ADVERTISEMENT

കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ് കഴിഞ്ഞയാഴ്ച രണ്ടു കാര്യങ്ങൾ പറഞ്ഞു. 75 വയസ്സു കഴിഞ്ഞവരെ ഒരു പാർട്ടിയും അധികാരസ്ഥാനത്ത് ഇരുത്തരുത് എന്നതാണ് ഒന്ന്. ‘ഈ ചെറുപ്പക്കാരനെക്കൊണ്ടു മഹാശല്യമായല്ലോ’ എന്നു വയസ്സായവർ നെറ്റിചുളിക്കുന്നുണ്ടാവും. ഇതുകേട്ടു ചിലരെങ്കിലും ‘നമ്മുടെ ചെറിയാന് എത്ര വയസ്സായി’ എന്നു തപ്പിനോക്കുമെന്നും സപ്തതിയുടെ വാതിൽ തുറക്കാൻ ഇനി ഒരുപടിയേ ബാക്കിയുള്ളൂ എന്നു കണ്ടെത്തി ഞെട്ടുമെന്നും കക്ഷി വിചാരിച്ചിട്ടുണ്ടാവണം. ചെറിയാന് എന്തെങ്കിലും ചെയ്തുകൊടുക്കാൻ അഞ്ചാറു കൊല്ലമേ ബാക്കിയുള്ളൂ എന്ന് ആരെങ്കിലുമൊക്കെ തിരിച്ചറിയാനുള്ള അടവല്ലെന്നാരു കണ്ടു? നേതാവാകാൻ അത്യാവശ്യം വേണ്ട ഗുണങ്ങളുണ്ടെങ്കിലും അവശ്യം വേണ്ട ദോഷങ്ങൾ തനിക്ക് ഇല്ലാത്തതുകൊണ്ടാണ് തഴയപ്പെടുന്നതെന്നൊരു ചിന്ത ചെറിയാനുണ്ടോ എന്നു തിട്ടമില്ല. നായകനെക്കാൾ മെച്ചമായി അഭിനയിച്ചാലും എന്നും സഹനടനായി തുടരാനാണ് ചിലരുടെ തലവര.

ഇടതുമുന്നണിയിൽ ഒഴിവുവരുന്ന രണ്ടു രാജ്യസഭാ സീറ്റുകളിലൊന്ന് കേരള കോൺഗ്രസി(എം)ലെ ജോസ് കെ.മാണിക്കും അടുത്തത് രാഷ്ട്രീയ ജനതാദളിലെ എം.വി.ശ്രേയാംസ് കുമാറിനും കൊടുക്കണമെന്ന പിണറായിക്കുള്ള ഉപദേശമാണ് ചെറിയാൻ രണ്ടാമതു നൽകിയത്. സിപിഎമ്മിനൊപ്പം നിന്നകാലത്ത് രണ്ടുവട്ടം ചെറിയാനെ രാജ്യസഭാ സീറ്റിനായി പരിഗണിച്ചെന്നു കേട്ടിട്ടുണ്ട്. ഒരു വട്ടമെങ്കിലും കിട്ടുന്നതാണ് രണ്ടുവട്ടം പരിഗണിക്കുന്നതിനെക്കാൾ നല്ലതെന്നു കക്ഷിക്കു ബുദ്ധി തെളിഞ്ഞതു പിന്നീടാണെന്നു മാത്രം. ചെറിയാൻ പറയുന്നതുകേട്ട് ‘രാജ്യസഭാ സീറ്റ് അവകാശമാണെന്നു’ വിജൃംഭിച്ചു നിൽക്കാനൊന്നും ജോസ് തുനിയരുതെന്നേ ഉപദേശിക്കാനുള്ളൂ. രണ്ടില വിരിച്ച് ക്ഷമയോടെ ഇരിക്കുക. വിളമ്പുന്നത് ഇനി ഭരണപരിഷ്കാര കമ്മിഷൻ പദവിയാണെങ്കിലും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക. പാലായിൽ നവകേരള സദസ്സിൽ പിണറായിക്കു മുന്നിൽ കാട്ടിയ വിനയം ഒട്ടും കുറയാതെ മുഖത്തും തുടരുക.

‘സിപിഎമ്മിന്റെ അരക്കില്ലത്തിൽ ഇനിയും വെന്തുരുകരുത്’ എന്നു കോൺഗ്രസിന്റെ മുഖപത്രം ഇളക്കാൻ നോക്കിയെന്നിരിക്കും. ഇളകരുത്. ‘മാണി എന്ന മാരണം’ എന്നായിരുന്നു മാണിസാർ ജീവിച്ചിരുന്ന കാലത്ത് വീക്ഷണത്തിന്റെ തലക്കെട്ട് എന്നോർക്കണം. ‘യുഡിഎഫ് ഇനി നൂറുവട്ടം തോറ്റാലും മാണിയെ തിരിച്ചുവിളിച്ചുള്ള രാഷ്ട്രീയ പുനഃസംഗമത്തിനു കോൺഗ്രസ് തയാറാകരുത് ’ എന്നും എഴുതിയിട്ടുണ്ട്. അതു പ്രസിദ്ധീകരിച്ച് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ‘താൽക്കാലിക സമദൂരം’ വിട്ട് രാജ്യസഭാ സീറ്റിന്റെ പാലം വഴി മാണി തിരിച്ച് യുഡിഎഫിൽ കയറിയിട്ടുമുണ്ട്. 

അല്ലെങ്കിൽത്തന്നെ വിരോധമുള്ളവർക്കിട്ടു മുഖമടച്ച് അടി കൊടുക്കാനാണ് ‘മുഖപത്രം’. കൂടിവന്നാൽ പത്രത്തിലേതു പാർട്ടി നയമല്ല എന്നു വിശദീകരിക്കും. ‘യുഡിഎഫിലേക്ക് ആരെയെങ്കിലും ക്ഷണിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’ എന്നു വി.ഡി.സതീശൻ പറഞ്ഞതും അങ്ങനെ കണ്ടാൽ മതി. കടം വാങ്ങിയവന്റെ വീട്ടിൽ ആളെ വിട്ട് തെറി പറയിച്ചിട്ടു ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നിൽക്കുന്ന ബ്ലേഡുകാരില്ലേ; സംഭവം അതുതന്നെ. എന്തായാലും കോൺഗ്രസും തദ്വാരാ മുഖപത്രവും ക്ഷീണിച്ചെങ്കിലും വീക്ഷണത്തിന്റെ എഴുത്തിനു ക്ഷീണമില്ല എന്നതു ചെറിയനേട്ടമല്ല.

സിപിഐക്കു രാജ്യസഭാ സീറ്റ് തിരികെക്കിട്ടാൻ ചില കടുത്തപ്രയോഗങ്ങൾ വേണ്ടിവരുമെന്നു ബിനോയ് വിശ്വത്തിന് ഉറപ്പാണെന്നു തോന്നുന്നു. പിണറായി വിജയൻ വിദേശത്തുനിന്നു തിരിച്ചെത്തുന്നതിനു തൊട്ടുമുൻപു രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സയ്ക്കു ബിനോയ് കയറിയിട്ടുണ്ട്. വെറും കയ്യോടെ മുന്നിൽ ചെന്നുപെട്ടാലുള്ള അപകടം ഒഴിവാക്കിയതു ബുദ്ധിയായി. ചില മർമങ്ങളും അറ്റ കൈക്കു പ്രയോഗിക്കേണ്ട തിരുമ്മും പഠിക്കാ‍ൻ ഈ സമയം പ്രയോജനപ്പെടുത്തുമെന്നു കരുതണം. 

കളരിപ്പയറ്റിനും തിരുമ്മുവിദ്യയ്ക്കും പേരു കേട്ടതാണ് കോട്ടയം കറുകച്ചാലിനടുത്തുള്ള ചമ്പക്കര. ആ പ്രദേശത്തുനിന്നായിരുന്നു കാനം രാജേന്ദ്രന്റെ വരവ്. സിപിഎമ്മിനു മുന്നിൽ പയറ്റിന്റെ വീറും തിരുമ്മലിന്റെ വിനയവും തരംപോലെ മാറി മാറി പ്രയോഗിച്ചാണ് തന്റെയും പാർട്ടിയുടെയും തണ്ടും തടിയും കാനം സംരക്ഷിച്ചുപോന്നത്. വിനയത്തിൽ ബിനോയ്‌ ആരുടെയെങ്കിലും പിന്നിലാണെന്നു ശത്രുക്കൾ പോലും പറയില്ല. വീറിന്റെ കാര്യത്തിൽ അത്ര ഉറപ്പില്ല. ചികിത്സ കഴിഞ്ഞിറങ്ങട്ടെ. തിരഞ്ഞെടുപ്പുഫലവും വരട്ടെ. അപ്പോൾ തീരുമാനമാകും

കുഴിനഖക്ഷതങ്ങൾ

നഖങ്ങൾക്കും നഖക്ഷതങ്ങൾക്കും കാൽപനിക ഭംഗിയുണ്ടായിരുന്ന കാലമൊക്കെ പോയ്മറഞ്ഞു. ഇതു കുഴിനഖക്കാലമാണ്.

‘ പൂർണേന്ദുമുഖിയോട് അമ്പലത്തിൽവച്ചു പൂജിച്ച

ചന്ദനം ഞാൻ ചോദിച്ചു, കൺമണിയതു കേട്ടു

നാണിച്ചു നാണിച്ചു കാൽനഖം കൊണ്ടൊരു വര വരച്ചു ’

എന്ന് ഇക്കാലത്താണു ജീവിച്ചിരുന്നതെങ്കിൽ പി.ഭാസ്കരന് എഴുതാൻ കഴിയുമായിരുന്നോ എന്നും സംശയം. കൺമണി വരയ്ക്കുന്നതു കുഴിനഖം കൊണ്ടാണെന്നു കവിക്കു തോന്നിപ്പോയാൽ ആദ്യം റൊമാൻസും പിന്നാലെ പാട്ടും പോയ വഴി കാണില്ല.

നഖക്ഷതം കുഴിനഖക്ഷതമാക്കി അധഃപതിപ്പിച്ചതിൽ പ്രതി തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജാണ്. സർക്കാരാശുപത്രി ഒപിയിൽ തിരക്കിട്ടു രോഗികളെ നോക്കിക്കൊണ്ടിരുന്ന ഡോക്ടറെ പെട്ടെന്നൊരാവേശത്തിൽ കലക്ടർ വിളിച്ചു വരുത്തി തന്റെ കുഴിനഖം ചികിത്സിച്ചുകളഞ്ഞു. വേദനകൊണ്ട് സമനില തെറ്റിയതാവാനേ വഴിയുള്ളൂ. തലവേദന, പല്ലുവേദന എന്നിവപോലെ കുഴിനഖവേദനയും സഹിക്കാൻ എളുപ്പമല്ല. ഗൺമാനും പൊലീസും പൈലറ്റുമായി പോകും വഴി കലക്ടർ വേദനകൊണ്ടു കണ്ണീരൊലിപ്പിച്ചാൽ നാടിനാണു നാണക്കേട്. പക്ഷേ, ചികിത്സ കഴിഞ്ഞതോടെ ഡോക്ടർമാരുടെ പ്രതിഷേധമായി, തെളിവെടുപ്പായി. ‘വിളിക്കൂ, ഡോക്ടർ വീട്ടിലെത്തും’ എന്ന പരസ്യം വച്ച് വണ്ടികൾ നാടെങ്ങും പായുന്ന നാട്ടിൽ കലക്ടർ ഇത്തരമൊരു കുഴിത്തുരുമ്പു പരിപാടിക്കു പോകേണ്ടതുണ്ടായിരുന്നോ എന്നേയുള്ളൂ സംശയം.

‘ചുണ്ണാമ്പും ഗുളവും കൂടി ചാലിച്ചിട്ടു പുരട്ടുകിൽ

മാറും കുഴിനഖം പാടേ പലവട്ടം പുരട്ടണം ’

എന്നു പണ്ടു വായിച്ചതോർക്കുന്നു. ഗുളം എന്നാൽ പാവം ശർക്കരയാണ്. മരുന്നിന്റെ കൂട്ട് നിസ്സാരമല്ല. സാക്ഷാൽ സുർക്കിയാണ്. പി.ജെ.ജോസഫ് പേടിച്ചാണു കഴിയുന്നതെങ്കിലും മറ്റു മലയാളികൾ സമാധാനത്തോടെ ഉറങ്ങുന്നത് മുല്ലപ്പെരിയാർ കെട്ടാൻ ഉപയോഗിച്ച സുർക്കിയുടെ ബലത്തിൽ വിശ്വസിച്ചാണ്. ഡാം കീഴടങ്ങിയ സ്ഥിതിക്കു കുഴിനഖവും അടങ്ങിക്കൂടായ്കയില്ല. സൈഡ് ഇഫക്ടില്ല. കലക്ടർക്ക് അടുത്തവട്ടം ധൈര്യമായി പരീക്ഷിക്കാം.‍ ഡോക്ടർമാർ പൊറുത്താലും കുഴിനഖം പെട്ടെന്നു പൊറുക്കണമെന്നില്ല.

ചിന്തയില്ലാതിരുന്നാൽ...

‘‘..... രണ്ടാം ദിവസം രാവിലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സമരത്തിനുള്ള എല്ലാ ഏർപ്പാടും കൃത്യമായി ചെയ്ത സിപിഎം അനിശ്ചിത കാലത്തേക്കു സെക്രട്ടേറിയറ്റ് വളയാൻ വന്ന പ്രവർത്തകർക്കു പ്രഭാതകൃത്യങ്ങൾക്കു സൗകര്യമൊരുക്കാൻ മറന്നു. പ്രകൃതിയുടെ വിളിയിൽ അസ്വസ്ഥരായ പ്രവർത്തകർ സെക്രട്ടേറിയറ്റിനു ചുറ്റുമുള്ള വഴികളിലും ഇടവഴികളിലും ഉഴറിനടന്നു. അവരുടെ പരാക്രമം കണ്ട് ജനം ശുണ്ഠിയെടുത്തു.’

സോളർ വിഷയത്തിൽ തന്റെ രാജി ആവശ്യപ്പെട്ടു വന്ന സിപിഎം പ്രവർത്തകരെ ആത്മകഥയിൽ അനുതാപത്തോടെ ഉമ്മൻ ചാണ്ടി ഓർക്കുന്നത് ഇങ്ങനെയാണ്.. സോളറിൽ ഉമ്മൻ ചാണ്ടി പറഞ്ഞതെല്ലാമാണു സത്യമെന്നു നീതിപീഠങ്ങൾ അടക്കം ശരിവച്ച സ്ഥിതിക്ക് ഇതും സത്യമാകാതെ വയ്യ. സമരം എന്തുകൊണ്ടു തീർന്നു എന്നു വ്യക്തം. പ്രവർത്തകരുടെ വീർപ്പുമുട്ടൽ മാറണം. സമരം ഒത്തുതീരാൻ ആരെ ആരു വിളിച്ചു എന്നതൊന്നും വിഷയമല്ല. ഒത്തുതീർപ്പു വഴി നടന്നതു മഹത്തായ മനുഷ്യാവകാശ സംരക്ഷണമാണ്. ചിന്തിക്കാതെ എടുത്തുചാടി ഓരോന്നു ചെയ്താൽ ഇത്തരം അപകടം പറ്റും. വെറുതേയല്ല സമരത്തിന്റെ അടുത്ത കൊല്ലം തന്നെ ‘ജഹാം സോച് വഹാം ശൗചാലയ്’ (എവിടെ ചിന്തിക്കുന്നുവോ അവിടെ ശുചിമുറിയുണ്ട്) എന്നു പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് മിഷനു തുടക്കമിട്ടത്.

സ്റ്റോപ് പ്രസ്

വിപ്ലവം ജയിക്കട്ടെ എന്നു മുദ്രാവാക്യം വിളിച്ചിട്ട് ജയിച്ചോ എന്ന് എം.വി.ഗോവിന്ദന്റെ ചോദ്യം. 

ഇല്ലേ സഖാവേ..?

English Summary:

Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com