ADVERTISEMENT

പറയുന്ന ഓരോ വാക്കിലും സംസ്കാരത്തിന്റെ കയ്യൊപ്പ് ഉണ്ടാവേണ്ടതുണ്ടെന്നു രാഷ്ട്രീയക്കാർ പലപ്പോഴും ഓർക്കാതെ പോകുന്നതിന്റെ ദുരന്തമാണ് വടകരയിലെ പ്രസംഗവേദിയിലും കണ്ടത്. വടകര മണ്ഡലത്തിൽ തുടക്കം മുതലേ പാളംതെറ്റി നീങ്ങിയ തിരഞ്ഞെടുപ്പു പ്രചാരണതന്ത്രങ്ങളുണ്ടാക്കിയ ക്ഷതങ്ങളിൽനിന്നു നാടു മുക്തമായിവരുന്ന ഒരു ഘട്ടത്തിൽ പിന്നെയും ആശാസ്യമല്ലാത്ത വാക്കുകളുടെ വിളയാട്ടം ഉണ്ടായത് സമൂഹമനസ്സിൽ അറപ്പുളവാക്കുന്നു.

എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ ആർ‌എംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരൻ നടത്തിയ അധമഭാഷണം കേരളത്തെത്തന്നെ ലജ്ജിപ്പിക്കുകയാണ്. സമീപകാലത്ത് ഒരു രാഷ്ട്രീയനേതാവിൽനിന്ന് ഈ നാടു കേട്ട ഏറ്റവും വിഷമയമായ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നതിൽ സംശയമില്ല. എതിർപക്ഷത്തെ വനിതാ സ്ഥാനാർഥിയെ മാത്രമല്ല ഹരിഹരൻ അവഹേളിച്ചത്; അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ഏക എംഎൽഎ ഒരു വനിതയാണെന്ന അഭിമാനവസ്തുതയെക്കൂടിയാണ്. ശൈലജയ്ക്കെതിരെയുള്ള അധിക്ഷേപത്തിൽ ഇതിലൊന്നും ഒരു തരത്തിലും ഉൾപ്പെടാത്ത ഒരു അഭിനേത്രിയെയും ചേർത്തുവച്ചപ്പോൾ അതു കൂടുതൽ നിന്ദ്യമാവുകയും ചെയ്തു.

ആപൽക്കരമായ ഇത്തരം സ്ത്രീവിരുദ്ധത കേരളത്തെ അപരിഷ്കൃതകാലത്തിലേക്കു വീണ്ടും കെ‌ാണ്ടുപോകുന്നു. ആ പ്രസംഗം നടത്തിയ വ്യക്തി മാത്രമല്ല, അതു കേട്ടു ചിരിയും കയ്യടിയുമായി പിന്തുണ നൽകിയവരൊക്കെയും ഈ മൂല്യബലിയിൽ പങ്കാളികളാകുന്നുണ്ട്. നേതാക്കൾക്ക് അറിയാവുന്ന ഭാഷയിലല്ലേ അവർക്കു സംസാരിക്കാനാവൂ എന്നുപറഞ്ഞ് എഴുതിത്തള്ളാനുള്ളതല്ല ഇത്തരം പരാമർശങ്ങൾ. വ്യക്തിഹത്യയ്ക്കും അസഭ്യപ്രയോഗങ്ങൾക്കും സ്ത്രീവിരുദ്ധതയ്ക്കും പകരം ആശയങ്ങൾകൊണ്ടാണു പ്രചാരണവേദികൾക്ക് ഊർജം പകരേണ്ടതെന്ന് ഇത്തരക്കാർ ഇനിയെന്നാണു മനസ്സിലാക്കുക? തരംതാണ പരാമർശങ്ങൾ നടത്തി നാടാകെ പ്രതിഷേധത്തിനു കാരണമായശേഷം, അതിൽ പ്രസംഗകൻ ഖേദം പ്രകടിപ്പിച്ചിട്ട് എന്താണു കാര്യം? 

ഇത്തവണത്തെ തിരഞ്ഞെടുപ്പു പ്രചാരണവേളകളിലും നമ്മുടെ സംസ്ഥാനത്തു പലയിടത്തും മോശം പരാമർശങ്ങളും വിദ്വേഷ വാക്കുകളും ഉപയോഗിക്കപ്പെട്ടു. സഭ്യതയുടെയും സാമാന്യമര്യാദയുടെയും അതിരുകൾ ലംഘിക്കുന്ന പരാമർശങ്ങൾ രാഷ്ട്രീയകേരളത്തിന്റെ മികവുറ്റ പാരമ്പര്യത്തിലാണു നിഴൽ വീഴ്ത്തുന്നതെന്ന് അറിയാത്തവരാണോ നേതാക്കളാവുന്നത്? ഇങ്ങനെയുള്ള തരംതാണ പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ നേതാക്കൾ ഉറച്ച തീരുമാനമെടുത്തേതീരൂ. സ്ത്രീവിരുദ്ധവും അമാന്യവുമായ പ്രസംഗരീതി ഒരു പാർട്ടിക്കും ഭൂഷണമല്ല. നാവിൽ വിഷവാക്കുകൾ കൊണ്ടുനടക്കുന്ന നേതാക്കളെ നിലയ്ക്കുനിർത്തേണ്ടത് അതതു രാഷ്ട്രീയ നേതൃത്വങ്ങൾതന്നെയാണ്. നേതൃത്വത്തിന് അതിനാവില്ലെങ്കിൽ ജനങ്ങൾക്കുതന്നെ തിരുത്തൽശക്തിയാകേണ്ടിവരും. 

സമസ്ത മേഖലകളിലും സ്‌ത്രീമുദ്രകൾ ആഴത്തിൽ പതിയുമ്പോൾ, നേട്ടങ്ങളുടെ ചരിത്രത്താളുകളിൽ പെൺപേരുകൾ തുടരെ എഴുതപ്പെടുമ്പോൾ, ഇതുവരെ കൊട്ടിയടച്ചിരുന്ന വാതിലുകളെല്ലാം വനിതകൾക്കായി തുറക്കുമ്പോൾ, സ്ത്രീശക്തിയുടെ കരുത്തുറ്റ കാഹളം ലോകമെങ്ങും മുഴങ്ങുകയാണ്. ആകാശംപോലും അതിർത്തിയല്ലെന്നു വിചാരിക്കുന്ന പെൺമയെ സ്നേഹാദരം അഭിവാദ്യം ചെയ്യേണ്ടതിനു പകരം സ്ത്രീവിരുദ്ധതയുടെ മാലിന്യം വിതറുന്നതു കാലത്തിന്റെ ചുവരെഴുത്തു വായിക്കാനറിയാത്തവരാണ്. 

കേരളീയ സമൂഹം ഇതിനകം നേടിയ നവീകരണത്തെയും സംസ്‌കാരികോന്നമനത്തെയും സാക്ഷരതയെയുമെ‍ാക്കെ ചോദ്യം ചെയ്യുന്നവിധം ആൺസ്വരങ്ങൾ നിരന്തരം വനിതകളെ അപമാനിച്ചുകെ‍ാണ്ടിരിക്കുന്നതു കേട്ടിരിക്കാനുള്ളതല്ല. ഇപ്പോൾ വടകരയിൽ കേട്ടതുപോലെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആത്മപരിശോധനയിലേക്കും സ്വയംതിരുത്തലിലേക്കും നമ്മളെ കൊണ്ടുപോകേണ്ടതുണ്ട്. ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ നടത്താനും അതു കേട്ടു കയ്യടിക്കാനും ആരും തയാറാവാത്ത കാലത്തേ ഈ നാടിന് പരിഷ്കൃതമെന്ന പദവി കൈവരൂ. 

ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ മുദ്രാമുഖമായ പുതിയ വനിതയെ സമൂഹം എത്രത്തോളം തിരിച്ചറിയുന്നുണ്ട് എന്ന പ്രധാന ചോദ്യത്തിനും ഇതോടൊപ്പം നാം മറുപടി കണ്ടെത്തേണ്ടതുണ്ട്. സ്ത്രീകൾക്കുനേരെ മോശമായി സംസാരിക്കുന്നവരും അമാന്യമായി പെരുമാറുന്നവരും രാഷ്ട്രീയക്കാർ മാത്രമല്ലല്ലോ. അവരെ സമൂഹത്തിൽ എല്ലായിടത്തും കാണാം. സ്ത്രീകളോടു മാന്യമായി പെരുമാറാത്ത സമൂഹത്തെ പരിഷ്കൃത സമൂഹമായി പരിഗണിക്കാൻ തനിക്കു കഴിയില്ലെന്നു പറഞ്ഞതു മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയാണ്. 

വനിതാ സംവരണത്തിനും അവകാശപ്രഖ്യാപനങ്ങൾക്കുമൊക്കെ അപ്പുറത്തു വനിതകൾക്ക് അർഹിക്കുന്ന ആദരം നൽകുമ്പോഴാണ് പെ‍ാതുസമൂഹം പക്വത നേടുക. ഇതിനായി ഓരോ വ്യക്തിയും ആത്മാർഥതയോടെ, പാരസ്പര്യത്തോടെ മനസ്സെ‍ാരുക്കുകയും വേണം.

English Summary:

Editorial about let respect for women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com