ADVERTISEMENT

ബെംഗളൂരുവിലെ യുവസംരംഭകയും പ്രഭാഷകയുമായ അദിതി ചോപ്ര കഴിഞ്ഞ ദിവസം എക്സിൽ (പഴയ ട്വിറ്റർ) പോസ്റ്റ് ചെയ്ത അനുഭവമിങ്ങനെ:

‘‘ഓഫിസിൽ തിരക്കിലിരിക്കുമ്പോഴാണ്, അൽപം പ്രായമായ ഒരാൾ ഫോണിൽ വിളിച്ചത്. അദ്ദേഹം പറഞ്ഞു, ‘മോളേ, മോളുടെ അച്ഛനു കുറച്ചു പൈസ അയയ്ക്കാനുണ്ട്. പക്ഷേ, അച്ഛന്റെ അക്കൗണ്ടിലേക്കു പണം പോകുന്നില്ല. അച്ഛൻ പറഞ്ഞു, മോളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ. മോളുടെ യുപിഐ നമ്പർ ഇതുതന്നെയല്ലേ എന്നു നോക്കാമോ?.’ ഇതുപറഞ്ഞ് അദ്ദേഹം എന്റെ നമ്പർ ഉറക്കെ വായിക്കുന്നു. സംഗതി ശരിയാണ്.

ഇതേസമയംതന്നെ എന്റെ ഫോണിൽ എസ്എംഎസ് എത്തുന്നു. ബാങ്ക് അക്കൗണ്ടിൽ പൈസ ക്രെഡിറ്റാകുമ്പോൾ കിട്ടുന്ന എസ്എംഎസിന്റെ അതേ മാതൃകയിലുള്ളതാണ്. ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും അക്കൗണ്ടിൽ എത്തിയതായാണു സന്ദേശം. ഈ സമയമെല്ലാം മറ്റേ ‘അങ്കിൾ’ കോളിലുണ്ട്. പെട്ടെന്ന് അങ്കിളിന്റെ ശബ്ദം പതറി, എന്നിട്ട് ഇങ്ങനെ പറഞ്ഞു: ‘അയ്യോ മോളേ, 3,000 രൂപ ആയിരുന്നു തരേണ്ടത്. അറിയാതെ കൂടുതൽ പൈസ അയച്ചുപോയി. ബാക്കി പൈസ പെട്ടെന്നു തിരിച്ചയയ്ക്കാമോ, ഞാൻ ഡോക്ടറുടെ അടുത്തു നിൽക്കുകയാണ്, അദ്ദേഹത്തിന് ഇപ്പോൾ പൈസ കൊടുക്കണം’.

പണത്തിന്റെ കാര്യത്തിൽ എന്റെ അച്ഛന്റെ ശ്രദ്ധ എനിക്കു നന്നായറിയാം. 1000 രൂപയുടെ കാര്യമാണെങ്കിൽപോലും അദ്ദേഹം അതീവജാഗ്രത പാലിക്കും. ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹം എന്നെ ഉറപ്പായും വിളിച്ചുപറയാതിരിക്കില്ല. അതുകൊണ്ടുതന്നെ പണം തിരിച്ചയയ്ക്കാൻ ഞാൻ തയാറായില്ല. പകരം, ആദ്യം എനിക്കു വന്ന എസ്എംഎസുകൾ പരിശോധിച്ചു. 10 അക്ക നമ്പറിൽനിന്നാണു മെസേജ് വന്നത്. അക്കൗണ്ടിൽ പണം വരുമ്പോൾ ബാങ്കുകളിൽനിന്ന് എസ്എംഎസ് വരുന്നത് കമ്പനി ഐഡിയിൽനിന്നാണല്ലോ, നമ്പറിൽനിന്നല്ലല്ലോ. ഇത് ആരുടെയോ നമ്പറിൽനിന്നുള്ളതാണ്.

പിന്നാലെ, എന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. അതിൽ ഒരു പൈസയും വന്നിട്ടില്ല. ഇങ്ങോട്ടു വിളിച്ച അങ്കിളിന്റെ നമ്പറിൽ ഒരു മിനിറ്റിനുള്ളിൽ തിരിച്ചുവിളിച്ചപ്പോൾ കോളെടുക്കുന്നില്ലെന്നു മാത്രമല്ല എന്റെ നമ്പർ ബ്ലോക്കും ചെയ്തിരിക്കുന്നു. അങ്കിളിനു കാര്യം മനസ്സിലായി. അദ്ദേഹം അടുത്ത ഇരയെത്തേടി പോയിക്കഴിഞ്ഞു!’’

അദിതി ചോപ്രയുടെ ഈ പോസ്റ്റിൽ നൂറുകണക്കിനു പേരാണു കമന്റ് ചെയ്തിട്ടുള്ളത്. പലരും സമാനമായ തട്ടിപ്പിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അച്ഛന്റെ പേരിൽ മക്കളെയും ഭർത്താവിന്റെ പേരു പറഞ്ഞു ഭാര്യയെയും ഇത്തരത്തിൽ വിളിച്ചതായുള്ള ഒട്ടേറെ കഥകൾ. ഇതു പതിവു തട്ടിപ്പുരീതിയാണെന്നർഥം! Over payment scam അല്ലെങ്കിൽ Refund scam എന്നാണ് ഈ തട്ടിപ്പുരീതി അറിയപ്പെടുന്നത്. ഇന്റർനെറ്റിൽ സേർച് ചെയ്താൽ ഇതെക്കുറിച്ച് വിക്കിപീഡിയ പേജ് പോലുമുണ്ട്.

അദിതിയുടെ പോസ്റ്റിൽനിന്നു മനസ്സിലാക്കാവുന്ന കുറെ കാര്യങ്ങളുണ്ട്:

1. നിങ്ങളുടെ ഫോൺ നമ്പർ തട്ടിപ്പുകാരുടെ പക്കലുണ്ട്.

2. നിങ്ങളുടെ പേരും നിങ്ങളുടെ അച്ഛന്റെ പേരും വരെ അവർക്കറിയാം.

3. നിങ്ങൾ ആരാണെന്നു മനസ്സിലാക്കി നിങ്ങൾക്കു ചേരുന്ന രീതിയിലാണ് അഭിസംബോധന ചെയ്യുന്നതു പോലും. (അദിതിയെ വിളിക്കുന്ന മുതിർന്ന അങ്കിൾ അച്ഛന്റെ സുഹൃത്താണ്, അതുകൊണ്ട് മോളേ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അദിതിയുടെ പോസ്റ്റിൽ കമന്റ് ചെയ്ത ടെക് സംരംഭകനായ പ്രവീൺ തിവാരി പങ്കുവയ്ക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയെ സമാനരീതിയിൽ തട്ടിപ്പുകാരൻ വിളിച്ചതിനെക്കുറിച്ചാണ്. തട്ടിപ്പുകാരൻ അവരെ മാഡം എന്നാണു വിളിക്കുന്നത്.)

ഇതിനർഥം, നമ്മളെ നേരിട്ട് അറിയാവുന്ന ആരെങ്കിലുമാണ് ഈ തട്ടിപ്പു നടത്താൻ ശ്രമിക്കുന്നത് എന്നല്ല. സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും നമ്മൾ പങ്കുവയ്ക്കുന്ന വിവരങ്ങളിൽനിന്ന് അപരിചിതരായ തട്ടിപ്പുകാർ നമ്മളെക്കുറിച്ചുള്ള ഒരു ചിത്രം തയാറാക്കി ഇറങ്ങിത്തിരിക്കുകയാണ്.

ഇരയുടെ വിശ്വാസം പിടിച്ചുപറ്റി നടത്തുന്ന മനഃശാസ്ത്രപരമായ ഗെയിമാണ് ഈ തട്ടിപ്പെന്നു പ്രവീൺ തിവാരി എഴുതുന്നു. അദിതിയുടെയും പ്രവീണിന്റെ ഭാര്യയുടെയും കാര്യത്തിൽ ഈ മനഃശാസ്ത്ര സമീപനം വിജയിച്ചില്ല. പക്ഷേ, തട്ടിപ്പു പറ്റിയവർ ആ കമന്റുകളിൽത്തന്നെ അനുഭവം പറയുന്നുണ്ട്. നമുക്കാർക്കും പറ്റിപ്പോകാമെന്നർഥം!

ഇത്തരം കോളുകൾ വരുമ്പോൾ ശ്രദ്ധിക്കുക:

∙ പരിചയമുള്ള നമ്പറോ ആളോ അല്ലെന്നു തോന്നിയാൽ സംസാരം അവസാനിപ്പിക്കുക.

∙ വിളിക്കുന്നവർ വലിയ തിരക്കും അടിയന്തര ആവശ്യവുമുണ്ടെന്നു തോന്നിപ്പിക്കും. അദിതിയെ വിളിച്ച അങ്കിൾ ‘ഡോക്ടർക്ക് ഇപ്പോൾ പണം കൊടുക്കണം, പെട്ടെന്ന് അയയ്ക്കൂ’ എന്നാണല്ലോ പറയുന്നത്.

∙ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവയ്ക്കരുത്.

∙ ബാങ്കുകളിൽനിന്നെന്ന പേരിൽ വരുന്ന മെസേജുകൾ ബാങ്കിന്റെ യഥാർഥ കോ‍ർപറേറ്റ് ഐഡിയിൽനിന്നു തന്നെയാണെന്ന് ഉറപ്പുവരുത്തുക.

∙ ഒരു ബാങ്കും ഒടിപി ചോദിച്ചു നമ്മളെ വിളിക്കില്ല.

∙ പരിചിതമല്ലാത്ത ലിങ്കുകൾ ഓപ്പൺ ചെയ്യുകയോ അതിൽ നമ്മുടെ വ്യക്തിവിവരങ്ങൾ നൽകുകയോ ചെയ്യരുത്.

ശ്രദ്ധിച്ചില്ലെങ്കിൽ അങ്കിളുമാർ നമ്മുടെ പണം കൂൾ കൂളായി തട്ടിക്കൊണ്ടുപോകും!

English Summary:

Vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com