിന്നിൽ പ്രവർത്തിച്ചവരെ കലവറയില്ലാതെ അഭിനന്ദിക്കുകയാണ് മസ്ക് ചെയ്തത്. പണിയോടു കൂറു പുലർത്തുന്നവരെ സായ്പിനു വലിയ കാര്യമാണ്. അഭിനന്ദിച്ച മസ്ക്കിനും കിട്ടി ജനത്തിന്റെ പൂച്ചെണ്ട്. എന്നാൽ, ഇവിടെ കേരളത്തിലോ? കുറെക്കൊല്ലം മുൻപു കണ്ണൂർ പാനൂർ ചെറ്റക്കണ്ടിയിൽ സിപിഎമ്മുകാർ കൂടിയിരുന്നു ബോംബുണ്ടാക്കുന്നതിനിടെ ചിലതു പൊട്ടിത്തെറിച്ചു. ആത്മാർഥമായി ജോലിയെടുത്ത രണ്ടു സഖാക്കൾ മരിച്ചു. ആ പാവങ്ങളെ സ്മാരകമണ്ഡപം നിർമിച്ചു രക്തസാക്ഷികളായി ബഹുമാനിക്കാൻ സിപിഎം തീരുമാനിച്ചപ്പോൾ എന്തായിരുന്നു ബഹളം? പരാജിതരെയും വിജയികൾക്കൊപ്പം ബഹുമാനിക്കുന്ന രീതിയൊക്കെ സായ്പിൽനിന്ന് ഇനി മലയാളി എന്നാണു പഠിക്കുക? കാണുമ്പോൾ കവാത്തു മറക്കാൻ മാത്രം അറിയാം.
പാർട്ടിക്കുവേണ്ടി ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചവർ ഭാവിയും ജീവിതവും നഷ്ടപ്പെടുത്തിയെന്നു പുറത്തുനിന്നു നോക്കുന്നവർക്കു തോന്നും. സത്യത്തിൽ പ്രസ്ഥാനത്തിനും പ്രവർത്തകർക്കും പ്രകാശം പരത്തുകയായിരുന്നു അവർ. അതുകൊണ്ടാണ് ഇരുവർക്കും വേണ്ടിപ്പണിത ഇരുനില സ്മാരകമണ്ഡപം പാർട്ടി നേതാവ് എം.വി.ജയരാജൻതന്നെ ഉദ്ഘാടനം ചെയ്തത്. ഹൈക്കോടതി ജഡ്ജിമാരെ ശുംഭൻമാർ എന്നു പണ്ടു ജയരാജൻ വിളിച്ചപ്പോൾ ആക്ഷേപിച്ചതാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു. ‘പ്രകാശം പരത്തുന്നവർ’ എന്നാണതിന്റെ അർഥമെന്നു വിശദീകരിച്ചപ്പോഴാണ് സത്യം പിടികിട്ടിയത്. വാസ്തവത്തിൽ സ്ഫോടനസമയത്തെ അത്ര പ്രകാശം പരത്തുക മറ്റൊരു രീതിയിലും എളുപ്പമല്ല.
നോട്ടിസനുസരിച്ച് മണ്ഡപം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ആ സുവർണനിമിഷം ലോകത്തെ അറിയിക്കാൻ അവിടെ കാത്തിരുന്നു. പക്ഷേ, മാഷ് വന്നില്ല. യഥാർഥ രക്തസാക്ഷികൾക്ക് അപമാനമാകുമെന്നു പേടിച്ചാണ് വിട്ടുനിന്നതെന്നു ചില നിഷ്കളങ്കർ കരുതി. സത്യം അതല്ല. ബോംബു നിർമാണം പോലെയുള്ള പ്രസ്റ്റീജ് പരിപാടിയിൽ രണ്ടു സഖാക്കൾ പരാജയപ്പെട്ടു എന്ന വീഴ്ച അംഗീകരിക്കാൻ പ്രസ്ഥാനത്തിനും അതിനെ നയിക്കുന്ന മാഷിനും കഴിയില്ല. ഭാവിയിൽ ഇത്തരം വീഴ്ചയുണ്ടാവാതെ നോക്കേണ്ടതു പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. നൂറുശതമാനം സ്ഫോടന സാക്ഷരതയാണ് സഖാക്കൾക്ക് ആദ്യം വേണ്ടത്. വിദഗ്ധരെക്കൊണ്ട് ആദ്യം തിയറി ക്ലാസ്. പിന്നാലെ പ്രായോഗിക പരിശീലനം. ഒടുവിൽ നൈപുണ്യ വികസനം. സമ്പൂർണവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ ബോംബ് പിറവിയെടുക്കും വരെ പാർട്ടിക്കു വിശ്രമമില്ല; മാഷിനും.
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആർഎസ്എസും സ്മാരകം പണിതിട്ടുണ്ട് എന്നാണ് പി.ജയരാജന്റെ ന്യായം. ആർഎസ്എസിനെ പ്രതിരോധിക്കുന്ന സംഘർഷങ്ങളെ പീനൽ കോഡിന്റെ അളവുകോലിൽ വിലയിരുത്താനാവില്ല എന്നു സാഹിത്യഭാഷയിലും പറഞ്ഞു. പാർട്ടിക്കു ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം കിട്ടുന്ന കാലത്ത് പീനൽ കോഡ് തിരുത്തിയെഴുതുകയാണ് അടുത്ത ലക്ഷ്യമെന്നു കരുതണം. പാർട്ടിരഹസ്യമായതുകൊണ്ടു ജയരാജൻ പുറത്തു പറഞ്ഞില്ലെന്നേയുള്ളൂ. കോൺഗ്രസ് ഓഫിസിൽ ബോംബുണ്ടാക്കുന്ന ദൃശ്യങ്ങൾ അഭിമാനപൂർവം മാധ്യമപ്രവർത്തകനു കാട്ടിക്കൊടുത്തിട്ടുണ്ട് മുൻപു കെ.സുധാകരൻ. വേണ്ടിവന്നാൽ പൊലീസ് സ്റ്റേഷനിൽ കയറിയും ബോംബുണ്ടാക്കുമെന്നു കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. കണ്ണൂരിന് ഇതൊന്നും പുത്തരിയല്ല. കേരളം മുഴുവൻ മനസ്സിലാക്കി വരുന്നതേയുള്ളൂ എന്നു മാത്രം.
രക്തസാക്ഷികൾ രണ്ടുപേരായതുകൊണ്ടാണ് ചെറ്റക്കണ്ടിയിലെ സ്മാരക മണ്ഡപം രണ്ടു നിലയിൽ ഒതുങ്ങിയതെന്നു കരുതണം. കൂത്തുപറമ്പ് വെടിവയ്പിൽ അഞ്ചു പേരുണ്ടായിരുന്നു. അഞ്ചുനില മണ്ഡപം വേണ്ടിയിരുന്നു. വാസ്തവത്തിൽ തുടർഭരണത്തിന്റെ തകരാറുമൂലമാണ് ദൈനംദിന ആവശ്യത്തിനു രക്തസാക്ഷികളെ പ്രസ്ഥാനത്തിന് ഇപ്പോൾ കിട്ടാതെ വരുന്നത്. ഭരണമില്ലായിരുന്നെങ്കിൽ അത്യാവശ്യം പൊലീസ് സഹായിക്കുമായിരുന്നു. വെടിവച്ച് കൊള്ളാവുന്ന രക്തസാക്ഷികളെയും തല്ലിച്ചതച്ച് ജീവിക്കുന്ന രക്തസാക്ഷികളെയും അവർ സംഘടിപ്പിച്ചു തന്നേനെ. ‘ ഞങ്ങടെ പൊലീസ് ഞങ്ങളെത്തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ’ എന്നു ചോദിക്കാനുള്ള സൗകര്യം നാടുഭരിക്കുന്ന കാലത്ത് ഇഎംഎസ് സ്വന്തം പാർട്ടിക്കാർക്കു കൊടുത്തിരുന്നു. പിണറായി വിജയനു നമ്പൂതിരിപ്പാടിന്റെ അത്ര പാർട്ടിസ്നേഹമില്ല എന്നു വരുന്നതു കണ്ണൂർ സ്ക്വാഡിനൊരു പോരായ്മയാണ്.
മദ്യത്തിന്റെ സുഗന്ധം വീണ്ടും
‘ തൊപ്പിക്കാരും ടീച്ചറുമൊന്നും സാരമില്ല. അച്ചൻമാരോടു മുട്ടിനിൽക്കണമെങ്കിൽ പത്തുതൊണ്ണൂറു സീറ്റെങ്കിലും വേണം’ എന്നു സിപിഎമ്മിന്റെ പ്രമുഖനേതാവ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നോടു പറഞ്ഞതായി ഒരു അബ്കാരി നേതാവ് വീമ്പിളക്കിയിരുന്നു. അന്നാരും വിശ്വസിച്ചില്ല. ‘തൊപ്പിക്കാർ’ എന്നതു ഗാന്ധിയൻമാരും ‘ടീച്ചർ’ എന്നതു സുഗതകുമാരിയും ‘അച്ചൻമാർ’ എന്നതു ബിഷപ്പുമാരും ആവാനേ ഇടയുള്ളൂ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തലസ്ഥാനത്തു മദ്യവിരുദ്ധരെ മുട്ടി വഴിനടക്കാൻ ബുദ്ധിമുട്ടായിരുന്നു. ആ സർക്കാർ പോയി. പിണറായി മുഖ്യമന്ത്രിയായി. ബാറെല്ലാം പോയതിലും വേഗത്തിൽ തിരിച്ചുവന്നു. ഓരോ തുള്ളിയിൽനിന്നും പുതിയവ മുളച്ചു. മദ്യം തടസ്സമില്ലാതെ ഒഴുകിത്തുടങ്ങിയതോടെ മദ്യവിരുദ്ധരും ഒലിച്ചുപോയി.
പക്ഷേ, വെള്ളം ചേർക്കുന്നതു മദ്യനയത്തിലാണെങ്കിൽ ഭരിക്കുന്നവരുടെ കീശയ്ക്കു വീര്യം കൂടും. എത്ര കിട്ടാൻ എത്ര നേർപ്പിക്കണം എന്നു നയത്തിൽ സർക്കാർ ചോദിക്കുന്നത് ഇതുകൊണ്ടാണ്. അതിനു ചർച്ച എന്നാണ് പേര്. അതാണു നടന്നത്. വരാഴിക എത്രയെന്ന് അറിഞ്ഞിട്ടുവേണം നേർപ്പിക്കലിന്റെ അളവു തീരുമാനിക്കാൻ.
മുൻപേ പണമടച്ചാലേ പല ബാറിലും മദ്യം കിട്ടൂ. കുടിച്ച ശേഷം ഞഞ്ഞാ പിഞ്ഞാ പറയാതിരിക്കാനാണ്. അതേ മുൻകരുതൽ സർക്കാർ അബ്കാരികളുടെ അടുത്തും എടുത്തു എന്നേയുള്ളൂ. ‘ ഡ്രൈ ഡേ’ ഇല്ലാത്ത ലോകം, രാവു വെളുക്കുവോളം ബാർ തുറന്നു വയ്ക്കാൻ അവകാശം തുടങ്ങിയവയൊക്കെ എല്ലാ അബ്കാരികളുടെയും സ്വപ്നമാണ്. അതു നടത്തിയെടുക്കാൻ രണ്ടു തുട്ടു ചോദിച്ചാൽ എത്രയും വേഗം കൊടുക്കുന്നതായിരുന്നു ബുദ്ധി. പുറത്തുപറയാൻ പോയതാണു മണ്ടത്തരം.
സ്റ്റോപ് പ്രസ്
കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിനു തകരാറുള്ള കുട്ടിക്ക് നാവിൽ ശസ്ത്രക്രിയ.
നാവിൽ ചികിത്സിച്ചു വിരലിലെ കുഴപ്പം മാറ്റുന്ന രീതിയിൽ ആരോഗ്യവകുപ്പു പുരോഗമിച്ചതു വൈദ്യശാസ്ത്രത്തിനു വലിയ മുതൽക്കൂട്ടല്ലേ?