Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മ നിറഞ്ഞ ഡ്രൈവറേ,ഞങ്ങളെ നയിക്കേണമേ..!

വിനോദ് നായർ
Author Details
bike Illustration: Ajo Kaitharam

വിജയനും ഭാര്യ ശ്രീദേവിയും രണ്ടു പെൺമക്കളും പണ്ടൊരിക്കൽ രാത്രിയിൽ ബൈക്കിൽ വരുമ്പോൾ കല്ലമ്പലത്തു വച്ച് കാഴ്ച പോയി ! പേടിച്ചു പോയി നാലുപേരും ! കല്ലമ്പലം അന്നു വ്യാജവാറ്റിന്റെ കേന്ദ്രമാണ്. രണ്ടുമിനിറ്റു കഴിഞ്ഞാണ് കാര്യം പിടികിട്ടിയത്. ബൈക്കിന്റെ ഹെഡ് ലൈറ്റ് പോയതാണ്. നല്ല കണ്ടിഷൻ യെസ്ഡിയായിരുന്നു വിജയന്റേത്. ഒറ്റ കിക്കിന് ഠ..ഠ..ഠ..ഠ് എന്ന് സ്റ്റാർട്ട് ആകുന്ന ബൈക്കായിരുന്നു. അവനാണ് ചതിച്ചത്.
വിജയൻ ചെറിയ സ്പാനറെടുത്ത് അറിയാവുന്ന മെക്കാനിസം ഒക്കെ നോക്കി. അതോടെ ഹോണും പോയിക്കിട്ടി.

അന്ന് റോഡിൽ ഇന്നത്തെ അത്ര വണ്ടികളും ലൈറ്റുമൊന്നുമില്ല. കള്ളന്മാരുടെ ശല്യമുള്ള കാലം. അവർ പോത്തിൻ കാല് ഫിറ്റ് ചെയ്ത് റോഡിനു നടുവിൽ വന്നു നിൽക്കും, ടുവീലറുകാരെ പേടിപ്പിച്ച് പഴ്സും ആഭരണങ്ങളും തട്ടിയെടുക്കാൻ. വിജനമായ റോഡിൽ ഇരുട്ടത്ത് രണ്ടു പെൺ‌മക്കളെയും ചേർത്തു പിടിച്ചു നിന്ന് ശ്രീദേവി കരയാൻ തുടങ്ങി. എന്തു ചെയ്യും, ഈശ്വരാ.. ! എന്തു ചെയ്യും, വിജയേട്ടാ.. ! ശ്രീദേവിയുടെ അമ്മ സീരിയസായി ആലപ്പുഴയിൽ ആശുപത്രിയിലാണ്. വിവരമറിഞ്ഞ് വിജയൻ കുടുംബസമേതം തിരുവനന്തപുരത്തു നിന്ന് ബൈക്കിൽ പുറപ്പെടുകയായിരുന്നു. എന്തായാലും രാത്രിയിൽ ആലപ്പുഴയിൽ എത്തിയേ തീരൂ. കുറെ നേരം നിന്നപ്പോൾ ഒരു ബസ് വരുന്നതു കണ്ടു. യെസ്–ഡി റോഡിൽ വച്ചിട്ട് എല്ലാവരും കൂടി ബസിൽ പോയാലോ എന്നു ശ്രീദേവി ചോദിച്ചപ്പോൾ നോ–ഡീ എന്നായിരുന്നു വിജയന്റെ മറുപടി. ബൈക്ക് വഴിയിൽ വച്ചിട്ടുപോകാൻ വിജയനു മടി, തനിച്ചു ബസിൽ പോകാൻ ശ്രീദേവിക്കും.

അങ്ങനെ ആശയക്കുഴപ്പത്തിൽ നിൽക്കെ, കൈ നീട്ടാതെ തന്നെ ബസ് മുന്നിൽ വന്നു നിന്നു. വഴിക്കടവിനുള്ള കെഎസ്ആർടിസി സൂപ്പറാണ്. ഡ്രൈവർ തലനീട്ടി ചോദിച്ചു.. എന്തു പറ്റി ?‌ എവിടെ പോകാനാണ് ? വിജയൻ കാര്യം പറഞ്ഞു.. ഞങ്ങൾക്ക് ആലപ്പുഴയിൽ പോകാനായിരുന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റ് പോയതുകൊണ്ട് ഓടിക്കാനും വയ്യ. ആകെ പൊല്ലാപ്പായി. സ്ത്രീയെയും കുഞ്ഞുങ്ങളെയുമൊക്കെ പെരുവഴിയിൽ ഇരുട്ടത്ത് നിർത്തിയിട്ടു ബസ് ഓടിച്ചു പോകാനൊരു മടി. ഡ്രൈവർ ആലോചിച്ചു.. ഇവരെ എങ്ങനെ സഹായിക്കും ? അയാൾ വിജയനോടു ചോദിച്ചു.. ഞാൻ‌ വെളിച്ചം തന്നാൽ നിങ്ങൾക്കു ബൈക്ക് ഓടിക്കാമോ?
അതെങ്ങനെ എന്നായി വിജയന്റെ സംശയം.
‍ഡ്രൈവർ പറഞ്ഞു.. ബസിന്റെ ഹെഡ് ലൈറ്റുണ്ടല്ലോ.. തൊട്ടുമുന്നിൽ ഓടിച്ചോ. കണ്ടക്ടറും പ്രോൽസാഹിപ്പിച്ചതോടെ വിജയൻ ബൈക്കെടുത്തു. ബൈക്കിനു പിന്നിൽ വരുന്നത് സൂപ്പർ ഫാസ്റ്റാണ്. ‍ ആക്സിലറേറ്റിൽ ഒന്നു കാലമർത്തിയാൽ അരനിമിഷം കൊണ്ട് ബൈക്ക് പിന്നിലായിപ്പോകും. അന്നാദ്യമായി ഒരു കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ ഒരു കുടുംബത്തെ വിളക്ക് അണയാതെ കൊണ്ടുപോകുന്ന അതേ ശ്രദ്ധയോടെ ആലപ്പുഴ വരെ മെല്ലെ ഓടിച്ചു. ഇടയ്ക്ക് മഴ പെയ്തപ്പോൾ ഡ്രൈവർ ബസ് നിർത്തി. മഴ തോരും വരെ ശ്രീദേവിയെയും കുട്ടികളെയും ബസിൽ കയറ്റി. അവരെങ്കിലും നനയാതിരിക്കട്ടെ..
അങ്ങനെ സംഭവബഹുലമായ യാത്രയ്ക്കൊടുവിൽ ആലപ്പുഴയിലെത്തി.

ബസ് സ്റ്റാൻഡിലെ തട്ടുകടയിൽ ഡ്രൈവറോടൊപ്പം ചൂടുകാപ്പിയും പരിപ്പുവടയും കഴിച്ചു. ചായക്കടയിലെ ബില്ലു ഞാൻ കൊടുക്കാമെന്നു പറഞ്ഞ് വിജയൻ പോക്കറ്റിൽ തപ്പിയപ്പോൾ കിട്ടിയത് മഴ നനഞ്ഞുകുതിർന്ന കുറെ കറൻസി നോട്ടുകൾ. കഥ കേട്ട ചായക്കടക്കാരൻ പറഞ്ഞു... പൈസ വേണ്ട. ഇന്നത്തെ കാപ്പിയും വടയും എന്റെ വക ഫ്രീ. ഇത്രയും നേരം സ്പീഡ് കുറച്ച് ഓടിയതിന്റെ നഷ്ടം ഇനി ഓടിത്തീർക്കണമെന്ന് പറഞ്ഞ് ഡ്രൈവർ ബസിൽ ചാടിക്കയറി.
കണ്ടക്ടർ ചിരിയുടെ ഡബിൾ ബെല്ലടിച്ചു.
വിജയനും കുടുംബത്തിനും ആയിരം കൈകൾ കൊണ്ട് ടാറ്റാ കൊടുത്ത് ഒരു നല്ല ബസ് ആലപ്പുഴ സ്റ്റാൻഡ് വിട്ടു.

Your Rating: