Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയിലെ താപ്പാന !

വിനോദ് നായർ
Author Details
coffee-break Illustration: Ajo Kaitharam

ദൈവം വണ്ടിയിൽ നിന്നു വീണെന്നു തോന്നുന്നു !
രോഹിതിന്റെ ഡയലോഗ്. ഉണ്ണിക്കു കലി വന്നു.. ദൈവത്തെ വിട്ടേക്കൂ, പണികിട്ടുമേ.. !
രോഹിതും ഉണ്ണിയും നോബിളും ഒരു ഒഴിവുദിവസം പുല്ലുമേട്ടിലെ ഫോറസ്റ്റ് റോഡിലൂടെ ചുമ്മാ ഡ്രൈവ് ചെയ്യുകയായിരുന്നു. റോഡരികിൽ ഒരു അരുവി കണ്ട് കാർ നിർത്തിയതാണ്. അടുത്തുള്ള കുറ്റിക്കാട്ടിൽ എന്തോ തിളങ്ങുന്നു. രോഹിതാണ് എടുത്തത്. സ്വർണ നിറമുള്ള കുഞ്ഞുവിഗ്രഹമായിരുന്നു അത്. തിരുപ്പതി വെങ്കിടാചലപതിയുടെ വിഗ്രഹം !
ശബരിമല തീർഥാടകർ വരുന്ന റൂട്ടാണ്. ആന്ധ്രയിൽ നിന്നുള്ള കാറുകളുടെ ഡാഷ് ബോർഡിലും മറ്റും ഇത്തരം പൂജാവിഗ്രഹങ്ങൾ കാണാറുണ്ട്. ഏതെങ്കിലും വണ്ടിയിൽ നിന്നു വീണതാണോ, അതോ ആരെങ്കിലും ഉപേക്ഷിച്ചതോ. ! വിഗ്രഹത്തിനു നേരെ കൈ നീട്ടിയ ഉണ്ണി പെട്ടെന്നു കൈ വലിച്ചു... അയ്യോ.. എനിക്ക് വേണ്ട.. വിഗ്രഹത്തിനു പിന്നിൽ സ്വർണ നിറമുള്ള ഒരു കടലാസ് ചുരുട്ടി വച്ചിട്ടുണ്ടായിരുന്നു. അതിൽ തെലുങ്കിൽ എന്തോ കുനുകുനെ എഴുതിയിട്ടുണ്ട്.
ഉണ്ണി പറഞ്ഞു.. കണ്ടിട്ട് എന്തോ കൂടോത്രം പോലെയുണ്ട്..
രോഹിതിനു ദേഷ്യം വന്നു... എനിക്ക് ഒരു കൂടോത്രത്തിലും വിശ്വാസമില്ല.

ഇല്ലേ.. ? എങ്കിൽ നീ തന്നെ ഇതു സൂക്ഷിച്ചോ... എനിക്കു പേടിയുണ്ട്..
ഇനിയുള്ളത് നോബിളാണ്. അവനും പറഞ്ഞു.. കാര്യം ഞാനൊരു ക്രിസ്ത്യാനിയാ.. എന്നാലും ആ കടലാസിലെ എഴുത്ത് കാണുമ്പോൾ ഒരു കൺഫൂ..റോഡിൽ ഇങ്ങനെ ഉപേക്ഷിക്കുന്ന വസ്തുക്കൾക്ക് എന്തോ കുഴപ്പമുണ്ടെന്നു നോബിളും കേട്ടിട്ടുണ്ട്. രോഗം വരുമ്പോൾ ചിലർ ആ രോഗത്തിന്റെ പേരും പ്രാർഥനയും ഒരു കടലാസിൽ എഴുതി ഒരു കാശുരൂപത്തൊടൊപ്പം പൊതിഞ്ഞ് റോഡിൽ ഇടും. അത് ആര് എടുക്കുന്നോ അയാൾക്ക് ആ രോഗം വന്നോളുമെന്നാണ് വിശ്വാസം. റോഡിൽ കിടന്ന് നോട്ടുകളും മോതിരവുമൊക്കെ കിട്ടാറില്ലേ. വലിയ കടമൊക്കെ വരുമ്പോൾ കൂടോത്രം ചെയ്ത് ഇടുന്നതാണ്. ഏതെങ്കിലും പാവപ്പെട്ടവൻ അതെടുക്കും. അവൻ പാപ്പരാകും. പേടി മാറ്റാനും പ്രേതങ്ങളെ ഒഴിപ്പിക്കാനുമൊക്കെ ആളുകൾ ഇങ്ങനെ ചെയ്യാറുണ്ട്.
രോഹിതിന് കൂട്ടുകാരെ ചീത്തവിളിക്കാൻ തോന്നി... അവൻ പറഞ്ഞു... ആന്ധ്രക്കാർ അന്ധവിശ്വാസികളല്ല. മലയാളികളെപ്പോലെ ഉഡായ്പ്പുമില്ല.
എന്നാലും വിഗ്രഹമൊക്കെ ആയതു കൊണ്ട് കിട്ടിയ സ്ഥലത്ത് തിരിച്ചു വച്ചാലോ എന്നായി അവന്റെ ആലോചന.

കൈകൊണ്ടു തൊട്ടില്ലേ, ഇനി അതുകൊണ്ടു കാര്യമില്ലെന്നായി കൂട്ടുകാർ.
വിഗ്രഹത്തിന്റെ കൂടെയുള്ള ആ കത്തിൽ തെലുങ്കിൽ എഴുതിയിരിക്കുന്നത് എന്താണെന്നറിയണം. ആന്ധ്രയിൽ നിന്ന് അയ്യപ്പന്മാരുമായി വരുന്ന ചില ടാക്സി ഡ്രൈവർമാരെ സോപ്പിട്ടു നോക്കി. വിഗ്രഹം എന്നു കേൾക്കുമ്പോൾ ഒരാളും അടുക്കുന്നേയില്ല. ഒരുത്തൻ തൊഴുതിട്ട് 100 രൂപയും ഇട്ടു! തിരുമലേശ്വരാ.. നന്നു കാപ്പാടു..
രോഹിതിന് ടെൻഷനായി. എന്തു പ്രാർഥിച്ചിട്ടാണോ ആവോ ആ തെലുങ്കൻ പൈസ ഇട്ടത് !
ശബരിമല സീസൺ ആണ്. പമ്പയിൽ എത്തിയാൽ തെലുങ്ക് പറയുന്ന ഡ്രൈവർമാരെ കലുങ്കു തോറും കാണാം. അങ്ങനെ അവർ പമ്പയ്ക്കു വണ്ടിവിട്ടു.


ഉച്ചയ്ക്ക് കഴിക്കാൻ നോബിളിന്റെ മമ്മി ചിക്കൻ ഫ്രൈയും ചപ്പാത്തിയും കൊടുത്തു വിട്ടിരുന്നു. ഉണ്ണി അതൊക്കെ കാറിൽ നിന്ന് എടുത്തു കളഞ്ഞു. ദൈവം ഇരിക്കുന്നിടത്ത് നോൺവെജ് പാടില്ല.
പമ്പയിൽ വച്ച് ഒരു ആന്ധ്രക്കാരൻ ഡ്രൈവറെ കണ്ടുപിടിച്ചു. വിഗ്രഹത്തിന്റെ കൂടെയുള്ള എഴുത്ത് വായിച്ചു നോക്കിയിട്ട് അയാൾ പറഞ്ഞു. ഇത് ഏറ്റെടുക്കുന്നത് റിസ്കുള്ള കാര്യമാണ്. എങ്കിലും ഞാൻ ചെയ്യാം. ചുമ്മാതെ പറ്റില്ല. ചെലവു വരും.
എത്ര വേണം ? അധികമൊന്നും വേണ്ട. ഹൈദരാബാദിൽ നിന്ന് പമ്പ വരെയുള്ള ടാക്സി ചാർജ് തന്നാൽ മതി. വലിയ തുകയാണ്. രോഹിത് ഞെട്ടി. കുറെ പ്ളീസ് പറഞ്ഞപ്പോൾ അയാൾ ആയിരം രൂപ കുറയ്ക്കാൻ സമ്മതിച്ചു. പൈസ ആദ്യം വാങ്ങി. എന്നിട്ടേ തെലുങ്കൻ വിഗ്രഹം കൈകൊണ്ടു തൊട്ടുള്ളൂ.

വലിയൊരു അപകടം പമ്പ കടന്ന സന്തോഷത്തിൽ പമ്പയിൽ ഒരു കുളിയൊക്കെ കഴിഞ്ഞ് മൂന്നു കൂട്ടുകാരും തിരിച്ചു ഡ്രൈവ് ചെയ്തു. തെലുങ്കൻ ആ കത്ത് ഒന്നു കൂടി വായിച്ചു നോക്കി.
ആന്ധ്രയിൽ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ട ഒരച്ഛന് നാലാംക്ളാസിൽ പഠിക്കുന്ന മകൾ ആരും കാണാതെ എഴുതിക്കൊടുത്ത കത്താണ്. പാപ്പാ, വെള്ളിരാ ശെയ്‌വാംഗാ, നൊവുവൊചിനാക നീ കോശം, നേനു ലെഡ്ഡൂ ചെയ്സ്താനു..
പാപ്പാ.. സന്തോഷമായി പോയിട്ടു വാ.. തിരിച്ചു വരുമ്പോ ഞാൻ നല്ല സ്വീറ്റ് ലഡ്ഡു ഉണ്ടാക്കിത്തരാം.. മലയാളികളെ ഇത്ര സിംപിളായി പറ്റിച്ചല്ലോ എന്നോർത്ത് ആ തെലുങ്കൻ ഡ്രൈവർ അടുത്ത കവലയിലെ ശരവണഭവന്റെ മുന്നിൽ വണ്ടി നിർത്തി.

Your Rating: